കണ്ണൂർ ∙ മെനു മാറിയതോടെ അങ്കണവാടികളിലെ കുട്ടികൾ ഫുൾ ഹാപ്പി. പരിഷ്കരിച്ച മെനു അനുസരിച്ചുള്ള ഉച്ചഭക്ഷണം അങ്കണവാടികളിൽ ഇന്നലെ മുതൽ നൽകിത്തുടങ്ങി.
മുട്ടബിരിയാണിയും ഫ്രൂട്ട് കപ്പും ആയിരുന്നു ഉച്ചഭക്ഷണത്തിന്. രാവിലെ ന്യൂട്രി ലഡുവും വൈകിട്ട് അടയും.
ഇന്ന് രാവിലെ പാലും കടലമിഠായിയും ഉച്ചയ്ക്ക് കഞ്ഞിയും ചെറുപയറും തോരനും വൈകിട്ട് കൊഴുക്കട്ടയും. ഹാപ്പിയാകാൻ വേറെയൊന്നും വേണ്ടല്ലോ. കൊല്ലം ഓച്ചിറ പ്രയാർ സ്വദേശി കുട്ടിശങ്കു എന്ന ത്രിജൽ എസ്.സുന്ദർ ആണ് അങ്കണവാടിയിലെ ഉപ്പുമാവ് മാറ്റി ‘ബിർണാണിയും (ബിരിയാണി) പൊരിച്ചകോഴിയും’ വേണമെന്ന് സമൂഹമാധ്യത്തിലൂടെ ആവശ്യപ്പെട്ടത്. ത്രിജൽ എസ്.സുന്ദറിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രി വീണാ ജോർജ് അങ്കണവാടി ഭക്ഷണം പരിഷ്കരിക്കാൻ തീരുമാനിച്ചത്.
പഞ്ചസാരയുടെയും ഉപ്പിന്റെയും അളവുകുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഏകീകൃത മെനുവാണ് അങ്കണവാടികൾക്കായി തയാറാക്കിയത്.
രണ്ടു ദിവസം നൽകിയിരുന്ന പാലും മുട്ടയും 3 ദിവസമാക്കി. വളർച്ചയ്ക്കു സഹായകമായ ഊർജവും പ്രോട്ടീനും ലഭിക്കുന്ന രീതിയിൽ തയാറാക്കുന്ന ഭക്ഷണമൊരുക്കാൻ അങ്കണവാടി ഹെൽപർമാർക്ക് പരിശീലനം നൽകിയിരുന്നു.
ജില്ലയിലെ 2504 അങ്കണവാടികളിലും പുതിയ മെനു പ്രകാരം ഭക്ഷണം നൽകിയെന്ന് ജില്ലാ പ്രോഗ്രാം ഓഫിസർ സി.എ.ബിന്ദു പറഞ്ഞു.അങ്കണവാടികളിൽ നിലവിൽ ലഭിക്കുന്ന സമ്പുഷ്ടീകരിച്ച അരികൊണ്ടാണ് ഇന്നലെ ബിരിയാണിയുണ്ടാക്കിയത്.
കയമ അരികൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ചു ശീലിച്ച കുട്ടികൾക്ക് പുതിയ ബിരിയാണിയുടെ രുചി ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും പുഴുങ്ങിയ മുട്ട കൂടെയുണ്ടായപ്പോൾ അതൃപ്തി മാറി.
പച്ചക്കറികളും ധാന്യങ്ങളും കൂടുതൽ ഉൾക്കൊള്ളുതന്നതാണു പുതിയ മെനു. അങ്കണവാടികളിലെ തോട്ടത്തിലെ പച്ചക്കറികളും അക്ഷയപാത്രത്തിലേക്കു രക്ഷിതാക്കൾ കൊണ്ടുവരുന്ന പച്ചക്കറികളും ഉപയോഗപ്പെടുത്തിയാണ് പുലാവും തോരനുമൊക്കെയുണ്ടാക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]