തൃശൂർ∙ ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ
വീണ്ടും പുലികൾ കയ്യടക്കി. ചെണ്ടത്താളത്തിനൊപ്പം അരമണി കിലുക്കി ചുവടുവച്ച് 9 ദേശങ്ങളുടെ പുലികളാണ് ശക്തന്റെ തട്ടകം കീഴടക്കുന്നത്. 4.30നു തെക്കെ ഗോപുരനടയിൽ വെളിയന്നൂർ പുലിക്കളി സംഘത്തിന് മന്ത്രിമാരും മേയറും ചേർന്ന് ഫ്ലാഗ് ഓഫ് നൽകിയതോടെ പുലിക്കളിക്ക് ഔദ്യോഗിക തുടക്കമായി.
അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി, കുട്ടൻകുളങ്ങര പുലിക്കളി സംഘം, സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി, ചക്കാമുക്ക് ദേശം, നായ്ക്കനാൽ പുലിക്കളി സമാജം, വിയ്യൂർ യുവജനസംഘം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷ സമിതി, വെളിയന്നൂർ ദേശം പുലിക്കളി സംഘം, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരിക സമിതി എന്നീ ദേശങ്ങളാണ് പുലികളെ കളത്തിലിറക്കിയിട്ടുള്ളത്.
459 പുലികളാണ് ഇന്ന് നഗരത്തിലിറങ്ങുക.
ഒരു പുലിക്കളി സംഘത്തിൽ 35 മുതൽ 51 വരെ പുലികളും 2 നിശ്ചലദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. കരിമ്പുലികളും കൂട്ടത്തിലുണ്ട്.
നിശ്ചലദൃശ്യങ്ങളിലൊന്ന് പരിസ്ഥിതിയും ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ടതാണ്.
പുലിവരയ്ക്കും ചമയപ്രദർശനത്തിനും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കോർപറേഷൻ ട്രോഫിയും കാഷ് പ്രൈസും നൽകും. പുലിക്കളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം ലഭിക്കുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഓരോ സംഘത്തിനും 3 ലക്ഷം രൂപ വീതം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. പുലിക്കളിയുടെ ചരിത്രത്തിലാദ്യമായാണ് കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കുന്നത്.
ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് സ്കീമിൽ ഉൾപ്പെടുത്തിയാണ് ഓരോ സംഘങ്ങൾക്കും 3 ലക്ഷം രൂപ വീതം അനുവദിച്ചതെന്ന് സുരേഷ് ഗോപി അറിയിച്ചു. പ്രശസ്തമായ തൃശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക ഓണസമ്മാനമാണ് ഇതെന്നും അദ്ദേഹം കുറിച്ചു.
തഞ്ചാവൂർ സൗത്ത് സോൺ കൾചറൽ സെന്റർ പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന നൽകുമെന്നും അദ്ദേഹം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]