മാന്നാർ ∙ ഒരു മാസം മുൻപ് അപകടമുണ്ടായ കീച്ചേരിക്കടവ് പാലത്തിന്റെ തൂണുകളിലും അടർന്നു നിലംപൊത്തിയ ഗർഡറിലും മാലിന്യശേഖരം. ഇത് നീരൊഴുക്കിനു തടസ്സമാകുന്നതായി പരാതി. കഴിഞ്ഞ മാസം 4നാണ് അച്ചൻകോവിലാറ്റിലെ ചെന്നിത്തല– ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിച്ചു നിർമിക്കുന്ന കിച്ചേരിക്കടവ് പാലത്തിന്റെ അവസാന ഘട്ട
ബീമിന്റെ കോൺക്രീറ്റ് നടക്കുന്നതിനിടയിൽ ഗർഡർ തകർന്ന് ആറ്റിൽ പതിച്ചതും നിർമാണത്തൊഴിലാളികളായ മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തി (24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻചിറ ബിനു ഭവനത്തിൽ ജി. ബിനു (42) എന്നിവർ മരിച്ചതും. ഗർഡറോ കോൺക്രീറ്റിനു ഉപയോഗിച്ച സാമഗ്രികളോ ഇവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല.
അന്വേഷണം നടക്കുന്നതിനാലാണ് ഇവ മാറ്റാത്തതെന്നാണ് അധികൃതർ പറയുന്നത്. ആറ്റിൽ വീണു കിടക്കുന്ന ഗർഡറടക്കമുള്ള സാധനസാമഗ്രികളിൽ തങ്ങി നിൽക്കുകയാണ് മാലിന്യക്കൂമ്പാരം.
അച്ചൻകോവിലാറിലൂടെ ഒഴുകിയെത്തുന്ന കിഴക്കൻ മലവെള്ളത്തോടൊപ്പമെത്തിയ വലിയ തടികൾ, മുളക്കൂട്ടങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവ ഇവിടെ തങ്ങി നിൽക്കാൻ തുടങ്ങിയിട്ടും അഞ്ചാഴ്ചയായി എന്ന് പരിസരവാസിയും ചെന്നിത്തലയിലെ മുൻപഞ്ചായത്തംഗവുമായ തോമസ് കുട്ടി കടവിൽ പറഞ്ഞു. ഗർഡറുകളടക്കം നീക്കം ചെയ്താലേ ഇതു ഇവിടെ നിന്നു മാറൂ.
കീച്ചേരിക്കടവ് പാലം കടന്നുപോകുന്ന വള്ളങ്ങൾക്കും ഇതു തടസ്സമാണ്.
ഉപജീവനത്തിനു പോകാനാകുന്നില്ലെന്നാണ് അവരുടെ പരാതി. കഴിഞ്ഞ 6ന് ചെന്നിത്തല വാഴക്കൂട്ടംകടവിൽ നടന്ന സന്തോഷ് ട്രോഫി ജലോത്സവത്തിനു പടിഞ്ഞാറൻ പ്രദേശത്തു നിന്നുമെത്തിയ വള്ളങ്ങൾ പാലം കടക്കാൻ ഏറെ പാടുപെട്ടു.
ബോട്ടുകളെത്തി കെട്ടിവലിച്ചും ആൾക്കാർ ആറ്റിലിറങ്ങി വഴിയൊരുക്കിയുമാണ് വള്ളങ്ങൾ കിച്ചേരിക്കടവ് പാലം കടന്ന് കിഴക്കോട്ടു പോയത്.ഗർഡർ മാറ്റി, നിലച്ച പാലം നിർമാണം വേഗത്തിൽ ആരംഭിക്കണമെന്നും മാലിന്യം നീക്കം ചെയ്തു നീരൊഴുക്കു സുഗമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]