കുമ്പള ∙ മാനദണ്ഡം പാലിക്കാതെ ദേശീയപാത 66–ൽ ആരിക്കാടിയിൽ ടോൾ ഗേറ്റ് നിർമിക്കുന്നതിനെതിരെ കുമ്പള ടോൾ പ്ലാസ വിരുദ്ധ ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി മാറ്റി നിർമാണ സ്ഥലത്തേക്കു പോകാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്നു പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് ഉദ്ഘാടനത്തിനു ശേഷം സമരക്കാരുടെ പ്രതിഷേധം ശക്തമായതോടെ ആക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ എ.കെ.എം.അഷ്റഫ് എംഎൽഎ ഉൾപ്പെടെയുള്ളവരെ പൊലീസ് വാഹനത്തിൽ കയറ്റി.
ഇതോടെ സമരക്കാർ പൊലീസ് വാഹനം തടഞ്ഞു. ഇതിനിടെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി നിർമാണ കമ്പനി അധികൃതർ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ബാരിക്കേഡ് വിവിധ ഭാഗങ്ങളിലേക്കായി വലിച്ചെറിഞ്ഞു.ഇതിനിടയിൽ ഉന്തും തള്ളലിലുമായി പൊലീസുകാരിലും സമരക്കാരിലും ചിലർക്കു നിസ്സാര പരുക്കേറ്റു.
ഒടുവിൽ പൊലീസ് വാഹനത്തിൽ നിന്നിറങ്ങിയ എ.കെ.എം.അഷ്റഫ് എംഎൽഎ സമരക്കാരോടു പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
പിന്നീടും അൽപം സമയം സംഘർഷാവസ്ഥ തുടർന്നു. ഏറെ സമയത്തിനു ശേഷമാണ് സമരക്കാർ പിരിഞ്ഞുപോയത്.കുമ്പളയിൽ നിന്നു 11.15 നു തുടങ്ങിയ മാർച്ച് 11.45യോടെ ആരിക്കാടിയിലെത്തി.
കാസർകോട് നിന്നു മഞ്ചേശ്വരം ഭാഗത്തേക്കുള്ള പാതയിലാണ് മാർച്ച് നടത്തിയത്. ഇതോടെ ഈ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
സമരം നീണ്ടതോടെ മറുപാതയിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനം കടത്തിവിട്ടു. ഒരു മണി കഴിഞ്ഞാണു സമരം അവസാനിപ്പിച്ചത്.ദേശീയപാത വികസനത്തിനും റോഡ് നിർമാണത്തിനുമായി ഭൂമിയും വീടുകളും വിട്ടുകൊടുത്തു സഹകരിച്ചിട്ടും പിന്നീട് അതേ ജനങ്ങൾക്ക് മേൽ ടോൾ ചുങ്കം ചുമത്തുന്നത് അനീതിയാണ് എന്ന് സമരത്തിൽ പ്രസംഗിച്ച എംഎൽഎമാർക്കടക്കമുള്ള നേതാക്കൾ പറഞ്ഞു.
ഇതേ വിഷയം ഉന്നയിച്ച് നടത്തുന്ന നാലാമത്തെ പ്രതിഷേധ മാർച്ചാണ് ഇന്നലെ നടന്നത്.സ്ത്രീകളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തത്.
മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, ആരിക്കാടി, മൊഗ്രാൽ, കാസർകോട് ഉൾപ്പെടെ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.കുമ്പളയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ദിവസേന മംഗളൂരു ഭാഗത്തേക്കും മറ്റു പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന കാസർകോട് ജില്ലക്കാർ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളെ ഇത് ബാധിക്കുമെന്നും എംഎൽഎമാരായ എ.കെ.എം.അഷറഫ്, എൻ.എ.നെല്ലിക്കുന്ന് എന്നിവർ പറഞ്ഞു.ജനങ്ങളുടെ അവകാശത്തിനായുള്ള സമരമാണ് ഇതെന്നും പൊതു ജനങ്ങളുടെ പിന്തുണയാണ് സമരത്തിന്റെ ശക്തിയെന്നും ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു. എ.കെ.അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ അധ്യക്ഷത വഹിച്ചു.
എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, സി.എ.സുബൈർ, അഷ്റഫ് കർള, വി.വി.രമേശൻ ,നാസർ മൊഗ്രാൽ, നാസർ ബംബ്രാണ, എ.കെ.ആരിഫ് ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു. കാസർകോട് എഎസ്പി എം.നന്ദഗോപാൻ, ഇൻസ്പെക്ടർമാരായ യു.പി.വിപിൻ, പി.നളിനാക്ഷൻ,എസ്ഐ കെ.ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഉണ്ടായിരുന്നത്.
ഡിവിഷൻ ബെഞ്ചിൽ നൽകിയ ഹര്ജി ഇന്ന് പരിഗണിക്കും
ആരിക്കാടിയിൽ ടോൾ ഗേറ്റ് നിർമിക്കുന്നതിനെതിര ഹൈക്കോടതിയിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിൽ ഇന്നു പരിഗണിക്കും.
നേരത്തെ സിംഗിൾ ബെഞ്ചിൽ നൽകിയ ഹർജിയിൽ ദേശീയപാത അതോറിറ്റിക്കു അനുകൂലമായ വിധിയുണ്ടായതിനെതുടർന്നാണു ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയത്. അന്തിമകോടതി വിധി ഉണ്ടാകുന്നതുവരെ നിർമാണ പ്രവൃത്തി തുടങ്ങിയില്ലെന്നു നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനി അധികൃതർ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ വാക്കാൽ അറിയിച്ചിരുന്നു.
എന്നാൽ ഇതു ലംഘിച്ച് പ്രവൃത്തി തുടങ്ങിയതിനെതിരെയാണ് മാർച്ച് നടത്തിയത്.ആവശ്യമായ അനുമതിയും അംഗീകാരവും ലഭിച്ചതിനാൽ കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിൽ നിയമലംഘനമില്ലെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നതായി ദേശീയപാത അധികൃതർ പറഞ്ഞു.കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾ പ്ലാസ ഉണ്ടെന്നും അതിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയായി മറ്റൊരു ടോൾ പ്ലാസയുടെ നിർമാണം നടക്കുന്നതു ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ 60 കിലോമീറ്റർ ദൂരപരിധി എന്ന ചട്ടത്തിനു വിരുദ്ധമാണെന്നുമായിരുന്നു പരാതിക്കാരുടെ വാദം.എന്നാൽ ചട്ടപ്രകാരം അനുമതിയും അംഗീകാരവും ലഭ്യമാക്കിയാണു ടോൾ പ്ലാസ പണിയുന്നതെന്നും അതിനാൽ നിയമപ്രകാരം തടസ്സമില്ലെന്നും ദേശീയപാത അതോറിറ്റി വാദിച്ചു.
160 പേർക്കെതിരെ കേസെടുത്തു
കുമ്പള∙ ആരിക്കാടിയിലെ ടോൾ പ്ലാസ നിർമാണത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയ 160 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സുൽഫിക്കറലി (42), ബി.എൻ.മുഹമ്മദലി (62), സൈനുൽ ഹുറൈസ് (25), യൂസഫ് ഉളുവാർ(45),കെ.എം.അബ്ദുൽമുനീർ (36), എസ്.മൊയ്തിൻകുഞ്ഞി (37), അൻവർ (49), ബദിയടുക്ക ചെടേക്കാലിലെ മാഹിൻ (56), എം.അബ്ദുൽ മജീദ് (34), എം.അബ്ദുൽലത്തീഫ് (49) എന്നിവർക്കും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസെടുത്തത്.നിയമവിരുദ്ധമായി സംഘം ചേർന്ന് നിയമ പ്രകാരമുള്ള ആജ്ഞ ധിക്കരിച്ച് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് വരത്തക്കവിധത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു എന്നിവ അടക്കമുള്ളവ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]