നഗരൂർ∙ കരവാരം വഞ്ചിയൂർ ജംക്ഷനിൽ ബസ് കാത്തു നിന്ന യുവതിക്കും അമ്മയ്ക്കും കുഞ്ഞിനും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു പേർ റിമാൻഡിൽ. കട്ടപ്പറമ്പ് കമുങ്ങറ വീട്ടിൽ ബൈജു (52),വഞ്ചിയൂർ കുന്നിൽ വീട്ടിൽ എസ്.ആദേഷ് (43)എന്നിവരാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്.
മദ്യലഹരിയിലായിരുന്നു ഇവർ. മൂന്നു പൊലീസുകാർക്കും പരുക്കേറ്റു. ചൊവ്വ വൈകിട്ട് ഏഴുമണിയോടെ ആണ് സംഭവം.
കട്ടപ്പറമ്പ് ഇടവിളാകത്തു വീട്ടിൽ എം.ആതിര(32),ആറു വയസ്സുകാരി മകൾ നന്ദിത, ആതിരയുടെ മാതാവ് ആർ.ലാലി എന്നിവർക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.
ദിവസങ്ങളായി ആതിരയെയും കുടുംബത്തെയും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു പ്രതികൾ. സംഭവം അറിഞ്ഞ് സ്ഥലത്തെത്തി പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇൻസ്പെക്ടർ ശ്രീഗോവിന്ദ്, സിപിഒമാരായ നിഖിൽ, ബിനു എന്നിവർക്കു പരുക്കേറ്റത്. യുവതി പൂവൻപാറയിലുള്ള അമ്മയുടെ വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ പ്രതികൾ ആക്രമിക്കാൻ ശ്രമിക്കുകയും കുഞ്ഞിനെ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയുമായിരുന്നു.
യുവതിയും അമ്മയും കുട്ടിയും നിലവിളിച്ച് സമീപത്തെ കടയിൽ അഭയം തേടി.
തുടർന്ന് പ്രതികൾ വധഭീഷണി മുഴക്കി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരുമായും സംഘർഷമുണ്ടായി. കേശവപുരം സിഎച്ച്സിയിൽ പ്രവേശിപ്പിച്ച പ്രതികൾ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനാൽ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഇരുവരും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
യുവതി നേരിട്ടത് നിരന്തരപീഡനം; ഭയന്ന് കഴിഞ്ഞത് ‘ഒളിവിൽ’
നഗരൂർ∙ പ്രതികളുടെ അക്രമത്തെക്കുറിച്ച് യുവതി ശനിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. നാലു ദിവസം മുൻപു രാത്രി യുവതിയുടെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു.
പേടിച്ച് ലൈറ്റ് പോലും ഒാൺ ചെയ്യാതെയാണ് യുവതിയും മകളും കഴിഞ്ഞിരുന്നത്. ഇലക്ട്രിക് കണക്ഷൻ,വാട്ടർ ടാങ്കിന്റെ മൂടി എന്നിവ നശിപ്പിച്ചു.
ഇപ്പോൾ വീട്ടിൽ വൈദ്യുതി ഇല്ല. കൂടാതെ ജനാലകൾ വെട്ടുകത്തി ഉപയോഗിച്ച് നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം വെട്ടുകത്തിയുമായി വന്ന് കൊല്ലുമെന്ന് ഭീഷണി ഉയർത്തിയതായും കതകിൽ വെട്ടിയതായും ഇവർ പറഞ്ഞു.
ഇതിൽ ഭയന്നാണ് പൂവൻപാറയിലുള്ള അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. പകൽ അമ്മയോടൊപ്പം കട്ടപ്പറമ്പിലുള്ള വീട്ടിൽ വരും. പ്രതികളുടെ ശല്യം ഭയന്ന് വൈകിട്ടോടെ അമ്മയുടെ വീട്ടിലേക്ക് മടങ്ങും. ചൊവ്വാഴ്ച കട്ടപ്പറമ്പിലെ വീട്ടിൽ വന്ന ശേഷം മടങ്ങാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് പ്രതികൾ ആക്രമിക്കാൻ എത്തിയത്. മറ്റു വീട്ടുകാരെയും ഇവർ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]