അഞ്ചാലുംമൂട്∙ ഹൈസ്കൂൾ അധ്യാപകനും പ്ലസ്ടു വിഭാഗം വിദ്യാർഥിയും തമ്മിൽ കയ്യാങ്കളിയുണ്ടായ സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. കഴിഞ്ഞ ദിവസം വൈകിട്ട് 3ന് അഞ്ചാലുംമൂട് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. വിദ്യാർഥികളോട് ക്ലാസിൽ പോകാൻ ആവശ്യപ്പെട്ടതു സംബന്ധിച്ചുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ സമാപിച്ചത്. അധ്യാപകന്റെ ഇടിയേറ്റ് മൂക്കിന് ഗുരുതരമായ പരുക്കേറ്റ വിദ്യാർഥിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റ അധ്യാപകൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദ്യാർഥിയുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. സംഭവത്തിൽ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകൻ മുഹമ്മദ്റാഫിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഡിഇഒ അറിയിച്ചു.
ഹൈസ്കൂൾ കെട്ടിടത്തിന് സമീപം നിന്ന പ്ലസ്ടു വിദ്യാർഥിയോടെ അധ്യാപകൻ ക്ലാസിൽ പോകാൻ ആവശ്യപ്പെട്ടു. ക്ലാസിലേക്ക് നടന്നു പോയ തന്നെ ഓടിപ്പോകാൻ ആവശ്യപ്പെട്ട് അധ്യാപകൻ പിന്നിൽ നിന്ന് തള്ളിയെന്നും മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടെ മുന്നിൽവച്ച് താക്കോൽ ഉപയോഗിച്ച് മുഖത്ത് ഇടിച്ചെന്നും ആണ് വിദ്യാർഥിയുടെ പരാതി.
എന്നാൽ ഒരു വിദ്യാർഥിനിയോട് മോശം വാക്കുകൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി ലഭിച്ചിരുന്നതായും സമിതി ചെയർമാൻ കലക്ടറുടെ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കുട്ടിയോടും സ്കൂൾ പ്രിൻസിപ്പിലിനോടും കാര്യങ്ങൾ അന്വേഷിക്കുകയും നിയമ നടപടികൾക്കായി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി കൈമാറുകയും ചെയ്തതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻ ദേവ് അറിയിച്ചു. സമിതി വിദ്യാഭ്യാസ മന്ത്രിക്കും വിവരങ്ങൾ നൽകിയിട്ടുണ്ട്. കുട്ടിയുടെ ചികിത്സയുടെ കാര്യങ്ങളിലും സഹായങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]