ഫറോക്ക് ∙ ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ നടപ്പാക്കുന്ന ഫറോക്ക് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തിക്കു മന്ദഗതി. രണ്ടു വർഷം മുൻപ് തുടങ്ങിയ നവീകരണം ഇതുവരെ പൂർത്തിയായിട്ടില്ല.
നവീകരിച്ച സ്റ്റേഷൻ കെട്ടിടം അടുത്ത മാസം 2ന് ഉദ്ഘാടനം ചെയ്യാൻ ധാരണയുണ്ടായെങ്കിലും നിലവിലെ അവസ്ഥയിൽ അതു സാധ്യമല്ല. 2 ഘട്ടങ്ങളിലായി 9.83 കോടി രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷന്റെ മുഖഛായ മിനുക്കുന്നത്.
ഇതിൽ ആദ്യഘട്ട പ്രവൃത്തി ഏതാണ്ട് പൂർത്തിയായെങ്കിലും രണ്ടാം ഘട്ടം ഇഴയുകയാണ്.
സ്റ്റേഷന്റെ പ്രധാന കവാടം അടച്ചിട്ടു മാസങ്ങളായി. ഇതു തുറന്നു കൊടുക്കാത്തതിനാൽ യാത്രക്കാർ പല വഴികളിലൂടെയാണ് സ്റ്റേഷനിലേക്കു കയറുന്നത്.
ട്രെയിൻ ഇറങ്ങിയെത്തുന്നവർ പുറത്തുകടക്കാൻ വട്ടം ചുറ്റുകയാണ്.
രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉപരിതലം ഉയരം കൂട്ടൽ, സ്റ്റേഷൻ കവാടത്തിൽ പുതിയ പൂമുഖം (പോർട്ടിക്കോ) നിർമിക്കൽ, പാർക്കിങ് ഏരിയ വിപുലീകരണം, അലങ്കാര വിളക്കുകൾ തുടങ്ങിയ പ്രവൃത്തികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉപരിതലത്തിന്റെ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല.
പോർട്ടിക്കോ, പാർക്കിങ് ഏരിയ എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
പ്രധാന റോഡിൽ നിന്നുള്ള പ്രവേശന ഭാഗത്ത് പൂട്ടുകട്ട പാകുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.
സ്റ്റേഷൻ കെട്ടിട പരിസരത്തേക്ക് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി മൂന്നാഴ്ച മുൻപ് തുടങ്ങിയ പണി പാതി പോലും കഴിഞ്ഞിട്ടില്ല.
ഏറെ ദൂരം നടന്നു പോകേണ്ട ഗതികേടിലാണ് യാത്രക്കാർ.
ഓട്ടോ ടാക്സി വാഹനങ്ങൾ സ്റ്റേഷൻ വളപ്പിന്റെ പുറത്താണ് നിർത്തിയിടുന്നത്.
7.58 കോടി രൂപ ചെലവിട്ടു നടത്തിയ ആദ്യഘട്ട വികസനത്തിൽ ഇരു പ്ലാറ്റ്ഫോമുകളിലും 5,000 ചതുരശ്ര മീറ്ററിൽ മേൽക്കൂര സ്ഥാപിച്ചു.
ഒന്നാം പ്ലാറ്റ്ഫോമിൽ ഗ്രാനൈറ്റ് പതിപ്പിച്ചു സൗകര്യം വിപുലപ്പെടുത്തി. ആധുനിക സൗകര്യങ്ങളോടെയുള്ള റിസർവേഷൻ–യാത്രാ ടിക്കറ്റ് ബുക്കിങ് കൗണ്ടർ സജ്ജമാക്കിയതിനു പുറമേ ലിഫ്റ്റ് സംവിധാനവും ഒന്നാം പ്ലാറ്റ്ഫോമിൽ എസി വെയ്റ്റിങ് മുറിയും തുടങ്ങി.
സ്റ്റേഷൻ കെട്ടിടം മോടി കൂട്ടിയതിനൊപ്പം വിശാലമായ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തി.
കൂടുതൽ ഇരിപ്പിടങ്ങൾ, ഇരു പ്ലാറ്റ്ഫോമുകളിലും ഡിസ്പ്ലേ ബോർഡുകൾ, ശുദ്ധജലം, അലങ്കാര വിളക്കുകൾ, ചാർജിങ് പോയിന്റുകൾ, ഫാനുകൾ എന്നിവയും സജ്ജമാക്കി. കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സർവകലാശാല, ബേപ്പൂർ തുറമുഖം, കിൻഫ്ര നോളജ് പാർക്ക്, ഫാറൂഖ് കോളജ് എന്നിവയ്ക്കു സമീപത്തെ സ്റ്റേഷൻ എന്ന പരിഗണനയിലാണ് ഫറോക്കിനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ, നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ റെയിൽവേയുടെ നടപടിയുണ്ടാകുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]