ഇരിട്ടി ∙ കാലാവസ്ഥ ചതിച്ചു. കാലം തെറ്റിയും തുടർന്ന കനത്ത മഴയിൽ ആറളം ഫാമിലെ ചെണ്ടുമല്ലി പാടങ്ങൾ പൂത്തില്ല.
5 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആറളം ഫാമിൽ 7 ഏക്കറിലാണ് ഇക്കുറി ചെണ്ടുമല്ലി കൃഷി നടത്തിയത്. കഴിഞ്ഞ വർഷം 3 ഏക്കറിൽ നടത്തിയ പരീക്ഷണ കൃഷി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ കൂടുതൽ സ്ഥലത്ത് കൃഷി നടത്തിയത്.
കഴിഞ്ഞ വർഷം 3 ഏക്കറിൽ നിന്നു മാത്രം 2 ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നു.
ശാസ്ത്രീയ മാതൃക അവലംബിച്ചു നടത്തിയ കൃഷിയിൽ പൂക്കളുടെ എണ്ണവും വലുപ്പവും ഗുണമേന്മയും മികച്ചതായതിനാൽ സഞ്ചാരികളും ആറളം ഫാമിൽ കഴിഞ്ഞ വർഷം ഏറെ എത്തിയിരുന്നു. ഈ പ്രതീക്ഷകളെല്ലാം ഇക്കുറിയിലെ അതിവർഷം താളം തെറ്റിച്ചു. ബ്ലോക്ക് 8ൽ അണുങ്ങോട് കഴിഞ്ഞ വർഷം പൂക്കൃഷി നടത്തിയ സ്ഥലത്തു തന്നെയാണ് 7 ഏക്കറിലേക്ക് വ്യാപിപ്പിച്ചു ഇക്കുറി കൃഷി നടത്തിയത്.
ചെണ്ടുമല്ലി കൂടാതെ ഇത്തവണ വിവിധ നിറങ്ങളിൽ ജമന്തി, വാടാമല്ലി എന്നീ ഇനങ്ങൾ കൂടി കൃഷി ചെയ്തിരുന്നു.
ഓണത്തോട് അനുബന്ധിച്ചെങ്കിലും മഴയ്ക്ക് ശമനം പ്രതീക്ഷിച്ചതും അസ്ഥാനത്തായതോടെ 3 ഏക്കറിൽ കൃഷി ചെയ്ത ചെണ്ടുമല്ലിയും 2 ഏക്കറിൽ കൃഷി ചെയ്ത ജമന്തിയും മുരടിപ്പും മറ്റു അസുഖങ്ങളും ബാധിച്ചു പൂവിടാതെ വന്നതോടെയാണ് നഷ്ടത്തിലേക്കു കൂപ്പുക്കുത്തിയത്. അങ്ങിങ്ങു പൂവിട്ട ചെടികളിൽനിന്നു കനത്തമഴയിൽ വിളവെടുപ്പ് പോലും സാധ്യമല്ലായിരുന്നു.
ഓണത്തോട് അടുത്ത 2 ദിവസം കുറച്ചു പൂക്കൾ കിട്ടിയെങ്കിലും പേരിനു മാത്രം ആയിരുന്നു.
ഉൽപാദന ചെലവ് പോലും ലഭിക്കില്ലെന്ന് സൂചന
∙സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിന് നേരിയ ആശ്വാസം എങ്കിലും ലഭിക്കുമായിരുന്ന പൂക്കൃഷിയിൽ ഫലത്തിൽ ഉൽപാദന ചെലവ് പോലും ലഭിച്ചേക്കില്ലെന്ന് സൂചന. കഴിഞ്ഞ വർഷം ഓണം സീസണിൽ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കൾ കാണാൻ ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി കുടുംബങ്ങളാണ് എത്തിയത്.
സന്ദർശകർക്ക് ടിക്കറ്റ് ഏർപ്പെടുത്തി ഫോട്ടോ എടുക്കാനുള്ള സൗകര്യം ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു.സന്ദർശകരുടെ നല്ല പ്രതികരണം ലഭിച്ചതോടെ ഇത്തവണ കൂടുതൽ സൗകര്യങ്ങളും പൂക്കളും ഒരുക്കി കൂടുതൽ സന്ദർശകരെ ഫാമിലേക്കു ആകർഷിക്കാനായിരുന്നു ലക്ഷ്യം. അവശേഷിച്ച ചെടികളിൽ നിന്നു ഒക്ടോബറിൽ ആയുധ പൂജയോടനുബന്ധിച്ചുള്ള ആവശ്യങ്ങൾക്ക് പൂമാർക്കറ്റിൽ എത്തിക്കാനുള്ള ശ്രമം ഫാം അധികൃതർ നടത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]