അമ്പലപ്പുഴ∙ അഷ്ടമിരോഹിണി നാളിൽ അണിഞ്ഞൊരുങ്ങിയെത്തിയ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അമ്പലപ്പുഴയുടെ വീഥികളെ മറ്റൊരു അമ്പാടിയാക്കി മാറ്റി. അഷ്ടമിരോഹിണി നാളിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സന്നിധിയിൽ വലിയ തിരുവാഭരണം ചാർത്തിയ പൂജകളും ചടങ്ങുകളും ദർശിച്ച് ഭക്ത സഹസ്രങ്ങൾ സായൂജ്യമടഞ്ഞു.
ദീപാരാധനയ്ക്കു ശേഷം ഗരുഡവാഹനം എഴുന്നള്ളത്ത്, അഞ്ചുപൂജ, നവകം, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് ചടങ്ങുകളിലും ഭക്തരുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു. അത്താഴ പൂജയ്ക്കു ശേഷം ഉണ്ണിയപ്പം നിവേദിച്ചു.
പ്രസന്ന പൂജ കഴിഞ്ഞ് നട തുറന്നുപ്പോഴായിരുന്നു കൃഷ്ണ പിറവി.
പാൽപായസ നിവേദ്യത്തിനു സമാനമാണ് അഷ്ടമി രോഹിണി നാളിലെ ഉണ്ണിയപ്പം വഴിപാട്.
80 പറ അരിയുടെ അപ്പം വാർത്തു. നാളെയും 19, 21 തീയതികളിലും അത്താഴപൂജയ്ക്കു ശേഷം നാടകശാലയിൽ അപ്പം വിതരണം ചെയ്യും.ശ്രീവാസുദേവ സഭ ഒരുക്കിയ പിറന്നാൾ സദ്യയിൽ അയ്യായിരത്തിലധികം പേർ ഉണ്ടു.
വാസുദേവ സഭ പ്രസിഡന്റ് അശോക് കുമാർ ദീപം തെളിച്ച് സദ്യ ഉദ്ഘാടനം ചെയ്തു. കണ്ണന്റെ ഗോപികമാർ കാണിക്കവഞ്ചിയും മഞ്ചാടി ഉരുളിയും ദേവനു സമർപ്പിച്ചു.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഉറിയടി ഘോഷയാത്ര ആരംഭിച്ചു.
വിവിധ കേന്ദ്രങ്ങളിലെ ഉറിയടിക്കു ശേഷം ക്ഷേത്ര സന്നിധിയിലും ഉറിയടിച്ചു. വൈകിട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്ര കച്ചേരിമുക്കിൽ നിന്ന് ആരംഭിച്ച് ക്ഷേത്രം റോഡിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ശോഭാ യാത്രയ്ക്കു കച്ചേരിമുക്കിൽ പിന്നണി ഗായിക വൈഗ ലക്ഷ്മി ദീപം തെളിയിച്ചു. മാർഗി അഞ്ജനയും സംഘവും അവതരിപ്പിച്ച കംസോൽപ്പത്തി നങ്ങ്യാർക്കൂത്ത്, മാർഗി അമൃതയുടെ ഉഗ്രസേന ബന്ധനം നങ്ങ്യാർക്കൂത്ത്, മാർഗി വിശിഷ്ഠയും സംഘവും അവതരിപ്പിച്ച മധൂക ശാപം നങ്ങ്യാർക്കൂത്ത്, നരകാസുരവധം കഥകളി, കലാമണ്ഡലം സംഗീതയും സംഘവും അവതരിപ്പിച്ച ശ്രീകൃഷ്ണാവതാരം നങ്ങ്യാർക്കൂത്തും നാടകശാലയെ ധന്യമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]