ദില്ലി: അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന് ഏറെക്കാലമായി മുൻഗണന നൽകുന്ന രാജ്യമായി കണക്കാക്കപ്പെടുന്ന കാനഡ, ഒരു ദശാബ്ദത്തിനിടെ ഏറ്റവും കർശനമായ വിസാ നിയമങ്ങളാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഇത് ആഗോള വിദ്യാർത്ഥികളുടെ രാജ്യത്തേക്കുള്ള വരവിനെ വലിയ രീതിയിൽ ബാധിച്ചു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി)യുടെ കണക്കുകൾ പ്രകാരം, 2025ൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏകദേശം 80 ശതമാനം വിസ അപേക്ഷകളും നിരസിച്ചു. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40 ശതമാനം ഇന്ത്യക്കാരാണ്.
2025ന്റെ രണ്ടാം പാദത്തിൽ അഞ്ച് ഇന്ത്യൻ അപേക്ഷകരിൽ നാല് പേരുടെയും അപേക്ഷകൾ നിരസിച്ചതായി എജ്യുക്കേഷൻ ഔട്ട്ലെറ്റായ ദ പൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. കാനഡ സർക്കാരിന്റെ കണക്കനുസരിച്ച്, 2024-ൽ 1.88 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിരുന്നു.
ഇത് രണ്ട് വർഷം മുൻപുള്ളതിനേക്കാൾ ഇരട്ടിയിലധികമായിരുന്നു. രാജ്യം തിരിച്ചുള്ള കണക്കുകൾ ഒട്ടാവ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ ഉയർന്ന നിരക്ക് ഏഷ്യ, ആഫ്രിക്ക, മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളെയും ബാധിക്കുന്നുണ്ടെന്ന് ദ പൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇത് അന്താരാഷ്ട്ര വിദ്യാഭ്യാസത്തോടുള്ള കാനഡയുടെ സമീപനത്തിലെ മാറ്റം കാണിക്കുന്നു. ദശാബ്ദങ്ങളായി സുരക്ഷ, അവസരങ്ങൾ, മികച്ച സ്ഥാപനങ്ങൾ എന്നിവ കാരണം പല വിദ്യാർത്ഥികളുടെയും ഇഷ്ട
രാജ്യമായിരുന്നു കാനഡ. എന്നാൽ, നിലവിലെ കണക്കുകൾ വലിയ മാറ്റമാണ് കാണിക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ കാനഡയ്ക്കുള്ള മുൻഗണന 2022-ൽ 18 ശതമാനം ആയിരുന്നത് 2024ൽ വെറും ഒമ്പത് ശതമാനം ആയി കുറഞ്ഞു. അതേസമയം, ജർമ്മനി ഇപ്പോൾ 31 ശതമാനം മുൻഗണനയുമായി ഒന്നാം സ്ഥാനത്തെത്തി.
പാർപ്പിട പ്രതിസന്ധി, അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങൾ, പ്രാദേശിക പ്രതിഭകൾക്ക് മുൻഗണന നൽകാനുള്ള രാഷ്ട്രീയ ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട
ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് ഒട്ടാവ വിസ നയങ്ങൾ കർശനമാക്കിയത്. “ഐആർസിസി പുതിയ അപേക്ഷകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുന്നു എന്നത് വ്യക്തമാണ്,” ബോർഡർപാസിന്റെ വൈസ് പ്രസിഡന്റ് ജോനാഥൻ ഷെർമാൻ ദ പൈ ന്യൂസിനോട് പറഞ്ഞു.
കൂടാതെ, വിദ്യാർത്ഥികൾക്ക് കൂടുതൽ തടലങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. വിഎൻഎക്സ്പ്രസ് പറയുന്നതനുസരിച്ച്, കാനഡ വിദ്യാർത്ഥികൾക്ക് ആവശ്യമായ സാമ്പത്തിക രേഖയുടെ മിനിമം തുക 20,635 കനേഡിയൻ ഡോളറായി (ഏകദേശം 13.13 ലക്ഷം രൂപ) ഇരട്ടിയാക്കി.
അതേസമയം, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള തൊഴിൽ നിയമങ്ങളും കൂടുതൽ കർശനമാക്കി. 2025ൽ 4.37 ലക്ഷം പഠനാനുമതികൾ മാത്രമേ നൽകാൻ കാനഡ ഉദ്ദേശിക്കുന്നുള്ളൂ, ഇത് 2024-നെക്കാൾ ഏകദേശം 10 ശതമാനം കുറവാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]