കൊച്ചി ∙ യൂറോപ്യൻ യൂണിയനിലേക്ക് (ഇയു) ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങൾക്ക് കൂടി ഇയു അംഗീകാരം നൽകി. യുഎസ് തീരുവ ഭീഷണികളെ മറികടന്ന് യൂറോപ്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ഈ നീക്കം ഇന്ത്യയ്ക്ക് സഹായകമാകുമെന്ന് കരുതുന്നു.
യൂറോപ്യൻ യൂണിയൻ അംഗീകാരമുള്ള ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538ൽ നിന്ന് 604 ആയി ഉയർന്നു.
കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് പ്രഖ്യാപനം. സമുദ്രോൽപന്നങ്ങളുടെ ഉൽപാദനം മുതൽ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും (എംപിഇഡിഎ) എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിലിന്റെയും ( ഇഐസി) ശ്രമങ്ങളും നേട്ടത്തിന് പിന്നിലുണ്ട്.
എല്ലാ ഘട്ടങ്ങളിലും ഉയർന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സൂചനയാണ് ഈ നേട്ടമെന്ന് എംപിഇഡിഎ ചെയർമാൻ ഡി.വി.സ്വാമി പറഞ്ഞു.
യൂറോപ്യൻ യൂണിയൻ അംഗീകാരമുള്ള ഫിഷറീസ് സ്ഥാപനങ്ങളുടെ എണ്ണത്തിലെ കുറവ് കയറ്റുമതിക്കാർക്ക് വലിയ തടസ്സമായിരുന്നു.ബൽജിയം, സ്പെയിൻ, ഇറ്റലി എന്നിവയാണ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രധാന വിപണികൾ. പുതിയ കരാർ വഴി നോർവേ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും വിപണി പ്രവേശനം സാധ്യമാകും.
2024-25 കാലയളവിൽ 62,408.45 കോടി രൂപയുടെ മൂല്യമുള്ള 16,98,170 മെട്രിക് ടൺ സമുദ്രോൽപന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യുഎസും ചൈനയുമാണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ.
ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിയിൽ മൂന്നാമത്തെ വലിയ വിപണിയാണ് യൂറോപ്യൻ യൂണിയൻ. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 15.10% വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]