കാസർകോട് ∙ എൻഡോസൾഫാൻ കുഴിച്ചു മൂടിയതായി പറയപ്പെടുന്ന മിഞ്ചിപദവിലെ പ്ലാന്റേഷൻ കോർപറേഷൻ (പിസികെ) എസ്റ്റേറ്റിലെ കിണറുകൾ കുഴിച്ച് മണ്ണിലെ എൻഡോസൾഫാൻ സാന്നിധ്യം പരിശോധിക്കാനും പരിഹാരം നിർദേശിക്കാനും വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ഇടക്കാല അപേക്ഷയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടി ദേശീയ ഹരിത ട്രൈബ്യുണൽ (എൻജിടി). അടുത്ത മാസം നടക്കുന്ന സിറ്റിങ്ങിനു മുൻപ് ഇക്കാര്യത്തിലുള്ള നിർദേശങ്ങൾ സമർപ്പിക്കണമെന്ന് എൻജിടി ചെന്നൈ ബെഞ്ച് ഉത്തരവിട്ടു.
കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു പുറമെ പിസികെ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി), സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരോടും മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവർക്ക് ഇടക്കാല അപേക്ഷയുടെ പകർപ്പ് നൽകാനും ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണ, വിദഗ്ധ അംഗം സത്യഗോപാൽ കോർളപാടി എന്നിവർ ഉത്തരവിട്ടു.
കേരള–കർണാടക അതിർത്തിയായ മിഞ്ചിപദവിലെ പിസികെ എസ്റ്റേറ്റിൽ അശാസ്ത്രീയമായി എൻഡോസൾഫാൻ കുഴിച്ചുമൂടിയത് കാസർകോടിലേതിനു സമാനമായി കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ കേസ് പരിഗണിക്കവെ അദ്ദേഹം തന്നെയാണ് ഇടക്കാല അപേക്ഷ നൽകിയത്.
ഇക്കാര്യം പരിശോധിക്കാൻ നേരത്തെ സിപിസിബിയെ ചുമതലപ്പെടുത്തുകയും ദക്ഷിണ മേഖല റീജനൽ ഡയറക്ടർ ഡോ. ജെ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തിരുന്നു.
കുഴിച്ചുമൂടിയതായി പറയപ്പെടുന്ന 5 കിണറുകൾ 100 അടി ആഴത്തിൽ പരിശോധിക്കണമെന്നും കുഴിച്ചുമൂടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം നൽകിയ റിപ്പോർട്ട്.
കഴിഞ്ഞ വർഷം ജനുവരി മാസത്തിൽ റിപ്പോർട്ട് കൈമാറിയെങ്കിലും ഇക്കാര്യത്തിൽ തുടർ നടപടികളില്ലാത്തതിനാലാണ് പരാതിക്കാരൻ ഇടക്കാല അപേക്ഷ നൽകിയത്.
അതേസമയം, എൻഡോസൾഫാൻ കുഴിച്ചുമൂടിയിട്ടില്ലെന്നും കിണറുകൾ കുഴിച്ച് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നുമാണ് ഇതിനു പിസികെ നൽകിയ മറുപടി. എൻജിടി നിർദേശത്തെ തുടർന്ന് സിപിസിബിയുടെ മേൽനോട്ടത്തിൽ പിസികെയുടെ കാസർകോട്, പാലക്കാട് ജില്ലകളിൽ കെട്ടിക്കിടക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
ഇവ നിർവീര്യമാക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ മാസം പുതിയ ബാരലുകളിലേക്ക് മാറ്റിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]