ആലപ്പുഴ ∙ ജോലി ചെയ്യുന്നവരും അല്ലാത്തവരും എന്നുതന്നെ തരംതിരിച്ച് അധ്യാപകരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സിആർ) എടുക്കണമെന്ന് ആവർത്തിച്ച് മന്ത്രി വി.ശിവൻകുട്ടി. നിർദേശം അധ്യാപക സംഘടനാ നേതാക്കളുടെ മുന്നിൽ വച്ചിട്ടുണ്ട്.
അവരുമായുള്ള ചർച്ചയിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ സിആർ റിപ്പോർട്ട് എടുക്കുന്നതു പ്രിൻസിപ്പൽമാരുടേതു മാത്രമാണ്. എന്തുകൊണ്ട് അധ്യാപകരുടെ എടുക്കുന്നില്ല.
വീട്ടിൽ പോലും സമയത്തു പോകാതെ, സ്കൂളിൽ കൂടുതൽ സമയം ചെലവഴിച്ച് നന്നായി പഠിപ്പിക്കുകയും, പാഠ്യേതര പ്രവർത്തനങ്ങളിൽ നന്നായി ഇടപെടുകയും ചെയ്യുന്നവരുണ്ട്.
എന്നാൽ, സമയത്ത് ക്ലാസിൽ വരാതെ, പരീക്ഷാ ഡ്യൂട്ടിക്ക് പോകാതെ, ഉത്തരക്കടലാസ് നോക്കാൻ പോകാതെ, സമയത്ത് പഠിപ്പിച്ചു തീർക്കാതെ, ക്ലാസിൽ വന്നാൽ തന്നെ പകുതി ഉറക്കം, പകുതി മറ്റു പലതും ഇങ്ങനെയുള്ള അധ്യാപകരുമുണ്ട്. ഇതൊക്കെ സിആർ റിപ്പോർട്ടിൽ തരംതിരിക്കേണ്ടതല്ലേ– മന്ത്രി ചോദിച്ചു.ഡിഇഒ, എഇഒമാരുടെ പ്രവർത്തനത്തിലുള്ള അതൃപ്തിയും മന്ത്രി പരസ്യമാക്കി.
നിലവിൽ ഇതു സ്ഥാനക്കയറ്റ നിയമനമാണ്. ഉത്തരവാദിത്തം നിറവേറ്റാൻ ഇവർക്കു പറ്റുന്നില്ലെങ്കിൽ ഈ പദവികളിൽ നേരിട്ടു നിയമനം നടത്തുന്നതാണ് നല്ലത്.
ഡിഇഒ, എഇഒ ഓഫിസുകളിൽ ഫയൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്നും മന്ത്രി വിമർശിച്ചു.
‘‘നല്ലൊരു ശതമാനം ഫയലുകളും കെട്ടിക്കിടക്കുന്നത് ആ ഓഫിസുകളിലാണ്. ഡിഇഒ, എഇഒമാർക്ക് എല്ലാ കാര്യത്തിലും സംശയമാണ്.
എങ്ങനെയെങ്കിലും ആറോ, ഏഴോ മാസം ഇരുന്നിട്ട് വിരമിക്കണം, അതുകൊണ്ടു ഫയൽ നോക്കില്ല. ഇവരുടെ ഓഫിസുകളിൽ ഏതെങ്കിലും കീഴ്ജീവനക്കാരനോ, ക്ലാർക്കോ ഉണ്ടാകും.
ആ വ്യക്തിയുടെ കയ്യിലായിരിക്കും ഫയലെല്ലാം. ഒപ്പിട്ടാൽ വിജിലൻസ് കേസിൽ പെടുമെന്ന് അയാൾ ഉപദേശിക്കും.
അതോടെ ഉദ്യോഗസ്ഥൻ ഒപ്പിടില്ല.
ഡിഇഒ, എഇഒമാർ സ്കൂൾ സന്ദർശനവും നടത്തുന്നില്ല. മൂന്നു മാസത്തിലൊരിക്കൽ സ്കൂളുകളിൽ പോകണമെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്.
പറ്റില്ലെങ്കിൽ ഈ പദവികളിൽ നേരിട്ടു നിയമനം നടത്താം– ശിവൻകുട്ടി പറഞ്ഞു. കിഫ്ബി ഫണ്ട് വിനിയോഗിച്ച് ആര്യാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]