ആറന്മുള∙ ജലോത്സവത്തിനായുള്ള അവസാനവട്ട തയാറെടുപ്പിലായിരുന്നു പള്ളിയോടക്കരകൾ.
കാഴ്ചയുടെ വസന്തം തീർത്ത് കുതിച്ചു പായാൻ പള്ളിയോടങ്ങൾ വെള്ളത്തിൽ തെന്നിനീങ്ങണം. വള്ളസദ്യയിൽ പങ്കെടുക്കാൻ മുൻപ് നീറ്റിലിറക്കിയ പള്ളിയോടങ്ങൾ ഇന്നലെ കരയിൽകയറ്റി.
വെയിൽ അടിച്ച് വെള്ളം വലിയുന്നവരെ കാത്തുനിന്നു. പിന്നീട് പള്ളിയോടത്തിൽ മീൻ നെയ്യ് തേച്ചുപിടിപ്പിച്ചു.
പമ്പയുടെ തീരത്തുകൂടി യാത്ര ചെയ്തവർക്ക് ഇത് പുതിയ അനുഭവമായിരുന്നു. ആപത്തുകളിൽനിന്നു കാത്തുരക്ഷിക്കണമെന്നും നല്ല മത്സരം കാഴ്ചവച്ച് സമ്മാനങ്ങൾ നേടാൻ കഴിയണമെന്നുമുള്ള പ്രാർഥനയുമായി കരകളിലെ ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാട് സമർപ്പിച്ചാണ് പള്ളിയോടങ്ങൾ ആറന്മുളയ്ക്കു പുറപ്പെടുന്നത്.
ആറന്മുളയിൽ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തും.
പൂജിച്ചു നൽകുന്ന തുളസിമാല പള്ളിയോടത്തിൽ ചാർത്തിയാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്. പള്ളിയോടങ്ങൾ ആറന്മുളയിൽ മാത്രമല്ല ഓണാരവം തീർക്കുന്നത്.
ഉത്തൃട്ടാതി നാളിൽ നതോന്നതയുടെ ഈണത്തിനും താളത്തിനും ഒപ്പം ജലരാജാക്കന്മാരുടെ പോരാട്ടത്തിനു സാക്ഷിയാകാൻ ആയിരങ്ങളാണ് പമ്പയുടെ ഇരുകരകളിലുമെത്തുന്നത്. പള്ളിയോടങ്ങളിൽ തുഴയാൻ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഇല്ല.
ഒരുമയുടെ താളവും ഐക്യവുമാണ് ഇവിടെ പ്രതിഫലിപ്പിക്കുന്നത്.
മത്സര വള്ളംകളി; ബാച്ച്, ട്രാക്ക്
ആറന്മുള ∙ പള്ളിയോടങ്ങളുടെ മത്സര വള്ളംകളിക്കുള്ള ബാച്ചും ട്രാക്കും ഇങ്ങനെ. എ ബാച്ച് പള്ളിയോടങ്ങൾക്ക് 11ഹീറ്റ്സും ബി ബാച്ച് പള്ളിയോടങ്ങൾക്ക് 5 ഹീറ്റ്സുമാണ് ഉണ്ടാകുക.
ബി ബാച്ചിൽ മത്സരിക്കുന്ന 17 പള്ളിയോടങ്ങളിൽ ഒന്നാം ഹീറ്റ്സിലെ മേപ്രം തൈമറവുംകര, കോടിയാട്ടുകര, ഇടപ്പാവൂർ എന്നിവയാണ് ആദ്യം മത്സരിക്കുന്നത്. മുതവഴി, പുതുക്കുളങ്ങര, പൂവത്തൂർ കിഴക്ക് പള്ളിയോടങ്ങൾ രണ്ടാം ഹീറ്റ്സിലും തോട്ടപ്പുഴശേരി, വന്മഴി, മംഗലം എന്നിവ മൂന്നാം ഹീറ്റ്സിലും ആറാട്ടുപുഴ, എടക്കുളം, ചെന്നിത്തല, പുല്ലൂപ്രം എന്നിവ നാലാം ഹീറ്റ്സിലും കോറ്റാത്തൂർ കൈതക്കോടി, കീക്കൊഴൂർ വയലത്തല, കടപ്ര, റാന്നി എന്നിവ അഞ്ചാം ഹീറ്റ്സിലും മത്സരിക്കും.
എ ബാച്ചിൽ ഒന്നാം ഹീറ്റ്സിലെ പൂവത്തൂർ പടിഞ്ഞാറ്, ചെറുകോൽ, ഇടയാറന്മുള കിഴക്ക് പള്ളിയോടങ്ങളാണു ആദ്യം മത്സരത്തിനിറങ്ങുന്നത്.
