കൽപറ്റ ∙
ഗ്രൂപ്പ് പോരിലും ബാങ്ക്–വായ്പ നിയമനത്തട്ടിപ്പിലും ഇരയായി 10 വർഷത്തിനിടെ വയനാട്ടിൽ ജീവനൊടുക്കിയത് ഡിസിസി സെക്രട്ടറി ഉൾപ്പെടെ 5 പേർ. ഇവരുടെ ആത്മഹത്യക്കുറിപ്പിലുൾപ്പെടെ പേരു പരാമർശിക്കപ്പെട്ടിട്ടും ഡിസിസി നേതൃത്വത്തിലെ ഉന്നതർ ഇപ്പോഴും സുരക്ഷിതരാണ്.
∙ പി.വി.
ജോൺ
മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി.ജോൺ 2015 നവംബറിൽ പാർട്ടി ഓഫിസിനുള്ളിലാണു തൂങ്ങിമരിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ കാലുവാരിയതിന്റെ മനോവിഷമമായിരുന്നു കാരണം.
മാനന്തവാടി നഗരസഭയിൽ പുത്തൻപുര ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പി.വി.ജോൺ. സീറ്റ് നിഷേധിക്കാൻ ഏറെ ശ്രമിച്ച നേതാക്കൾ പ്രതിഷേധം തണുപ്പിക്കാൻ സീറ്റ് നൽകുകയായിരുന്നു.
തൊട്ടുപിന്നാലെ ജോണിനെ തോൽപിക്കാനുറപ്പിച്ച് റിബലിനെയും നിർത്തി. വെറും 39 വോട്ടുകൾ മാത്രമാണ് ഔദ്യോഗിക സ്ഥാനാർഥിയായ ജോണിനു ലഭിച്ചത്.
നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
∙ രാജേന്ദ്രൻ നായർ
കോൺഗ്രസ് അനുഭാവിയും പുൽപള്ളി മേഖലയിലെ കോൺഗ്രസ് നേതാക്കളുടെ അടുത്തയാളുമായിരുന്ന പുൽപള്ളി ചെമ്പകമൂല ഇളയിടത്ത് രാജേന്ദ്രൻ നായർ, കോൺഗ്രസ് നേതൃത്വം നൽകുന്ന പുൽപള്ളി ബാങ്ക് ഭരണസമിതിയുടെ വായ്പത്തട്ടിപ്പിന് ഇരയായാണ് 2023 മേയ് 29ന് ജീവനൊടുക്കിയത്. 70 സെന്റ് പണയപ്പെടുത്തി ബാങ്കിൽനിന്ന് 70,000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻ നായരുടെ ഭൂരേഖകൾ ദുരുപയോഗം ചെയ്ത് ഭരണസമിതി 24.30 ലക്ഷം രൂപ തട്ടിയെടുത്തു.
46 ലക്ഷം രൂപയുടെ ബാധ്യത ചുമലിലായതോടെ ജീവനൊടുക്കി.
∙ എൻ.എം.വിജയൻ, മകൻ ജിജേഷ്
കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബത്തേരിയിലെ സഹകരണബാങ്കുകൾ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ നിയമനക്കൊള്ളയുടെ ഇരയാണു ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും. ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് തട്ടിയെടുത്ത കോടികളുടെ ബാധ്യത എൻ.എം.വിജയന്റെ തലയിലാവുകയായിരുന്നു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ കത്തുകൾ എഴുതിവച്ചാണ് 2024 ഡിസംബർ 24ന്, ഭിന്നശേഷിക്കാരനായ മകൻ ജിജേഷിനു വിഷം കൊടുത്ത ശേഷം വിജയനും ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണ കേസിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ഡിസിസി ട്രഷററായിരുന്ന കെ.കെ.ഗോപിനാഥൻ എന്നിവരാണു പ്രതികൾ.
വിജയന്റെ മരുമകളാണ് ഇന്നലെ ആത്മഹത്യാശ്രമം നടത്തിയത്.
∙ ജോസ് നെല്ലേടം
മുള്ളൻകൊല്ലിയിലെ രൂക്ഷമായ ഗ്രൂപ്പുപോരിനെത്തുടർന്നു വാർഡ് പ്രസിഡന്റിനെ കള്ളക്കേസിൽ കുടുക്കാൻ എതിർവിഭാഗം ശ്രമിച്ചതിന്റെ രക്തസാക്ഷിയാണ് മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ജോസ് നെല്ലേടം. വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടിൽ കർണാടകമദ്യവും സ്ഫോടകവസ്തുക്കളും കൊണ്ടുവച്ച് കള്ളക്കേസിൽ കുടുക്കിയതു കോൺഗ്രസുകാർ തന്നെയാണ്.
17 ദിവസം തങ്കച്ചന് ജയിലിൽ കഴിയേണ്ടിവന്നു. തങ്കച്ചനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കൊപ്പം ജോസുമുണ്ടെന്ന ആരോപണത്തിൽ മനംനൊന്താണ് ജീവനൊടുക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]