കാഠ്മണ്ഡു: നേപ്പാളിനെ ഇളക്കിമറിച്ച ജെൻ സി പ്രക്ഷോഭത്തിൽ പങ്കെടുത്ത 73 കാരിയായ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് സൂചന. ജെൻ സികൾ സുശീല കർക്കിയെ ഇടക്കാല സർക്കാരിനെ നയിക്കാൻ തെരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ കർക്കി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെൻ സികളുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കാഠ്മണ്ഡു മേയർ ബാലൻ ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെയാണ് സുശീലയുടെ പേര് ഉയർന്നത്. സോഷ്യൽ മീഡിയ നിരോധനത്തിൽ തുടങ്ങിയ ജെൻ സി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയും സർക്കാരിലെ മറ്റ് മന്ത്രിമാരും പ്രസിഡന്റും രാജിവച്ചിരുന്നു.
പുതിയ സർക്കാർ ഔദ്യോഗികമായി നിയമിതമാകുന്നതുവരെ സുശീല കർക്കി ഇടക്കാല സർക്കാരിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആരാണ് സുശീല കർക്കി 1952 ജൂൺ 7 ന് നേപ്പാളിലെ ബിരാട്നഗറിൽ ജനിച്ച സുശീല കർക്കി, നിയമരംഗത്തും വാദപ്രവർത്തനത്തിലും അതുല്യമായ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.
1972 ൽ ബിരാട്നഗറിലെ മഹേന്ദ്ര മൊറാങ് കാമ്പസിൽ നിന്ന് ബി എ ബിരുദവും 1975 ൽ വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്ട്രീയശാസ്ത്രത്തിൽ എം എയും 1978 ൽ നേപ്പാളിലെ ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും (എൽ എൽ ബി) നേടി. 1979 ൽ ബിരാട്നഗറിൽ അഭിഭാഷക വൃത്തി ആരംഭിച്ച സുശീല 1985 ൽ ധരനിലെ മഹേന്ദ്ര മൾട്ടിപ്പിൾ കാമ്പസിൽ അസിസ്റ്റന്റ് അധ്യാപികയായി ജോലി ചെയ്തു.
2007 ൽ സീനിയർ അഡ്വക്കേറ്റായി മാറിയ കർക്കി, 2009 ൽ സുപ്രീം കോടതിയിൽ താൽക്കാലിക ജസ്റ്റിസായും 2010 ൽ സ്ഥിരം ജഡ്ജിയായും നിയമിതയായി. 2016 ജൂലൈ 11 മുതൽ 2017 ജൂൺ 7 വരെ നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു.
ചീഫ് ജസ്റ്റിസ് എന്ന നിലയിൽ, സുശീല കർക്കി പരിവർത്തന നീതി, തെരഞ്ഞെടുപ്പ് തർക്കങ്ങൾ തുടങ്ങിയ നിർണായക കേസുകളിൽ വിധി പറഞ്ഞിട്ടുണ്ട്. 2017 ഏപ്രിൽ 30 ന് മാവോയിസ്റ്റ് സെന്ററും നേപ്പാളി കോൺഗ്രസും ചേർന്ന് അവർക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് നോട്ടീസ് സമർപ്പിച്ചെങ്കിലും ജനകീയ പ്രതിഷേധവും സുപ്രീം കോടതിയുടെ താൽക്കാലിക ഉത്തരവും കാരണം ഈ നീക്കം പിൻവലിക്കപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]