കൊല്ലങ്കോട് ∙ രാജ്യത്തെ സുന്ദര ഗ്രാമങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച കൊല്ലങ്കോടിന്റെ പച്ചപ്പ് സഞ്ചാരികളുടെ മനം കുളിർപ്പിക്കുമെങ്കിലും നാടിനും നാട്ടുകാർക്കും അത്ര കുളിർമയില്ല. കൊല്ലങ്കോടിന്റെ വിനോദസഞ്ചാര വികസനത്തിനായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു കോടി രൂപയിൽ ഒരു രൂപ പോലും ഇതുവരെ ചെലവാക്കാനായിട്ടില്ല. കൃഷിയിടങ്ങളും ചെറുവഴികളും ഏറെയുള്ള കൊല്ലങ്കോട്ട് കർഷകർക്കും നാട്ടുകാർക്കും ഗുണമുള്ള പദ്ധതികൾ ഉണ്ടാകുമെന്ന പ്രഖ്യാപനത്തിനപ്പുറം ഒന്നും നടന്നിട്ടില്ല.
സീതാർകുണ്ട് വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനവും ഇക്കോ ഷോപ്പും മാത്രമാണ് ഇതുവരെയുള്ള ‘വികസനം’.
തകർപ്പൻ കാഴ്ച കാണാൻ തകർന്ന റോഡുകൾ താണ്ടണം
∙ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട റോഡുകളിലേറെയും തകർന്നുകിടക്കുകയാണ്.
അറ്റകുറ്റപ്പണി നടത്തിയതാകട്ടെ അശാസ്ത്രീയമായതിനാൽ ഡ്രൈവർമാർക്കു വെല്ലുവിളിയാണ്. സീതാർകുണ്ട് റോഡിന്റെ താമരപ്പാടത്തോടു ചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും രണ്ട് അരികിലും വാഹനം താഴേക്ക് ഇറങ്ങിയാൽ കുടുങ്ങിപ്പോകും.
ഇതുകാരണം അവധി ദിവസങ്ങളിൽ തിരക്കേറുമ്പോൾ വാഹനങ്ങൾ എവിടെയെങ്കിലും ഇട്ടു പോകേണ്ട സാഹചര്യമാണ്.
ഓണക്കാലത്ത് നാലു മണിക്കൂറോളം കുടുങ്ങിക്കിടന്ന വാഹനങ്ങളുണ്ട്. സീതാർകുണ്ട് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല.
പരിമിതികളിൽ ഞെരുങ്ങുന്ന കാഴ്ചകൾ
∙ സഞ്ചാരികളുടെ ഇഷ്ടഫ്രെയിമായ കുടിലിടവും താമരപ്പാടവും കഴിഞ്ഞാൽ കാഴ്ച കാണുന്നതിനു സൗകര്യം പരിമിതമാണ്.
വെള്ളരിമേട്ടിൽ വാച്ച് ടവർ സ്ഥാപിക്കുമെന്നതു പ്രഖ്യാപനം മാത്രമായി. പൊതുസ്ഥലങ്ങളുടെ കുറവു കാരണം ഇരിപ്പിടങ്ങൾ, വേസ്റ്റ് ബിന്നുകൾ, ശുചിമുറികൾ എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
വിശ്രമിക്കാൻ കഴിയുന്ന തരത്തിൽ ചെറു ഗോപുരങ്ങൾ നിർമിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. സീതാർകുണ്ടിലൊഴികെ സുക്രിയാൽ, പലകപ്പാണ്ടി, വെള്ളരിമേട് എന്നീ വെള്ളച്ചാട്ടങ്ങളിലൊന്നും സുരക്ഷയോ സൗകര്യങ്ങളോ ഇല്ല.
നേട്ടവും കോട്ടവും
∙ വിനോദ സഞ്ചാര മേഖലയായി അറിയപ്പെട്ടതോടെ ഹോം സ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ തിരക്കേറി.
ചില കർഷകരെങ്കിലും ആരംഭിച്ച ഫാം സ്റ്റേകളിലും സഞ്ചാരികളെത്തിത്തുടങ്ങി. കൂടാതെ കുടിലിടത്തിലും താമരപ്പാടത്തും കൃഷിഭൂമികൾ മനോഹരമാക്കി സഞ്ചാരികളെ ആകർഷിച്ചു.
എന്നാൽ കാർഷിക ഉൽപന്നങ്ങൾ ന്യായ വിലയ്ക്കു സഞ്ചാരികൾക്കു വാങ്ങാൻ കഴിയുന്ന സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ കർഷകർക്കു ഗുണം കുറഞ്ഞു. പ്ലാസ്റ്റിക് ഉൾപ്പെടെ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും മദ്യപിച്ചുള്ള അടിപിടിയും തലവേദന സൃഷ്ടിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]