കാസർകോട്∙ സംസ്ഥാന സർക്കാരിന്റെ പാലിയേറ്റീവ് പരിചരണത്തിനുള്ള കേരള കെയർ പദ്ധതിയിൽ ജില്ലയിൽ റജിസ്റ്റർ ചെയ്തത് 11314 രോഗികൾ. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്നതാണ് പദ്ധതി.
സന്നദ്ധസംഘടനകളുടെയും പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരുടെയും പിന്തുണയോടെ, ഗുരുതര രോഗ ബാധിതർക്കും കുടുംബങ്ങൾക്കും സാമൂഹികവും മാനസികവുമായ പരിചരണം വീടുകളിലെത്തി നൽകുന്നതാണ് കേരള കെയർ.
റജിസ്റ്റർ ചെയ്തതിലേറെയും 71–80 വയസ്സുകാർ
ജില്ലയിൽ റജിസ്റ്റർ ചെയ്ത രോഗികളിൽ 6226 പേർ സ്ത്രീകളാണ്. 4335 പുരുഷൻമാരും 6 പേർ മറ്റു വിഭാഗത്തിലുള്ളവരുമാണ്.
71 മുതൽ 80 വയസ്സുവരെയുള്ള വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ റജിസ്റ്റർ ചെയ്തത്. ഈ വിഭാഗത്തിൽ മാത്രം 3,059 പേരുണ്ട്. 61-70 ഉള്ളവരിൽ 2424 പേരും 81-90 പ്രായക്കാർ 1929 പേരുമാണ് ഉള്ളത്.
51-60 വയസ്സിനിടയിൽ 1378 പേരും 41-50 പ്രായക്കാർ 744 പേരും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
31-40 വയസ്സുകാരിൽ 268 പേരും 19-30 പ്രായക്കാർ 171 പേരുമാണ് റജിസ്റ്റർ ചെയ്തത്. 0-18 വയസ്സുവരെയുള്ള കുട്ടികളുൾപ്പെട്ട 101 പേരും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
91 വയസ്സിന് മുകളിലുള്ളവരിൽ 449 പേരും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ചലിക്കാനാവാത്ത 1983 പേർ
റജിസ്റ്റർ ചെയ്തവരിൽ 1983 പേർക്ക് സ്വയം ചലിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
1439 പേർക്ക് സഹായത്തോടെ മാത്രമേ നിൽക്കാൻ കഴിയൂ. സഹായത്തോടെ വീടിനുള്ളിൽ നടക്കാൻ കഴിയുന്നവരുടെ എണ്ണം 1407 ആണ്.
1241 പേർക്ക് കിടക്കയിൽ സഹായത്തോടെ മാത്രമേ ഇരിക്കാൻ കഴിയൂ. സ്വയം കിടക്കയിൽ തിരിഞ്ഞു കിടക്കാൻ കഴിയുന്നവർ 1017 പേരും, സ്വയം ഇരിക്കാനാകുന്നവർ 872 പേരുമാണ്. വീടിനുള്ളിൽ നടക്കാൻ കഴിയുന്നുവെങ്കിലും പുറത്തേക്ക് പോകാൻ പരസഹായം ആവശ്യമുള്ള 479 പേരുണ്ട്.
ഭവനസന്ദർശനം
പാലിയേറ്റീവ് കെയർ സംഘങ്ങൾ വീടുകളിലെത്തിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പരിചരണം നൽകുന്നത്.
പാലിയേറ്റീവ് കെയർ കമ്യൂണിറ്റി നഴ്സ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറപ്പിസ്റ്റ്, മെഡിക്കൽ ഓഫിസർ, ആയുർവേദ-ഹോംകെയർ, ഹോമിയോ സംഘം, ഹെൽത്ത് ഇൻസ്പെക്ടർ, ജെപിഎച്ച്എൻ, ആശാ-സന്നദ്ധ പ്രവർത്തകർ, ക്യാംപസ് പാലിയേറ്റിവ് കെയർ അംഗങ്ങൾ എന്നിവർ സംയുക്തമായാണ് സേവനങ്ങൾ നൽകുന്നത്.
ആരോഗ്യപരിശോധന, വൈദ്യസഹായം, മരുന്നുകൾ, വീൽചെയർ, വാട്ടർ ബെഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കുന്നു. പൂർണമായി കിടപ്പിലായ രോഗികൾക്ക് പ്രത്യേക പരിഗണന നൽകി നിശ്ചിത ഇടവേളകളിൽ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നു.
നഴ്സുമാരുടെ സേവനം
പഞ്ചായത്തുകളിലും നഗരസഭകളിലും ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പാലിയേറ്റീവ് കെയർ കമ്യൂണിറ്റി നഴ്സുമാരെ നിയമിച്ചിട്ടുണ്ട്.
രോഗികളുടെ വേദന കുറയ്ക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് എല്ലാ മാസവും കുടുംബസംഗമങ്ങളും പരിശീലനങ്ങളും നടത്തിവരുന്നുണ്ട്.
വൊളന്റിയർമാർ
പാലിയേറ്റീവ് കെയർ പോളിസി ആക്ഷൻ പ്ലാൻ പ്രകാരം, ‘ഒരു രോഗിക്ക് ഒരു വൊളന്റിയർ’’ എന്നതാണ് ലക്ഷ്യം.
ഇതിനായി സഹകരിക്കാൻ താൽപര്യമുള്ളവർ കേരള സന്നദ്ധപ്രവർത്തകരുടെ റജിസ്ട്രേഷൻ ലിങ്ക് വഴി സ്വന്തം പേരും വിവരങ്ങളും റജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ പാലിയേറ്റീവ് കെയർ കോഓർഡിനേറ്റർ പി.ഷിജി ശേഖർ പറഞ്ഞു. രോഗികൾ, സന്നദ്ധസംഘടനകൾ, സന്നദ്ധപ്രവർത്തകർ എന്നിവർക്കും റജിസ്റ്റർ ചെയ്യാം.
ജനകീയ ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, പ്രധാന ആശുപത്രികൾ എന്നിവ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]