തിരുവനന്തപുരം ∙ കൺനിറയെ കലാരൂപങ്ങൾ, തിങ്ങി നിറഞ്ഞ് ആൾക്കൂട്ടം. ജനസഞ്ചയത്തിന് ഏത് മൂഡ് എന്നു ചോദിച്ചാൽ ഒറ്റയുത്തരം മാത്രം: അടിപൊളി ഓണം മൂഡ് !
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് അനന്തപുരിയിൽ നടന്ന സാംസ്കാരിക ഘോഷയാത്ര പതിവുപോലെ കാഴ്ചയുടെ പൂരമാണു സമ്മാനിച്ചത്. നാഗകാളി തെയ്യം, ഓതര പടയണി, രുധിരക്കോലം, കോതാ മൂരിയാട്ടം തുടങ്ങി തലസ്ഥാനനഗരിക്കു പരിചിതമല്ലാത്ത കലാരൂപങ്ങളും വ്യത്യസ്ത ആശയങ്ങൾ പ്രതിഫലിപ്പിച്ച ഫ്ലോട്ടുകളും ഇത്തവണ അണിനിരന്നു.
വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ വീഥികളുടെ ഇരുവശവും തിങ്ങിനിറഞ്ഞ ആൾക്കൂട്ടം കാഴ്ചയുടെ വിരുന്ന് കണ്ണിമ ചിമ്മാതെ ആസ്വദിച്ചു.
ഘോഷയാത്രയുടെ വിളംബരം കുറിച്ചു കൊണ്ടുള്ള ബാനറിനു പിന്നിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ അണിനിരന്നു.
പിന്നാലെ കുതിരപ്പൊലീസ്, ആർമിയുടെ ബാൻഡ് സംഘം, എൻസിസി, സ്റ്റുഡൻസ് പൊലീസ് കെഡറ്റുകൾ അകമ്പടിയേകി. പിന്നാലെ വാദ്യസംഘവുമെത്തി.
ആലവട്ടവും വെഞ്ചാമരവും അണിചേർന്നു. മോഹിനിയാട്ടം, കഥകളി, മാർഗംകളി എന്നിവയ്ക്ക് പിന്നാലെ മാവേലിയുടെ രഥയാത്രയുടെ ആവിഷ്കാരം. വിദേശസഞ്ചാരി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഒരു ജലാശയത്തിൽ തോണി തുഴഞ്ഞു നീങ്ങുന്ന വിനോദസഞ്ചാര വകുപ്പിന്റെ ഫ്ലോട്ടാണ് ആദ്യം എത്തിയത്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരള പൊലീസിന്റെ ജാഗ്രത വിളിച്ചു പറയുന്നതായിരുന്നു പൊലീസിന്റെ ഫ്ലോട്ട്.
റോക്കറ്റിന്റെ ഭാഗവുമായി സൈക്കിളിൽ പോകുന്ന മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ കാലം മുതലുള്ള വിക്രം സാരാഭായ് സ്പേയ്സ് സെന്ററിന്റെ വളർച്ച ചിത്രീകരിച്ച വിഎസ്എസ്സിയുടെ ഫ്ലോട്ടും കൗതുകമായി. 10 ഫ്ലോട്ടുകൾ കടന്നു പോയതിനു പിന്നാലെ കലാരൂപങ്ങളെത്തി. 59 ഫ്ലോട്ടുകളും 80 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായിരുന്നു. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട
വരെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഹരിതചട്ടത്തിൽ അടിയുറച്ച്
വർണാഭമായ ഘോഷയാത്ര നടന്നത് പൂർണമായും ഹരിതചട്ടം പാലിച്ചാണു നടന്നതെന്നു ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് കപ്പുകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കിയിരുന്നു.
ഘോഷയാത്ര കടന്നുപോയ വഴികളിലും പൊതു ഇടങ്ങളിലും ബിന്നുകൾ സ്ഥാപിച്ചിരുന്നു. നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും സേവനസന്നദ്ധരായി എല്ലായിടത്തുമെത്തി.
ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡും തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ക്വാഡുകളും മേൽനോട്ടം വഹിച്ചു.
മിഴിയും മനവും നിറച്ച് കലാരൂപങ്ങൾ
ഇന്ത്യൻ കലകളുടെ പരിച്ഛേദമായി മാറി ഓണം ഘോഷയാത്രയിൽ നിരന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ. ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ കലകൾ ‘നാനാത്വത്തിൽ ഏകത്വ’മെന്ന പ്രമേയത്തെ മുൻനിർത്തിയാണ് അണി നിരത്തിയത്. ഇന്ത്യയിലെ 8 ക്ലാസിക്കൽ നൃത്ത രൂപങ്ങൾ, കേരളത്തിന്റെ മുടിയേറ്റ്, തെയ്യം, പടയണി, ഗൊപ്പിയാള നൃത്തം, മംഗലം കളി, ഇരുള നൃത്തം, രുധിരക്കോലം, അലാമിക്കളി, വനിത കോൽക്കളി, പാവപ്പൊലിമകൾ, ട്രാൻസ്ജെൻഡേഴ്സ് സംഘം അവതരിപ്പിച്ച അർധനാരീ നൃത്തം, മുറം ഡാൻസ്, ഉലക്ക ഡാൻസ്, പള്ളിവാൾ നൃത്തം, തുടങ്ങി ഒരു കാലഘട്ടത്തിന്റെ ഓർമയായ സൈക്കിൾ യജ്ഞമടക്കമുള്ള കലാരൂപങ്ങൾ മനം നിറച്ചുവെന്ന് കാണികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]