കോട്ടയം∙ വൈക്കത്തെ മണ്ണിന്റെ മണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കമ്യൂണിസത്തിന്. വൈക്കമെന്ന് കേട്ടാൽ ആ മനസ്സ് അഭിമാനപൂരിതമാകും.
കമ്യൂണിസം ശ്വസിക്കുകയും ജീവിക്കുകയും ചെയ്തിരുന്ന വീടിനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ചോര തിളയ്ക്കും, ചിലപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് രഹസ്യമായി കത്തുകൾ കൈമാറിയിരുന്ന “ടെക്” വിഭാഗത്തിൽപ്പെട്ട
അമ്മ വീട്ടുകാരെക്കുറിച്ച് പറയുമ്പോൾ കണ്ണുകളിൽ ആദരം നിറയും.
“വീടിനു മുന്നിൽ ദിവസവും അൻപത് സൈക്കിളുകളെങ്കിലും രാവിലെ കാണും. എല്ലാം അച്ഛനെ കാണാൻ വരുന്ന പാർട്ടി സഖാക്കളുടേതാണ്.
അവരുടെ കൂടെയാണ് ഞാൻ വളർന്നത്. ഒരു പുസ്തകത്തിൽ നിന്നും പഠിച്ചതല്ല കമ്യൂണിസം.” ബിനോയ് വിശ്വം വൈക്കത്തെ പഴയ ബാലനായി.
അച്ഛന്റെ അമ്മ കല്യാണി അമ്മൂമ്മ അച്ഛന്റെ ജീവിതത്തെക്കുറിച്ചു പറഞ്ഞിരുന്നതു കേട്ടു കേട്ടാണ് സത്യത്തിൽ താൻ കമ്യൂണിസ്റ്റായതെന്ന് ബിനോയ് വിശ്വം പറയുന്നു.
വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും പുരാണങ്ങൾ ഹൃദസ്ഥമാക്കിയിരുന്ന അമ്മൂമ്മ പറഞ്ഞിരുന്ന ഒരു വാചകം ബിനോയ് വിശ്വത്തിന്റെ ഹൃദയത്തിലാണ് പതിഞ്ഞതും, വളർന്നതും. ജനങ്ങൾക്കു വേണ്ടി പോരാടാൻ നടക്കുന്നയാളാണ് തന്റെ മകനെന്ന് അമ്മൂമ്മ പറയുമായിരുന്നു.
ഒരിക്കൽ അച്ഛനെ പൊലീസ് തല്ലിക്കൊന്നു എന്നു കേട്ട് വൈക്കം സ്റ്റേഷനിലേക്ക് പാഞ്ഞു ചെന്ന അമ്മൂമ്മ തന്റെ മകന്റെ ശവമെങ്കിലും കാണണമെന്ന് അവരോട് പറഞ്ഞു.
അവിടെക്കൂടിയ ജനക്കൂട്ടം മുഴുവൻ സഖാവ് സി.കെ വിശ്വത്തിന്റെ അമ്മയെ അതിന് അനുവദിക്കണം എന്നാർത്തു. അതുകേട്ട് രാജൻ സൂപ്രണ്ട് സ്റ്റേഷനിൽ നിന്നിറങ്ങി വന്ന് അമ്മൂമ്മയെ അകത്തേക്ക് കൊണ്ടു പോയി.
മർദനമേറ്റ് ചോരച്ചാലൊഴുകിയ ദേഹവുമായി ഭിത്തിയിൽ ചാരി നിർത്തിയിരിക്കുന്ന അച്ഛനെ കണ്ടു. അപ്പോഴും തന്നെ നോക്കി മോൻ ഒന്നു ചിരിച്ചതായി അമ്മൂമ്മ പറയും.
ചോരപടർന്ന അച്ഛന്റെ മുഖം അമ്മൂമ്മ കണ്ടതിനെക്കുറിച്ച് പറഞ്ഞപ്പോൾ ബിനോയ് വിശ്വത്തിന്റെ കണ്ണുകളിൽ നനവ് പൊടിഞ്ഞു..
നാലിൽ പഠിക്കുമ്പോൾ അച്ഛൻ എഴുതിക്കൊടുത്ത മുദ്രാവാക്യം തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ വിളിച്ചതിനെക്കുറിച്ച് പറഞ്ഞ് ബിനോയ് വിശ്വാസം അഭിമാനം കൊണ്ടു .
സാമ്രാജ്യത്വം തകർത്ത ചെങ്കൊടി, മുതലാളിത്തം വിറച്ച ചെങ്കൊടി, അമ്പിളി മുറ്റത്ത് ആദ്യം ഉയർത്തിയ ചെങ്കൊടി ഞങ്ങൾ ഉയർത്തുന്നു… എന്നായിരുന്നു അത്. ചെത്തു തൊഴിലാളികളുടെയോ, കയർ തൊഴിലാളികളുടെയോ ആരുടെ സമരമായാലും മുദ്രാവാക്യം വിളി പിന്നീട് ബിനോയ് വിശ്വത്തിന്റെ വകയായി.
നാലാം ക്ലാസ് വരെ മാത്രം പഠിപ്പുണ്ടായിരുന്ന അച്ഛന്റെ സ്കൂൾ ജയിലായിരുന്നെന്ന് ബിനോയ് വിശ്വം പറയുന്നു.
