മലമ്പുഴ ∙ ‘‘ഇന്ത അൻപൈ നാൻ മറക്കമാട്ടേൻ…’’ നഷ്ടപ്പെട്ടെന്നു കരുതിയ മൂന്നു പവന്റെ ബ്രേസ്ലെറ്റ് തിരികെ കിട്ടിയപ്പോൾ കോയമ്പത്തൂർ ഉക്കടം സ്വദേശികളായ എസ്.ജെ.ദിലീപ് – വി.തൃഷ ദമ്പതികളുടെ കണ്ണുനിറഞ്ഞു. തൃഷയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ ഡാമിൽ വീണ ബ്രേസ്ലെറ്റ് മൂന്നു മണിക്കൂർ നീണ്ട
തിരച്ചിലിനൊടുവിൽ എടുത്തു നൽകിയതു മലമ്പുഴയിലെ മത്സ്യത്തൊഴിലാളി എം.മുസ്തഫ.
11നു വൈകിട്ട് ആറോടെയാണു സംഭവം. മധുവിധു ആഘോഷിക്കാനായി മലമ്പുഴയിലെത്തിയതായിരുന്നു ദമ്പതികൾ. ഇരുവരും റോപ്വേയിലൂടെ സഞ്ചരിക്കുമ്പോൾ തൃഷയുടെ കയ്യിൽ നിന്നു ബ്രേസ്ലെറ്റ് താഴെ ചെക്ഡാമിലേക്കു വീണു.
താഴെയെത്തിയ ശേഷം ടൂറിസം പൊലീസിനെ അറിയിച്ചു. സഹായത്തിനു പൊലീസ് മുസ്തഫയെ സമീപിച്ചു.
നേരം ഇരുട്ടിയതിനാൽ അടുത്ത ദിവസം ഡാമിലിറങ്ങി ബ്രേസ്ലെറ്റ് തപ്പാമെന്നു മുസ്തഫ അറിയിച്ചു. ദമ്പതികൾക്കു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി.
ഇന്നലെ രാവിലെ എട്ടിനു മുസ്തഫ ഡാമിലിറങ്ങി.
കിലോമീറ്ററുകളോളം വിസ്തൃതിയുള്ള ഡാമിൽ വീണാൽ ആഭരണം കിട്ടുന്നതു പ്രയാസമാണെന്നു ചിലർ പറഞ്ഞതോടെ ദമ്പതികൾ നിരാശരായി. മൂന്നു വർഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്നു ഇവരുടെ വിവാഹം.
വിവാഹ സമ്മാനമായി ദിലീപ് കയ്യിലിട്ടുകൊടുത്ത ബ്രേസ്ലെറ്റ് ആയതിനാൽ തൃഷയ്ക്ക് അതു പ്രിയപ്പെട്ടതായിരുന്നു.
മുസ്തഫ ബ്രേസ്ലെറ്റ് തേടി ഡാമിൽ മുങ്ങിയപ്പോൾ നാട്ടുകാരും പൊലീസും നിർദേശങ്ങൾ നൽകി. രാവിലെ പതിനൊന്നരയോടെ വെള്ളത്തിൽ നിന്ന് ഉയർന്ന മുസ്തഫയുടെ കയ്യിൽ ബ്രേസ്ലെറ്റുണ്ടായിരുന്നു.
കരയിൽ നിന്നവരെല്ലാം കയ്യടിച്ചു. മുസ്തഫയോടും നാട്ടുകാരോടും പൊലീസിനോടും ദമ്പതികൾ കൈകൂപ്പി നന്ദി അറിയിച്ചു.
നീന്തൽ പരിശീലകൻ കൂടിയാണു മുസ്തഫ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]