പാലക്കാട് ∙ കൺനിറയെ ഉണ്ണിക്കണ്ണൻമാരായിരുന്നു, ഗോപികമാരായിരുന്നു… ആ മയിൽപ്പീലിച്ചന്തത്തിൽ കണ്ണന്റെ പിറന്നാൾ അവർ മനം നിറഞ്ഞാസ്വദിച്ചു. ആ കാഴ്ച കൺനിറയെ കണ്ട് നാട് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.
മഞ്ഞപ്പട്ടുടുത്ത്, മയിൽപ്പീലിച്ചാർത്തി, ഓടക്കുഴലേന്തി അങ്ങുമിങ്ങും ഓടിക്കളിച്ചുള്ള ശോഭായാത്ര നാടിനു നൽകിയതു കൃഷ്ണകൃപയുടെ സാഗരം. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടു നടത്തിയ ശോഭായാത്രയിൽ ഒട്ടേറെ കുഞ്ഞുങ്ങൾ ഉണ്ണിക്കണ്ണൻമാരും രാധമാരും ഗോപികമാരുമായി.
ശോഭായാത്ര കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ആർഎസ്എസ് വരിഷ്ഠ പ്രചാരക് എസ്.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ജന്മാഷ്ടമി പോലുള്ള ആഘോഷങ്ങൾ നാടിന് യഥാർഥ ദിശ കാണിച്ചു കൊടുക്കുന്നതാണെന്നും അതിന്റെ സത്ത് ഉൾക്കൊള്ളാൻ ബാല്യത്തെ സജ്ജമാക്കണമെന്നും സേതുമാധവൻ പറഞ്ഞു. ‘ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ’ എന്നതാണ് ബാലഗോകുലത്തിന്റെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷ മുദ്രാവാക്യം.
ഗോകുലപതാക നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ കൈമാറി.
വരദൻ കൃഷ്ണമൂർത്തി അധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ വി.ശ്രീകുമാരൻ സന്ദേശം നൽകി.
ആർഎസ്എസ് വിഭാഗ് കാര്യവാഹ് കെ.സുധീർ, ജില്ലാ സംഘ ചാലക് കെ.പി.രാജേന്ദ്രൻ, എം.രാജേന്ദ്രൻ, നഗർ കാര്യദർശി എസ്.ശിവകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്നു ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച ശോഭായാത്ര നഗരം ചുറ്റി കോട്ടയ്ക്കകം ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെത്തി പ്രസാദ വിതരണത്തോടെ സമാപിച്ചു. ജില്ലയുടെ വിവിധ മേഖലകളിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]