പാറശാല∙വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പാറശാല പഞ്ചായത്ത് ഒാഫിസ് നിർമാണത്തിനു പുതിയ സ്ഥലം തേടും. ദേശീയപാതയ്ക്കു സമീപം കാരാളിയിൽ ബസ് ടെർമിനലിന് ഒപ്പം ഒാഫിസ് നിർമിക്കാൻ സ്വകാര്യ വ്യക്തികളിൽ നിന്നു ഏറ്റെടുത്ത ഭൂമിക്ക് ഉയർന്ന വില നൽകിയത് തിരിച്ചു പിടിക്കാൻ റവന്യു വകുപ്പിന്റെ നിർദേശവും തിരക്കേറിയ ഒാഫിസ് പ്രവർത്തനങ്ങൾക്ക് ബസ് ടെർമിനലിന്റെ സാമീപ്യം ഉള്ള സ്ഥലം അനുയോജ്യമല്ലെന്ന വിലയിരുത്തലും ആണ് ഭരണസമിതിയുടെ അവസാന ഘട്ടത്തിലെ മനം മാറ്റത്തിനു പിന്നിൽ.
ഫയർഫോഴ്സ് യൂണിറ്റ് പ്രവർത്തിച്ചിരുന്ന പുത്തൻകടയിലെ പഞ്ചായത്ത് വക സ്ഥലം ഒാഫിസ് നിർമാണത്തിന് അനുയോജ്യം എന്നാണ് വിലയിരുത്തൽ.
നിലവിലെ പഞ്ചായത്ത് ഒാഫിസിന്റെ അടുത്തുള്ള സ്ഥലം എന്ന പരിഗണനയും അനുകൂലമാകും സ്ഥലം സംബന്ധിച്ച് ഒരാഴ്ചയ്ക്കൂള്ളിൽ തീരുമാനം ഉണ്ടാകും. സമരം അടക്കം ജനകീയ പ്രതിഷേധങ്ങൾ ഉണ്ടായാൽ ഒാഫിസ് പ്രവർത്തനത്തിനുള്ള ബുദ്ധിമുട്ട് ആണ് മാറ്റത്തിനു കാരണമായി ഉന്നയിക്കുന്നതെങ്കിലും സ്ഥലം ഏറ്റെടുത്തതിൽ ഉണ്ടായ ഗുരുതര വീഴ്ചകൾ തിരിച്ചടിയാകുമെന്ന ഭയം ആണ് മാറ്റത്തിനു കാരണം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിപണി വിലയുടെ നാലിരട്ടി തുക കൂടുതൽ നൽകി ഭൂമി ഏറ്റെടുത്ത വകയിൽ 22.21 ലക്ഷം രൂപയുടെ നഷ്ടം പഞ്ചായത്തിനു സംഭവിച്ചിട്ടുണ്ട്.
തുക തിരിച്ച് പിടിക്കണമെന്ന റവന്യു വകുപ്പിന്റെ നിർദേശത്തെ തുടർന്ന് മാർച്ച് 12ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിലെ തീരുമാനപ്രകാരം വസ്തു വിൽപന നടത്തിയ വ്യക്തിക്കു വിപണി വിലയിൽ നിന്ന് അധികമായി നൽകിയ തുക തിരിച്ച് നൽകാൻ പഞ്ചായത്ത് നോട്ടിസ് നൽകിയിരുന്നു. വിൽപന നടത്തിയ ഭൂമിയുടെ വില തിരിച്ചു നൽകണമെന്ന കേട്ടു കേൾവി ഇല്ലാത്ത നടപടിക്കെതിരെ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതായും അഭ്യൂഹങ്ങൾ ഉണ്ട്.
സ്വകാര്യ വ്യക്തി തുക അടയ്ക്കാത്ത പക്ഷം നഷ്ടം പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ഇൗടാക്കാൻ വ്യവസ്ഥയുള്ളത് ഭരണസമിതിക്കു ഭീഷണി ഉയർത്തുന്നു. തുക നാലിരട്ടി കൂടുതൽ നൽകിയതിനൊപ്പം ഏറ്റെടുത്തത് വയൽ വിഭാഗത്തിൽ ഡേറ്റ ബാങ്കിൽ പെട്ട
സ്ഥലം ആണെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. ഭൂമി ഏറ്റെടുപ്പ് തന്നെ പാളിയതോടെ ആണ് കെട്ടിട
നിർമാണത്തിനു മറ്റൊരു സ്ഥലം തേടി ഭരണ നേതൃത്വം അന്വേഷണം തുടങ്ങിയതെന്നും സൂചനകൾ ഉണ്ട്.
ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഒാഫിസ് നിർമാണത്തിനുള്ള പ്രാഥമിക നടപടികൾ ലക്ഷ്യത്തിൽ എത്തുമോ എന്നും ചോദ്യം ഉയർന്നിട്ടുണ്ട്. രണ്ടു വർഷം മുൻപ് റെയിൽവേ പാത ഇരട്ടിപ്പിക്കലിനു ഭൂമി വിട്ടു നൽകിയതോടെയാണ് ഒാഫിസ് താൽക്കാലികമായി പുത്തൻകടയിലെ പഞ്ചായത്ത് ഒാഡിറ്റോറിയത്തിലേക്ക് മാറ്റിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]