പാലക്കാട് ∙ ജില്ലയിൽ പാലക്കാട്, ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളുകൾക്കു കീഴിലായി 7,312 ട്രാൻസ്ഫോമറുകളാണുള്ളത്. ഇതിൽ സുരക്ഷാ വേലിയുള്ളത് 1,318 എണ്ണത്തിനു മാത്രം.
അപകടസാധ്യത ഏറെയുള്ള 279 ട്രാൻസ്ഫോമറുകളുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു വിവിധ തദ്ദേശ സ്ഥാപനങ്ങൾ കഴിഞ്ഞവർഷം കെഎസ്ഇബി അധികൃതർക്കു കത്ത് നൽകിയിരുന്നു. ഇതിൽ സുരക്ഷ ഒരുക്കിയതു 43 ട്രാൻസ്ഫോമറുകൾക്കു മാത്രം.
ബാക്കിയുള്ളവയ്ക്കു മതിയായ സുരക്ഷാ സംവിധാനങ്ങളില്ല.
എല്ലാ ട്രാൻസ്ഫോമറുകൾക്കും സുരക്ഷാ സംവിധാനങ്ങൾ വേണമെന്നും നിശ്ചിത ദിവസങ്ങളിൽ സുരക്ഷാ പരിശോധന വേണമെന്നും 2021ൽ സർക്കാർ നിർദേശം നൽകിയിരുന്നു. ജില്ലയിലെ ട്രാൻസ്ഫോമറുകളിൽ പലയിടത്തും ഫ്യൂസ് കാരിയറുകൾ തുറന്ന നിലയിലാണ്.
കാടുമൂടിക്കിടക്കുന്നവയുമുണ്ട്. കാൽനടക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുറപ്പ്.
വാഹനങ്ങൾ റോഡരികിലേക്ക് ഒതുക്കിയാൽ ട്രാൻസ്ഫോമറിൽ തട്ടാനും സാധ്യതയേറെ. സ്കൂളിനു സമീപത്തുള്ള ട്രാൻസ്ഫോമറുകൾക്കു കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെഎസ്ഇബിക്കു കത്ത് നൽകിയിട്ടുണ്ട്.
പരിശോധിക്കാൻ നിർദേശംനൽകി മന്ത്രി
∙ വൈദ്യുതിലൈൻ, ട്രാൻസ്ഫോമർ എന്നിവ മനുഷ്യജീവനു ഭീഷണിയായ നിലയിലുണ്ടോയെന്നു പരിശോധിച്ചു നടപടി സ്വീകരിക്കാൻ പാലക്കാട്, ഷൊർണൂർ ഡപ്യൂട്ടി ചീഫ് എൻജിനീയർമാർക്കു നിർദേശം നൽകിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
സബ് എൻജിനീയർ, ഓവർസീയർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും. അയഞ്ഞുതുടങ്ങിയ വൈദ്യുതി ലൈനുകൾ, മരത്തിലും മറ്റും തട്ടി നിൽക്കുന്ന ലൈൻ, അപകടകരമായി നിൽക്കുന്ന ട്രാൻസ്ഫോമർ എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കാനും നിർദേശം നൽകി.
വൈദ്യുതി സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് അടുത്തദിവസം യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
വിവരം അറിയിക്കാം
∙ അപകടകരമായി നിൽക്കുന്ന ട്രാൻസ്ഫോമർ, വൈദ്യുതിലൈൻ എന്നിവ സംബന്ധിച്ചു പൊതുജനങ്ങൾക്കു കെഎസ്ഇബിയിൽ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാം. 9496010101 എന്ന നമ്പറിൽ വിളിച്ചോ, വാട്സാപ്പിൽ ട്രാൻസ്ഫോമറുകളുടെ ഫോട്ടോ സഹിതം ലൊക്കേഷൻ ഷെയർ ചെയ്തും അറിയിക്കാം.
ഇവ ശ്രദ്ധിക്കാം
∙ ട്രാൻസ്ഫോമറിൽ നിന്ന് അസാധാരണമായ ശബ്ദം, സ്പാർക്ക്, പുറത്തേക്കു ചൂട് അനുഭവപ്പെടുക, ഓയിൽ ചോർച്ച, ഇൻസുലേഷൻ നഷ്ടപ്പെട്ട
വയറുകൾ, തുറന്ന ഫ്യൂസ് കാരിയർ, വയറുകൾ വിട്ടുകിടക്കുക തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണം.
ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
ടൗണിലെ എകെജി റോഡിലെ ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് തൃക്കടീരിമനപ്പടി വീട്ടിൽ മണികണ്ഠൻ (36) മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിൽ ട്രാൻസ്ഫോമറിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരിൽ നിന്നും വ്യക്തികളിൽ നിന്നും യുവാവിന്റെ മരണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാനാണു പൊലീസിന്റെ നീക്കം.
വ്യാഴാഴ്ച രാവിലെ 7നാണ് ചെർപ്പുളശ്ശേരി എകെജി റോഡിലുള്ള ട്രാൻസ്ഫോമറിനു സമീപത്ത് ഷർട്ട് ധരിക്കാത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടത്.
ഉള്ളംകയ്യിൽ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ട്രാൻസ്ഫോമറിലെ ഫ്യൂസ് കാരിയറുകൾ ഊരിമാറ്റിയ നിലയിലാണ് ഉണ്ടായിരുന്നത്.
ട്രാൻസ്ഫോമറിനു സമീപം യുവാവ് ഷോക്കേറ്റു മരിച്ചതിനു കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയിൽ പ്രതിഷേധയോഗവും നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]