കവിത, സാഹിത്യം, ഇംഗ്ലിഷ്, സംസ്കൃതം എല്ലാം രണ്ടു തവണ എംഎൽഎ ആയ സി.കെ വിശ്വനാഥൻ പഠിച്ചത് പാർട്ടിയുടെ ജയിൽ കമ്മിറ്റിയിൽ നിന്നാണ്. ദാരിദ്ര്യം കൊണ്ട് പഠിക്കാൻ കഴിയാതിരുന്ന അച്ഛൻ മക്കളെല്ലാം നല്ലവണ്ണം പഠിക്കണമെന്ന് പറയുമായിരുന്നു.
അമ്മയുടെ അച്ഛൻ വൈക്കം സ്വദേശിയും എസ്എൻഡിപി സംഘടനാ സെക്രട്ടറിയായിരുന്ന ഇ.മാധവനെക്കുറിച്ചും ബിനോയ് വിശ്വം മതിപ്പോടെ പറയുന്നു.
ശ്രീനാരായണ ഗുരു അദ്ദേഹത്തെ ശ്രീലങ്കയിലേക്ക് വരെ അയച്ചിരുന്നു. ജാതി-മത ചിന്തകൾക്കും ബ്രാഹ്മണ്യത്തിനും എതിരായി അദ്ദേഹം രചിച്ച സ്വതന്ത്ര സമുദായം എന്ന പുസ്തകം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരോധിച്ചിരുന്നു.
അതുവായിച്ചാണ് കമ്യൂണിസ്റ്റ് ആയതെന്ന് പവനനും കമ്യൂണിസത്തിലേക്ക് യുവാക്കളെ നയിച്ച പുസ്തകമാണ് അതെന്ന് പി.ഗോവിന്ദപ്പിള്ളയും എഴുതിയിട്ടുണ്ട്.
വെള്ളൂരിലെ പുഴയോരത്തുള്ള ആ വീട്ടിൽ പി.ടി പുന്നൂസ്, കെ.വി പത്രോസ് തുടങ്ങി ധാരാളം കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ പാർത്തു. കമ്യൂണിസം കാരണം പട്ടാളത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് മൂത്ത അമ്മാവൻ സി.എം തങ്കപ്പൻ.
അമ്മ സി.കെ ഓമന, സഹോദരിമാരായ സി.കെ തുളസി, ലില്ലി, സാലി, ബേബി, ജോയി എല്ലാവരും കമ്യൂണിസറ്റുകാരായിരുന്നു. നേതാക്കൾക്ക് രഹസ്യമായി കത്തുകൾ കൈമാറിയിരുന്ന പാർട്ടിയുടെ ടെക് വിഭാഗത്തിൽ അമ്മയും സഹോദരീ സഹോദരന്മാരും പ്രവർത്തിച്ചിരുന്നു.
അച്ഛനും അവിടെ ഒളിവിൽ കഴിഞ്ഞു.
അക്കാലത്താണ് അവർ പ്രണയത്തിലായത്. അമ്മയുടെ സഹോദരി സി.കെ തുളസി വൈക്കത്തെ കണ്ണാടിക്കോവിലകത്തെ രാമവർമ തമ്പുരാനെ പ്രണയിച്ചു.
ആ രണ്ടു വിവാഹങ്ങളും കോളിളക്കം സൃഷ്ടിച്ചവയായിരുന്നു.
2006ൽ അച്ച്യുത മേനോൻ മന്ത്രി സഭയിൽ വനം മന്ത്രിയായിരുന്നപ്പോൾ ജീവന് ഭീഷണിയും കോടികളുടെ പ്രലോഭനവും ഉണ്ടായെന്നും അപ്പോഴൊന്നും വീഴാതിരിക്കാൻ കാരണം ഈ കമ്യൂണിസ്റ്റ് മണ്ണും ജീവിതങ്ങളുടെ ഓർമകളുമാണെന്ന് ബിനോയ് വിശ്വം പറയുന്നു.
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ എത്തിയ മഹാത്മാ ഗാന്ധിജിയെ അകത്തു കയറ്റാതിരുന്ന ഇണ്ടംതുരുത്തി മന വാങ്ങിയത് ബിനോയ് വിശ്വത്തിന്റെ പിതാവായിരുന്നു. ഇണ്ടംതുരുത്തി മന വിൽക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞ് നമ്പൂതിരിയെ അച്ഛൻ പോയിക്കാണുകയായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു.
“കിടപ്പാടം ഇല്ലാതിരുന്ന അച്ഛനാണ് നമ്പൂതിരിയെ പോയിക്കണ്ട് ആ സ്ഥലവും മനയും വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
രണ്ടു മാസത്തെ അവധി ചോദിച്ച അച്ഛൻ പലരോടായി പണം വാങ്ങിയാണ് അതു വാങ്ങിയത്. മരിക്കുമ്പോൾ അവിടെ അടക്കം ചെയ്യണമെന്നും അച്ഛന്റെ ആഗ്രഹമായിരുന്നു”.
ഇതെല്ലാമാണ് തന്റെ വൈക്കത്തെ കമ്യൂണിസ്റ്റ് മണ്ണെന്നും ഇവിടെ ജനിച്ചാൽ കമ്യൂണിസ്റ്റ് ആകാതിരിക്കാൻ കഴിയില്ലെന്നും അച്ഛന്റെ ബലികുടീരത്തിൽ പൂക്കളർപ്പിച്ച് ബിനോയ് വിശ്വം പറഞ്ഞു. പതറാതെ, വീഴാതെ ഈ മണ്ണിൽ ചവിട്ടി നടക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മുന്നോട്ട്….
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]