യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘തീരുവ ഭൂത’ത്തെ കൂട്ടുപിടിച്ച് മെക്സിക്കോയും.
ഏഷ്യയിൽ നിന്നുള്ള കാർ ഇറക്കുമതിക്കുള്ള തീരുവ നിലവിലെ 20 ശതമാനത്തിലേക്ക് 50 ശതമാനമായി ഉയർത്താൻ മെക്സിക്കോ തീരുമാനിച്ചു. ചൈനയെ ഉന്നമിട്ടാണ് നീക്കമെങ്കിലും ഇന്ത്യയെയും അത് സാരമായി ബാധിക്കും.
ഇന്തൊനീഷ്യ, റഷ്യ, തുർക്കി, തായ്ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയെയും വലയ്ക്കും. വാഹന ഘടകങ്ങളുടെ ഇറക്കുമതിക്കും മെക്സിക്കോയുടെ പുതുക്കിയ തീരുവ ബാധകമാണ്.
മെക്സിക്കോ അൽപംകൂടി ജാഗ്രത പുലർത്തുമെന്നാണ് കരുതുന്നതെന്നും പ്രകോപനപരമായി പ്രവർത്തിക്കുംമുൻപ് ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തീരുവപ്പോരിൽ ട്രംപിനൊപ്പം നിൽക്കാനും അദ്ദേഹത്തിന്റെ പ്രീതി പിടിച്ചുപറ്റാനുമുള്ള ശ്രമമാണ് മെക്സിക്കോയുടേത്. ചൈനയും മെക്സിക്കോയും ദീർഘകാലമായി വ്യാപാര പങ്കാളികളാണ്.
ആ ബന്ധം തകർക്കുന്ന സമീപനം മെക്സിക്കോയിൽനിന്ന് ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും ചൈന പ്രതികരിച്ചു.
അതേസമയം, നോട്ടിഫിക്കേഷൻ പുറത്തിറക്കി 30 ദിവസത്തിനകം പുതിയ തീരുവ പ്രാബല്യത്തിലാകുമെന്ന് മെക്സിക്കോ വ്യക്തമാക്കി. രാജ്യതാൽപര്യവും വിപണിയുടെ സുരക്ഷയും ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് ചൈനയും തിരിച്ചടിച്ചു.
മെക്സിക്കോയിലേക്കുള്ള മൊത്തം 52 ബില്യൻ ഡോളർ (4.6 ലക്ഷം കോടി രൂപ) മതിക്കുന്ന ഇറക്കുമതിയെ പുതിയ തീരുവ ബാധിക്കും.
ഇന്ത്യയ്ക്കും വൻ ആഘാതം
ഇന്ത്യൻ വാഹന നിർമാതാക്കളുടെ ഏറ്റവും വലിയ കയറ്റുമതി വിപണികളിലൊന്നാണ് മെക്സിക്കോ. 2024-25ലെ കണക്കുപ്രകാരം ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ വിപണി മെക്സിക്കോയാണ്.
ജപ്പാൻ, യുഎഇ, ചിലെ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
ആഭ്യന്തര വാഹന വിപണിയുടെ താൽപര്യാർഥമാണ് ഇറക്കുമതിക്കാറുകളുടെ തീരുവ കൂട്ടുന്നതെന്ന് മെക്സിക്കോ വാദിക്കുന്നു. മെക്സിക്കോയിൽ ഏറ്റവുമധികം തൊഴിലുകളുള്ള മേഖലയുമാണ് വാഹന വിപണി.
മൂന്നരലക്ഷത്തോളം പേരുടെ തൊഴിൽ സംരക്ഷിക്കാനാണ് തീരുവ കൂട്ടുന്നതെന്നും മെക്സിക്കോ പ്രതികരിച്ചു. ചൈനീസ് കാറുകൾക്ക് റഷ്യ 60% തീരുവ ഈടാക്കുന്നുണ്ടെന്നും ബ്രസീൽ അടുത്തിടെ തീരുവ ചൈനീസ് ഇലക്ട്രിക് കാറുകളുടേത് 35 ശതമാനത്തിലേക്ക് കൂട്ടിയെന്നും മെക്സിക്കോ ചൂണ്ടിക്കാട്ടി.
മെക്സിക്കോയിൽ ചൈനീസ് വാഹനക്കമ്പനികൾ ആഭ്യന്തര കമ്പനികളെ മറികടന്ന് വിപണിവിഹിതം പിടിക്കുന്നതും തീരുവ വർധനയ്ക്ക് കളമൊരുക്കിയിട്ടുണ്ട്.
ട്രംപിന്റെ സമ്മർദം
ലാറ്റിൻ അമേരിക്കയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിൽ യുഎസിന് ആശങ്കയുണ്ട്. ചൈനയുമായുള്ള സാമ്പത്തിക സഹകരണങ്ങൾ കുറയ്ക്കണമെന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കുമേൽ യുഎസ് സമ്മർദം ചെലുത്തുന്നുമുണ്ട്.
ഏഷ്യൻ കാറുകൾക്കുമേൽ മെക്സിക്കോ തീരുവ കൂട്ടിയതിന് പിന്നിലെ കാരണവും വേറെയല്ലെന്ന് നിരീക്ഷകർ പറയുന്നു. തീരുവ കൂട്ടിയത് വഴി മെക്സിക്കോ ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങളായിരിക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഒന്ന്, ഇറക്കുമതി തീരുവ വഴിയുള്ള വരുമാനം കൂട്ടാം. രണ്ട്, ട്രംപിന്റെ പ്രീതി നേടിയെടുക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]