അയ്മനം ∙ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പുത്തൂക്കരി പാടത്തെ ആമ്പൽ വസന്തം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
ആമ്പൽ വസന്തം ടൂറിസം ഫെസ്റ്റിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പൽ കാഴ്ച മാത്രമല്ല ബോട്ട് യാത്രയ്ക്കുള്ള സൗകര്യം കൂടിയാണ്. രാവിലെ എത്തുന്നവർക്ക് 60 ഏക്കറോളം വരുന്ന പാടത്തുകൂടി വള്ളത്തിൽ സഞ്ചരിച്ച് ആമ്പലിന്റെ സൗന്ദര്യം നുകരാം. കുട്ടവഞ്ചിയാത്ര, ശിക്കാര വള്ളത്തിലെ യാത്ര, ബോട്ട് യാത്ര എന്നിവയ്ക്കുള്ള സൗകര്യം കൂടി പുത്തൂക്കരിയിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ആമ്പൽ കാഴ്ചകൾ രാവിലെ 10 മണി വരെ ആണെങ്കിലും ബോട്ട് സഞ്ചാരം വൈകുന്നേരം വരെ ഒരുക്കിയിട്ടുണ്ട്.
നാട്ടുരുചികൾ ആസ്വദിക്കാനും സൗകര്യമുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള പായ നെയ്ത്ത്, ചൂണ്ടയിടൽ, ഓലമെടച്ചിൽ, കള്ളുചെത്ത് തുടങ്ങിയ ഗ്രാമീണ കാഴ്ചകൾ കാണാനും പുത്തൂക്കരി ടൂറിസം അവസരം ഒരുക്കുന്നു.
പാടത്തിൽ ആമ്പൽ അടുത്ത് കാണാവുന്ന രീതിയിൽ കുട്ടവഞ്ചി ഒരുക്കിയിട്ടുണ്ട്. ആഴം കുറഞ്ഞ പാടശേഖരമായതിനാലും ചുറ്റും ഉറപ്പുള്ള ബണ്ടുകൾ കൊണ്ടു സുരക്ഷിതമായതിനാലും മറ്റേത് പ്രദേശത്തെക്കാൾ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമാണ് പുത്തൂക്കരി പാടത്തിലൂടെയുള്ള യാത്ര.
കനാൽ യാത്രയ്ക്ക് പുറമേ നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന കൗണ്ടറും പ്രവർത്തന സജ്ജമാക്കുന്നുണ്ട്.
ഫെസ്റ്റ് മൂന്നു ദിവസത്തേക്കാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഒക്ടോബർ ആദ്യ ആഴ്ച വരെ ആമ്പൽ കാഴ്ച ആസ്വദിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. പിന്നീട് കനാൽ ടൂറിസം പോയിന്റായി പൂത്തൂക്കരിയെ മാറ്റുന്ന നിലയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ജൂൺ പകുതി മുതൽ ഒക്ടോബർ ആദ്യം വരെയാണ് പുത്തൂക്കരി പാടശേഖരത്തിൽ ആമ്പൽ വിരിയുക.
അതു കഴിഞ്ഞ് എത്തുന്നവർക്ക് നെൽക്കൃഷിയും കണ്ട് ആസ്വദിക്കാൻ കഴിയും. പുത്തൂക്കരിയിൽനിന്ന് ഉൾപ്രദേശങ്ങളിലേക്ക് വള്ളത്തിൽ പോകുമ്പോൾ വർഷം മുഴുവൻ പൂത്തു നിൽക്കുന്ന ചെറിയ ആമ്പലുകൾ കാണാൻ കഴിയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]