കോഴിക്കോട്∙ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായ അമ്മ പ്രധാനപാട്ടുകാരി. ഡോക്ടർ മുതൽ ഏഴാം ക്ലാസുകാരി വരെയുള്ള 5 മക്കൾ സഹപാട്ടുകാർ.
പിന്നണിയിൽ അച്ഛൻ. ഇന്നു വൈകിട്ട് ടൗൺഹാളിലെ വേദിയിൽ പാട്ടിന്റെ ലോകമൊരുക്കാൻ ഒരു കുടുംബം ഒന്നടങ്കം മൈക്ക് കയ്യിലെടുക്കുകയാണ്.മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ശാസ്താപുരിയിൽ രേഖ സജിത്താണ് ഇന്നു ടൗൺഹാളിൽ നടക്കുന്ന പരിപാടിയിലെ പ്രധാന പാട്ടുകാരി.
ഇവരുടെ മക്കളായ എസ്.അഭിജിത്ത്, എസ്.അഭിറാം, എസ്.അഭിരാമി, എസ്.അഭിമന്യു, എസ്.ശിവകാമി എന്നിവരാണ് രേഖയുടെ കൂടെ പാട്ടുകളുമായി എത്തുന്നത്.
കോർപറേഷന്റെ മുൻ ടൗൺ സർവേയർ പി.സജിത്കുമാറിന്റെ ഭാര്യയാണ് രേഖ സജിത്ത്. ഇന്നത്തെ പരിപാടിയിൽ സംഘാടകനായി സജിത്തും വേദിയിലുണ്ടാവും.കുട്ടിക്കാലത്ത് മോണോആക്റ്റും അഭിനയവും നൃത്തവുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന രേഖ സജിത്ത് മക്കൾ പാട്ടുപഠിക്കാൻ ക്ലാസിലേക്ക് കൊണ്ടുപോയി തുടങ്ങിയതോടെയാണ് പാട്ടിന്റെ വഴിയിലേക്ക് വന്നത്.
മക്കൾ മൂന്നര വയസ്സുതൊട്ട് സംഗീതപഠനം തുടങ്ങി. സംഗീതാധ്യാപകൻ ഉദയഭാനുവിന്റെയും സംഗീതാധ്യാപിക സജിത നാരായണന്റെയും ശിഷ്യരാണ് മക്കൾ.
കുട്ടികൾ ക്ലാസിനകത്ത് പാട്ടുപഠിക്കുമ്പോൾ പുറത്തിരുന്ന് അതുകേട്ടു കേട്ടാണ് രേഖ പഠനം തുടങ്ങിയത്.
പാട്ടുകൾ മാത്രമുള്ള കൂട്ടായ്മകളിൽ എത്തിപ്പെട്ടതോടെയാണ് വേദികളിൽ പാടാൻ തുടങ്ങിയത്.ജോലിസമ്മർദത്തിൽനിന്നു രക്ഷ തേടി രേഖ സജിത്ത് എൽഎൽബിയും എംബിഎയും കൗൺസലിങ്ങിൽ ഡിപ്ലോമയും പൂർത്തിയാക്കി. അഭിനേത്രിയുമാണ്.
വി.എം.വിനു സംവിധാനം ചെയ്ത പെൺപട്ടണം എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. വിവിധ സിനിമകളിലും ഷോർട്ഫിലിമുകളിലും ഡോക്യുമെന്ററികളിലും ക്യാമറയ്ക്കു മുന്നിലെത്തി.
ജീവനക്കാർക്കുവേണ്ടി കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ തിരുവനന്തപുരം സൗത്ത് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് കലാതിലകമായി.
സിബിഎസ്ഇ കലോത്സവങ്ങളിൽ ലളിതഗാനം, ശാസ്ത്രീയസംഗീതം, നാടോടിനൃത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ വിജയികളാണ് മക്കൾ.മൂത്തമകൻ എസ്.അഭിജിത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം എംഡി പ്രവേശനത്തിനുള്ള തയാറെടുപ്പിലാണ്. രണ്ടാമത്തെ മകൻ എസ്.അഭിറാം ബിടെക് പൂർത്തിയാക്കി.
മകൾ എസ്.അഭിരാമി ദേവഗിരിയിൽ ബിഎസ്സി സൈക്കോളജി അവസാനവർഷ വിദ്യാർഥിയാണ്.
ഇളയമകൻ എസ്.അഭിമന്യു റേയ്സ് പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഇളയമകൾ എസ്.ശിവകാമി മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിൽ ഏഴാംക്ലാസ് വിദ്യാർഥിയാണ്.ഗ്രാമഫോൺ ശാസ്താപുരി അവതരിപ്പിക്കുന്ന സംഗീതമേഘം കലാനിശ ടൗൺഹാളിൽ വൈകിട്ട് 5.30ന് ഗായകൻ പി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
25 പാട്ടുകളാണ് കുടുംബം വേദിയിൽ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സഹഗായകരായി ശുഭലക്ഷ്മി, ഫൈസൽ, സുശാന്ത്, യദുനന്ദ എന്നീ ഗായകരുമെത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]