ന്യൂഡൽഹി/തിരുവനന്തപുരം ∙ കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്കും വിദേശത്തും പഠിക്കാൻ പോകുന്ന വിദ്യാർഥികളെ സംസ്ഥാന സർക്കാർ വേർതിരിച്ചു കാണുന്നതിന്റെ തെളിവാണു നോർക്ക റൂട്സ് സ്റ്റുഡന്റ് ഐഡി കാർഡ്. വിദേശത്തു പോകുന്നവർക്കു കാർഡ് ലഭിക്കും; ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മലയാളി വിദ്യാർഥികൾക്ക് അതിനു യോഗ്യതയില്ല.
സ്റ്റുഡന്റ് ഐഡി ഉണ്ടെങ്കിൽ അപകട ഇൻഷുറൻസ് ഉൾപ്പെടെയുള്ള പ്രവാസി സംരക്ഷണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.
കേരളവുമായി താരതമ്യം ചെയ്യുമ്പോൾ വേണ്ടത്ര ആരോഗ്യ സംവിധാനങ്ങളില്ലാത്ത സംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് അതിനുള്ള അർഹതയില്ല. ഇത് വിവേചനമല്ലാതെയെന്ത്?
ഡൽഹി സർവകലാശാല, ജാമിയ, ജെഎൻയു, അശോക സർവകലാശാല തുടങ്ങിയ സർക്കാർ–സ്വകാര്യ കോളജുകളിലും സിവിൽ സർവീസ് ഉൾപ്പെടെ മത്സരപരീക്ഷകൾക്കു പരിശീലനത്തിനുമായി 25,000ത്തിലേറെ മലയാളി വിദ്യാർഥികൾ ഡൽഹി–എൻസിആർ മേഖലയിലുണ്ട്.
ഒരു വർഷത്തെ ഡിപ്ലോമ മുതൽ 5 വർഷത്തിലധികം നീളുന്ന ഗവേഷണങ്ങൾക്ക് ഉൾപ്പെടെ ഡൽഹിയിലെത്തുന്ന വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ നോർക്ക റൂട്സിന്റെ പക്കലില്ല.
പ്രകൃതിദുരന്തങ്ങൾ നേരിടുമ്പോഴോ ആഴ്ചകളോളം അസുഖബാധിതരായി കിടന്നുമരിക്കുമ്പോഴോ ആണ് അത്തരം ഒരാൾ ഡൽഹിയിലുണ്ടെന്ന് നോർക്ക റൂട്സ് അറിയുന്നത്. (2023 ഡിസംബറിൽ രോഗബാധയാൽ മരിച്ച ജാമിയ വിദ്യാർഥി അസ്ഹറുദീൻ പാലോടും, 2024 ജൂലൈയിൽ ഓൾഡ് രജീന്ദർ നഗറിലെ സിവിൽ സർവീസസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ അപകടമരണം സംഭവിച്ച നിവിൻ ഡാൽവിനും.)
കേരളത്തിനു പുറത്ത് ജോലിചെയ്യുന്നവരെ പ്രവാസിയായി കണക്കാക്കി നോൺ–റഡിസന്റ് കേരളൈറ്റ് (എൻആർകെ) ഐഡി കാർഡിലൂടെ ആരോഗ്യ ഇൻഷുറൻസും ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
അപ്പോൾ, ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന തങ്ങളെ മാത്രം സംരക്ഷണ പരിധിയിൽനിന്ന് ഒഴിവാക്കുന്നതെന്തുകൊണ്ടെന്നാണ് വിദ്യാർഥികളുടെ ചോദ്യം.
വിദേശത്ത് എത്തും മുൻപേ ഐഡി
വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് നോർക്ക റൂട്സ് സ്റ്റുഡന്റ് ഐഡി കാർഡ് നൽകിത്തുടങ്ങിയത് 2020 ഏപ്രിലിലാണ്. വിദേശത്ത് പഠിക്കുന്നവർക്കു മാത്രമല്ല, പഠിക്കാൻ പോകുന്നതിനു പ്രവേശന നടപടികൾ പൂർത്തിയായവർക്കും കാർഡ് നൽകുന്നുണ്ട്.
