കാഞ്ഞിരപ്പുഴ ∙ പൂഞ്ചോല മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ കാട്ടാനകളെ ഉൾക്കാട്ടിലേക്കു തുരത്തും. വനമേഖലയോടു ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടി നീക്കാനും പഞ്ചായത്തിൽ ചേർന്ന ജനജാഗ്രത സമിതി യോഗത്തിൽ തീരുമാനം.
വരും ദിവസങ്ങളിൽ തീരുമാനം നടപ്പാക്കുമെന്നു മലയോര നിവാസികൾക്കും കർഷകർക്കും വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും ഉറപ്പ്.
ആഴ്ചകളായി നേരിടുന്ന കാട്ടാനശല്യത്തിനു പരിഹാരമാകുമെന്ന വിശ്വാസത്തിൽ ജനങ്ങളും.കഴിഞ്ഞ രണ്ടാഴ്ചയായി പൂഞ്ചോല പാമ്പൻതോട്, ഓടക്കുന്ന്, എട്ട്, അഞ്ച്, മൂന്ന് തുടങ്ങിയ ബ്ലോക്ക് പരിധികളിലുമാണു കാട്ടാനകളുടെ ശല്യം രൂക്ഷമായത്.പൊറുതിമുട്ടിയ കർഷകരുടെ ആശങ്കകൾ അറിയാനും പരിഹാരം കണ്ടെത്താനും വേണ്ടിയായിരുന്നു ജനജാഗ്രതാ സമിതിയോഗം ചേർന്നത്. കാട്ടാനകളുടെ സ്ഥാനം അറിഞ്ഞ ശേഷം അവയെ ഉൾക്കാട്ടിലേക്കു കയറ്റാൻ യോഗത്തിൽ തീരുമാനമായി.
ഇതിനായി പ്രദേശവാസികളുടെയും കർഷകരുടെ സഹായവും വനംവകുപ്പ് ആവശ്യപ്പെട്ടു. പൊതുജനം, കർഷകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ദ്രുതകർമ സേന തുടങ്ങി വൻ സംഘവുമായി കാട്ടാനകളെ കാടു കയറ്റാനാണു തീരുമാനം.
എത്രയും വേഗം തീരുമാനം നടപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ തുരത്തുന്നതിന്റെ മുന്നോടിയായി വനമേഖലയോടു ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ അടിക്കാടു വെട്ടും.പഞ്ചായത്ത് ഇക്കാര്യം ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഫെൻസിങ് നിർമാണവും ആനമൂളി സ്റ്റേഷന്റെ പരിധിയിലെ ഫെൻസിങ് നിർമാണവും ത്വരിതമാക്കുമെന്നും വനംവകുപ്പ് യോഗത്തിൽ അറിയിച്ചു.
പഞ്ചായത്ത് അധ്യക്ഷ സതി രാമരാജൻ അധ്യക്ഷയായി.ഉപാധ്യക്ഷൻ സിദ്ധീക്ക് ചേപ്പോടൻ, മെംബർമാരായ കെ.പ്രദീപ്, മിനിമോൾ ജോൺ, മണ്ണാർക്കാട് വനംവകുപ്പ് റേഞ്ച് ഓഫിസർ ഇംബ്രോസ് ഏലിയാസ് നവാസ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ സി.എം.മുഹമ്മദ് അഷറഫ്, കെ.മനോജ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഗ്രേഡ് എം.പുരുഷോത്തമൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എസ്.സുബിൻ, ലക്ഷ്മിദാസ്, കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര തുടങ്ങിയവരും ഒട്ടേറെ കർഷകരും പങ്കെടുത്തു.
കല്ലടിക്കോട്∙ വന്യജീവികളിൽ നിന്നുള്ള ശല്യം വർധിക്കുന്ന സാഹചര്യത്തിൽ മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന 45 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വനാതിർത്തികളുള്ള പഞ്ചായത്തുകളിൽ പ്രത്യേക ജനജാഗ്രതാ സമിതികൾ രൂപീകരിക്കും.
ഇതിന്റെ ഭാഗമായി നിലയിൽ വന്യജീവിശല്യം പരിഹരിക്കാനായി പഞ്ചായത്ത് തലത്തിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കും.വന്യ ജീവികൾ ജനവാസ മേഖലയിലേയ്ക്കു കടക്കുന്നത് തടയുന്നതിനായി, വനം വകുപ്പ് സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസറുടെ മേൽനോട്ടത്തിൽ പഞ്ചായത്ത് തലത്തിൽ പ്രൈമറി റെസ്ക്യൂ ടീം രൂപീകരിച്ച് ഇതിനുള്ള പ്രത്യേക പരിശീലനം നൽകും. പഞ്ചായത്തുകളുടെ സഹായത്തോടെ വനാതിർത്തികളിൽ വൈദ്യുതി വേലികളും പ്രക്യതിദത്തമായ പ്രതിരോധ മാർഗങ്ങളും ജനകീയ പങ്കാളിത്തത്തോടെയുള്ള വിവിധങ്ങളായ കർമപദ്ധതികളാകും ജനജാഗ്രതാ സമിതികളിലൂടെ നടപ്പാക്കുക.കരിമ്പ പഞ്ചായത്ത് തലത്തിലുള്ള ജനജാഗ്രതാ സമിതിയുടെ പ്രാരംഭ യോഗം ശിരുവാണി ശിങ്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു.
ജനപ്രതിനിധികളും വനം വകുപ്പു കർഷക പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഇംബ്രാസ് ഏലിയാസ് നവാസ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.മനോജ്, കല്ലടിക്കോട് സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ എം.കിത്തലൻ, പാലക്കയം സ്പെഷൽ വില്ലേജ് ഓഫിസർ അബ്ബാസ് അലി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]