മറയൂർ∙ വ്യാജ ശർക്കരയുടെ വരവും നിലം നികത്തലും കൃഷിക്ക് സർക്കാർ വേണ്ടത്ര പ്രോത്സാഹനം നൽകാത്തതും മറയൂർ, കാന്തല്ലൂർ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കാർഷിക മേഖല തളർന്നതോടെ കാർഷിക വൈവിധ്യത്തിനും പ്രകൃതിസൗന്ദര്യത്തിനും പ്രശസ്തമായ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾക്കു മങ്ങലേറ്റു തുടങ്ങി.
ഈ ഓണക്കാലത്ത് സഞ്ചാരികളുടെ എണ്ണത്തിൽ 30 – 40% വരെ കുറവുണ്ടായതായി പ്രാദേശിക ടൂറിസം ഓപ്പറേറ്റർമാർ പറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ജീപ്പ് സഫാരികൾ, കഫെറ്റീരിയകൾ, പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയെല്ലാം കനത്ത നഷ്ടം നേരിട്ടു.
തട്ടുതട്ടായുള്ള പൈതൃക കൃഷിഭൂമികളുടെ തനിമ നഷ്ടമാകുന്നത് സഞ്ചാരികളുടെ ആകർഷണം കുറയ്ക്കുന്നതായാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്
അപകടകാരി ഭൂമാഫിയ
വന്യമൃഗ ശല്യം കാരണമാണ് കൃഷി കുറയുന്നതെന്ന പ്രചാരണം നിലനിൽക്കുമ്പോഴും ഭൂമി കച്ചവടക്കാർ വ്യാപകമായി വില കയറ്റാൻ ശ്രമിക്കുന്നതാണ് കൃഷി കുറയാൻ പ്രധാന കാരണമെന്ന് കർഷകർ ആരോപിക്കുന്നു. ഭൗമസൂചികാ പദവി ലഭിച്ചതോടെ കരിമ്പിന്റെ വില ഉയർന്നെങ്കിലും റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ ഭൂമി വാങ്ങി വ്യാപകമായി വയൽ നികത്തുന്നുണ്ട്.
മറയൂരിലെ കരിമ്പുകൃഷി 2500 ഏക്കറിൽ നിന്ന് 700 ഏക്കറിലേക്ക് ചുരുങ്ങിയതായി കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിന്റെ ‘കേരള ഡവലപ്മെന്റ് റിപ്പോർട്ട് 2021’ പ്രകാരം, ഇടുക്കി ജില്ലയിലെ ഭൂമി പരിവർത്തനം, കാർഷിക ഉൽപാദനം 20-30% കുറച്ചു. യുഎൻഡിപിയുടെ ‘മൂന്നാർ ലാൻഡ്സ്കേപ്പ് പ്രോജക്ട്’ റിപ്പോർട്ട് (2024) വനനശീകരണം 6.3% വർധിച്ചതായി ചൂണ്ടിക്കാട്ടുന്നു.
ഇത് മറയൂരിലെ നീർത്തടങ്ങളെ ബാധിക്കുന്നു. കാന്തല്ലൂർ പഞ്ചായത്തിന്റെ 2023ലെ റിപ്പോർട്ട് പ്രകാരം, ഭൂമി പരിവർത്തനം കാരണം കൃഷിഭൂമി 15% കുറഞ്ഞു.
ഇതെല്ലാം വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറച്ചു.
കാറ്റിൽ പറന്ന് നിയമം
നിയമങ്ങളും നിരോധനങ്ങളും ഏറെയുണ്ടെങ്കിലും മറയൂരിൽ അതെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട
നിയമ (ആക്ട് 28 ഓഫ് 2008) പ്രകാരം, ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി (പാടശേഖരം / നീർത്തടം) നികത്തുന്നതിന് സെക്ഷൻ 3 പ്രകാരം നിരോധനമുണ്ട്.
സെക്ഷൻ 13 പ്രകാരം, ലംഘനത്തിന് 2 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷയുണ്ട്. മറയൂരിലെ ഭൂമി പരിവർത്തനം ഈ നിയമം ലംഘിക്കുന്നതാണെന്ന് 2022ലെ കേരള ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെട്ടിടനിർമാണ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലക്ഷ്മി മറയൂർ പഞ്ചായത്തിനെതിരെ നൽകിയ പരാതിയിലാണ് ഡേറ്റ ബാങ്കിലെ ഭൂമി പരിവർത്തനം നിരോധിച്ചതായി ഹൈക്കോടതി ഉത്തരവിട്ടത്.
ഇതു ലംഘിച്ചും നികത്തൽ തുടരുകയാണ്. മറയൂർ-മൂന്നാർ പാതയിലെ നീർത്തടം നികത്തൽ വില്ലേജ് ഓഫിസറുടെ ഒത്താശയോടെയാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. 2024ലെ കണക്കു പ്രകാരം ഇടുക്കി ജില്ലയിൽ ഭൂമി പരിവർത്തനത്തിനായി 2,68,466 അപേക്ഷകളാണുള്ളത്.
ലൈഫ് ഭവന പദ്ധതിക്ക് അനുമതി നിഷേധിക്കുമ്പോളാണ് വൻകിടക്കാർക്ക് ഭൂമി നികത്താൻ അനുവാദം നൽകുന്നതെന്ന് കർഷകർ പറയുന്നു.
കൃഷിയിലൂടെ ടൂറിസം
കൃഷിയും വിനോദസഞ്ചാരവും കുറയുന്നത് മറയൂർ – കാന്തല്ലൂർ മേഖലയെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിയമങ്ങൾ കർശനമായി നടപ്പാക്കിയാൽ മാത്രമേ ഈ പ്രദേശത്തിന്റെ പൈതൃകം സംരക്ഷിക്കാൻ കഴിയൂ.
മുനിയറകളും നന്നങ്ങാടികളും തേടിയായിരുന്നു ആദ്യം സഞ്ചാരികൾ മറയൂരിലേക്ക് എത്തിയിരുന്നത്. പിന്നീടാണ് വിവിധ വെള്ളച്ചാട്ടങ്ങൾ പ്രശസ്തമായത്.
തട്ടുകൃഷിയും സഞ്ചാരികളെ ആകർഷിച്ചു.
കൃത്യമായ ആസൂത്രണമില്ലായ്മയും നിയമം പാലിക്കാതെയുള്ള പ്രവർത്തനങ്ങളും മറയൂരിലെ ടൂറിസത്തിനു തിരിച്ചടിയാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.വിനോദ സഞ്ചാര മേഖലയെ പിടിച്ചു നിർത്തുന്നതിനായി കാന്തല്ലൂരിലെ ഹോംസ്റ്റേ ഉടമകൾ കൂട്ടായ്മ രൂപീകരിച്ച് കൃഷി പുനരുദ്ധാരണത്തിന് ശ്രമം തുടങ്ങിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]