18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം. 3 വർഷത്തേക്കുള്ള കാർഡിന് അപേക്ഷാ ഫീസ് 408 രൂപ.
കാർഡ് ഉള്ളയാൾക്ക് അപകടമരണം സംഭവിച്ചാൽ കുടുംബത്തിന് 5 ലക്ഷം രൂപ, അപകടത്തിൽ സംഭവിക്കുന്ന ഭാഗികമോ സ്ഥിരമോ ആയ ഭിന്നശേഷിക്കു പരമാവധി 2 ലക്ഷം രൂപ എന്നിങ്ങനെ ഇൻഷുറൻസ് പരിരക്ഷയുണ്ട്.
അസുഖങ്ങളും ആവലാതികളും
ചൂടും തണുപ്പും മഴയും മാറിമാറിവരുമ്പോൾ അസുഖങ്ങൾ വിട്ടുമാറാത്ത സ്ഥിതിയാണെന്ന് ഡൽഹി–എൻസിആറിലെ വിദ്യാർഥികൾ പറയുന്നു. ഡെങ്കി, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ്, മലേറിയ, മഞ്ഞപ്പിത്തം..
അസുഖങ്ങൾക്ക് പഞ്ഞമില്ല. ചിലർക്കു നായകടിയും ഏൽക്കുന്നു.
പല കോളജുകളിലും ഹോസ്റ്റൽ സൗകര്യമില്ല; പേയിങ് ഗസ്റ്റായും പലർ ചേർന്ന് വീടു വാടകയ്ക്കെടുത്തുമൊക്കെയാണ് താമസം. ഒരാൾക്ക് അസുഖം വന്നാൽ പകർച്ചപ്പനിയുടെ തുടക്കമായി.
മലിനീകരണത്തിനൊപ്പം ശുദ്ധജല ദൗർലഭ്യവും അസുഖത്തിന്റെ തീവ്രത കൂട്ടും. ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സയ്ക്ക് പലർക്കും പരിമിതികളുണ്ട്.
ഏതു രോഗത്തിനും സ്വയം ചികിത്സ പാരസെറ്റാമോളിൽ തുടങ്ങുന്നു. രോഗം കടുത്താൽ ആശുപത്രിയിൽ പോകണം.
സ്വകാര്യ ആശുപത്രികളിലെ ബിൽ താങ്ങാനാവില്ല.
അതിനാൽ, ചിലർ സർക്കാർ ആശുപത്രികളെ സമീപിക്കും. ഭാഷ അറിയില്ല, സഹായത്തിന് ആളില്ല എന്നതൊക്കെ പ്രശ്നമാണന്നതിനാൽ പലരും രോഗം കടുത്താൽ വിമാന ടിക്കറ്റെടുത്ത് കേരളത്തിലേക്കു പോകും.
ഉയർന്ന ടിക്കറ്റ് നിരക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും, ഹാജർ നഷ്ടം വേറെ. വർഷത്തിൽ 7 വിഷയങ്ങളിൽ കൂടുതൽ പേപ്പർ പോയാൽ ആ വർഷത്തെ പഠനം ആവർത്തിക്കണം.
ഇങ്ങനെ ഇയർബാക് ആയവരും പഠിത്തം പാതിവഴിയിൽ നിർത്തിയവരും ഏറെ.
കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ എന്തുകൊണ്ട് നോർക്ക റൂട്സ് കാണുന്നില്ല? കണ്ടിട്ടില്ലെന്നു പറയാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നോർക്ക റൂട്സ് ഓഫിസുകൾ സർക്കാരിനോട് പ്രശ്നമുന്നയിച്ചിരുന്നു; നടപടിയുണ്ടായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]