കോയിപ്രം, കിഴക്കനോതറ കുന്നേകാട്, വരയന്നൂർ എന്നിവ രണ്ടാം ഹീറ്റ്സിലും ഇടശേരിമല കിഴക്ക്, കുറിയന്നൂർ, മഴുക്കീർ എന്നിവ മൂന്നാം ഹീറ്റ്സിലും കീഴ്വന്മഴി, ഓതറ, കീഴുകര എന്നിവ നാലാം ഹീറ്റ്സിലും അയിരൂർ, മുണ്ടൻകാവ്, മല്ലപ്പുഴശേരി എന്നിവ അഞ്ചാം ഹീറ്റ്സിലും മേലുകര, നെല്ലിക്കൽ, നെടുംപ്രയാർ എന്നിവ ആറാം ഹീറ്റ്സിലും പ്രയാർ, പുന്നംതോട്ടം, കോഴഞ്ചേരി എന്നിവ ഏഴാം ഹീറ്റ്സിലും ഇടപ്പാവൂർ പേരൂർ, ഉമയാറ്റുകര, ഇടനാട് എന്നിവ 8–ാം ഹീറ്റ്സിലും ഇടശേരിമല, കീഴ്ചേരിമേൽ, ളാക ഇടയാറന്മുള എന്നിവ 9–ാം ഹീറ്റ്സിലും മാലക്കര, കാട്ടൂർ, തെക്കേമുറി, വെൺപാല കദളിമംഗലം എന്നിവ 10–ാം ഹീറ്റ്സിലും തെക്കേമുറി കിഴക്ക്, ഇടയാറന്മുള, മാരാമൺ, ചിറയിറമ്പ് എന്നിവ 11–ാം ഹീറ്റ്സിലുമാണ് മത്സരിക്കുന്നത്.
625 പൊലീസുകാർ ഡ്യൂട്ടിയിൽ; വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ
പൊലീസ് മേധാവി
പത്തനംതിട്ട ∙ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അഡീഷനൽ എസ്പി, 8 ഡിവൈഎസ്പിമാർ, 21 ഇൻസ്പെക്ടർമാർ, 137എസ്ഐ/എഎസ്ഐ എന്നിവർ ഉൾപ്പെടെ 625 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുള്ളത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 9 ഡിവിഷനുകളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.
ശ്രദ്ധിക്കാം; വാഹന പാർക്കിങ്
ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ് ആയ പരപ്പുഴക്കടവിലേക്കും ഫിനിഷിങ് പോയിന്റ് ആയ സത്രക്കടവിലേക്കുമുള്ള റോഡുകളിലെ ഗതാഗതതടസ്സം ഒഴിവാക്കുന്നതിനായി തെക്കേമല മുതൽ അയ്യൻകോയിക്കൽ ജംക്ഷൻവരെയും ഐക്കര ജംക്ഷൻ മുതൽ കോഴിപ്പാലം വരെയും പഴയ സ്റ്റേഷൻ മുതൽ കിഴക്കേനട
വഞ്ചിത്ര റോഡിലെയും ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിങ് അനുവദിക്കില്ല.
വള്ളംകളി കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പൊന്നുംതോട്ടം ടെംപിൾ ഗ്രൗണ്ട്, പരമുട്ടിൽപടി ജംക്ഷൻ, പ്രയർഹാൾ ഗ്രൗണ്ട്, ഗവ. വിഎച്ച്എസ്സി സ്കൂൾ ഗ്രൗണ്ട്, വിജയാനന്ദ വിദ്യാലയ സ്കൂൾ ഗ്രൗണ്ട്, എസ്വിജിവിഎച്ച്എസ്എസ് നാൽക്കാലിക്കൽ സ്കൂൾ ഗ്രൗണ്ട്, ആറന്മുള എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, കോഴഞ്ചേരി മാർത്തോമ്മാ സ്കൂൾ ഗ്രൗണ്ട്, കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ട്, പൊലീസ് ക്വാർട്ടേഴ്സ് ഗ്രൗണ്ട് (സർക്കാർ വാഹനങ്ങൾ) എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴഞ്ചേരി ഭാഗത്തുനിന്ന് ചെങ്ങന്നൂർ ഭാഗത്തിലേക്കുള്ള വാഹനങ്ങൾ ഐക്കര മുക്കിൽനിന്നു കിടങ്ങന്നൂർ, കുറിച്ചിമുട്ടം, മാലക്കര വഴിയും ചെങ്ങന്നൂർ ഭാഗത്തുനിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആഞ്ഞിലിമൂട്ടിൽ ജംക്ഷനിൽനിന്ന് തിരിഞ്ഞ് പുല്ലാട് എത്തി കോഴഞ്ചേരിയിലേക്കും പോകണം.
ഇന്ന് അവധി
പത്തനംതിട്ട ∙ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും അങ്കണവാടി, പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു.
മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]