ഫറോക്ക്∙ റെയിൽവേ ഭൂമി ലഭ്യമാകാത്തതിനാൽ ഫറോക്ക് പഴയ പാലത്തിനു ബദലായി ചാലിയാറിൽ ലക്ഷ്യമിട്ട എക്സ്ട്രാഡോസ്ഡ് കേബിൾ പാലം നിർമാണം അനിശ്ചിതത്വത്തിൽ. പുതിയ പാലം നിർമിക്കാൻ കേന്ദ്രാവിഷ്കൃത സേതുബന്ധൻ പദ്ധതിയിൽ 55 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടു രണ്ടര വർഷം പിന്നിട്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമാണം തുടങ്ങാനായില്ല.
പാലത്തിന്റെ ഫറോക്ക് കരയിൽ റെയിൽവേ ഭൂമിയാണ്. അപ്രോച്ച് റോഡ് നിർമാണത്തിന് റെയിൽവേ ഭൂമി ലഭിക്കേണ്ടതുണ്ട്. റെയിൽവേ ഭൂമി പാട്ടത്തിന് എടുക്കാൻ പിഡബ്ല്യുഡി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും തീരുമാനം നീളുകയാണ്.
2023ലാണ് പാലത്തിന് നിർമാണാനുമതി ലഭിച്ചത്. ഒന്നര വർഷം കൊണ്ടു പൂർത്തിയാക്കുക ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി പൊതുമരാമത്ത് വകുപ്പ് ഏറെ മുൻപോട്ടു പോയെങ്കിലും റെയിൽവേ നീക്കം തിരിച്ചടിയായി.
നിലവിലെ പഴയ പാലത്തിന്റെ കിഴക്കു ഭാഗത്തായി ആധുനിക രീതിയിലുള്ള പാലം നിർമിക്കാനായിരുന്നു പദ്ധതി.
നദിയിലെ നീരൊഴുക്കിനും ജല ഗതാഗതത്തിനും തടസ്സമില്ലാതെ 3 സ്പാനുകളോടെ 310 മീറ്റർ നീളത്തിലാണ് പാലത്തിന്റെ രൂപകൽപന. 15 മീറ്റർ വീതിയുണ്ടാകുന്ന പാലത്തിന് ഇരുഭാഗത്തും 150 മീറ്റർ വീതം അനുബന്ധ റോഡും നിർമിക്കും. കേബിൾ ചാൽ ഉൾപ്പെടെ പാലത്തിന്റെ ഇരു ഭാഗത്തും നടപ്പാതയും ലക്ഷ്യമിട്ടു. ഡിപിആർ തയാറാക്കുന്നതിനു പൊതുമരാമത്ത് ബ്രിജസ് വിഭാഗം നേതൃത്വത്തിൽ സാങ്കേതിക പരിശോധനയും സ്ഥാനം നിർണയിക്കാനും മറ്റുമായി ഡിസൈൻ വിഭാഗം ഡ്രോൺ സർവേയും ഉൾപ്പെടെ നടത്തിയിരുന്നു.
മണ്ണു പരിശോധന പൂർത്തിയാക്കി വിശദ പദ്ധതി രേഖയും തയാറാക്കി. ചെറുവണ്ണൂർ കരയിൽ കോർപറേഷൻ ചിൽഡ്രൻസ് പാർക്ക് പരിസരത്ത് അനുബന്ധ റോഡ് എത്തിച്ചേരും വിധത്തിലാണു പാലം വിഭാവനം ചെയ്തത്.
ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഫറോക്കിലെ ഇരുമ്പു പാലത്തിന്റെ ചരിത്ര-ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് ഇതു നിലനിർത്തിയാണു ബദൽ പാലം നിർമിക്കുന്നത്. ബ്രിട്ടിഷ് നിർമിത പഴയപാലത്തിന്റെ അടിഭാഗം തുരുമ്പെടുത്ത് അപകടാവസ്ഥ ഉടലെടുത്തതോടെ ഫറോക്കിൽ പുതിയ പാലം എന്ന ആവശ്യം വീണ്ടും ചർച്ചയായിട്ടുണ്ട്.
പുതിയപാലം നിർമിക്കണം
ബ്രിട്ടിഷുകാരുടെ കാലത്ത് നിർമിച്ച ഫറോക്കിലെ പഴയ ഇരുമ്പു പാലത്തിന് പകരമായി തീരദേശ റോഡിന് കൂടി ഉപകരിക്കുന്ന തരത്തിലുള്ള പുതിയപാലം നിർമിക്കണമെന്നു ബേപ്പൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പാലം നവീകരിക്കാൻ സർക്കാർ കോടികൾ ചെലവഴിച്ചെങ്കിലും പെയ്ന്റ് അടിച്ച് ലൈറ്റ് സ്ഥാപിച്ച പുതു മോടിയാക്കി എന്നല്ലാതെ തുരുമ്പെടുത്ത പാലത്തിന്റെ യഥാർഥ ബലക്ഷയം പരിശോധിക്കാനോ അതിനു പരിഹാരം കാണാനോ ഇതേവരെ മുതിർന്നിട്ടില്ലെന്നും ലീഗ് കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറി എം.കുഞ്ഞാമുട്ടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.കെ.ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അഹമ്മദ് കോയ, പി.കെ.ജാഫർ, വീരാൻ വേങ്ങാട്ട്, മജീദ് അമ്പലക്കണ്ടി, എം.വീരാൻകോയ ഹാജി, ടി.പി.സലീം, സി.വി.ബാവ, സഹീർ നല്ലളം, വി.പി.അബ്ദുൽ ജബ്ബാർ, എം.മുഹമ്മദ്കോയ,എൻ.സി.ഹംസക്കോയ, പി.കെ.അസീസ്, കെ.എം.ഹനീഫ, എം.മൊയ്തീൻ കോയ, വി.പി.ഇബ്രാഹിം, എൻ.കെ.ബിച്ചിക്കോയ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]