കൊല്ലം ∙ കോളജ് ജംക്ഷനിൽ മാസങ്ങൾക്കു മുൻപ് ഭാഗികമായി മുറിച്ചു നീക്കിയ ആൽമരം പൂർണമായും നീക്കണമെന്ന ആവശ്യം ശക്തമായി. 9 മാസങ്ങൾക്കു മുൻപ് ഈ ആൽമരത്തിന്റെ വലിയൊരു ശിഖരം ഒടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഇവിടെ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിലെ ഡ്രൈവർ മരിച്ചിരുന്നു.
അപകടത്തിൽ കാറിന് ഒപ്പം സമീപത്തെ ക്ഷേത്രത്തിനും കടകൾക്കും വലിയ നാശനഷ്ടം ഉണ്ടായി. ഇത്രയും വലിയ അപകടം ഉണ്ടായിട്ടും അന്ന് ആൽമരം പൂർണമായും മുറിച്ചു നീക്കിയില്ല.
അവശേഷിക്കുന്ന വലിയ ശിഖരങ്ങൾ പലതും ദ്രവിച്ച് ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന നിലയിലാണിപ്പോൾ.
എത്രയും വേഗം ഇവ മുറിച്ചു നീക്കിയില്ലെങ്കിൽ മറ്റൊരു ദുരന്തത്തിനു കൂടി സാക്ഷിയാകേണ്ടി വരുമെന്ന് ക്ഷേത്രം പ്രസിഡന്റ് എ.ഷാജി പ്രതികരിച്ചു. കോർപറേഷൻ അധികൃതർക്ക് അറിയാത്തതല്ല ഇത്.
ദേശീയപാത അതോറിറ്റി എൻജിനീയറുമായി സംസാരിച്ച് ഉടൻ ആൽമരം പൂർണമായും മുറിച്ചു നീക്കാനുള്ള നടപടി കൈക്കൊള്ളാം എന്നായിരുന്നു കോർപറേഷൻ അധികൃതരുടെ ഉറപ്പ്. എന്നാൽ, മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും വാക്കു പാലിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ കോർപറേഷൻ കൗൺസിൽ യോഗത്തിലും ഇക്കാര്യം കൗൺസിലർമാർ ഉന്നയിച്ചിരുന്നു. ദിവസങ്ങൾ കഴിയുന്തോറും മരം കൂടുതൽ അപകടാവസ്ഥയിൽ ആയിക്കൊണ്ടിരിക്കുകയാണ്.
അന്ന് അപകടം സംഭവിച്ചപ്പോൾ റോഡിൽ തിരക്കു കുറവായതിനാലാണ് അതു വലിയ ദുരന്തം ആകാതെയിരുന്നത്.
ഒാരോ മിനിറ്റിലും നൂറുകണക്കിനു വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഈ ആലിനു സമീപത്തു കൂടിയാണു കടന്നുപോകുന്നത്. മാത്രമല്ല, റെയിൽവേ ഗേറ്റ് തുറക്കുന്നതു കാത്ത് ഒട്ടേറെ വാഹനങ്ങളും ഇതിനോടു ചേർന്നാണു നിർത്തുന്നത്.
പ്രശ്നത്തിൽ കോർപറേഷൻ ഇടപെടാത്തതിനെത്തുടർന്നു ക്ഷേത്രം ഭാരവാഹികൾ കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]