ഗൂഡല്ലൂർ ∙ നഗരത്തിലൂടെ പോകുന്ന ദേശീയപാതയിലെ കുഴികൾ നഗരത്തിലെ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ താൽക്കാലികമായി അടച്ചു. ഈ വർഷം നഗരത്തിലെ കുഴികൾ അഞ്ചാമത്തെ പ്രാവശ്യമാണ് അടയ്ക്കുന്നത്.
4 പ്രാവശ്യം ഹൈവേ വകുപ്പാണ് കുഴികൾ താൽക്കാലികമായി അടച്ചത്. നഗരത്തിലെ പാതയിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടതോടെയാണ് ട്രാഫിക് പൊലീസ് അറ്റകുറ്റപ്പണി നടത്തിയത്.
ഗൂഡല്ലൂർ നഗരത്തിലെ ദേശീയ പാതയും ഗൂഡല്ലൂർ – നിലമ്പൂർ റോഡിലെ സംസ്ഥാന പാതയും തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നില്ല.
നാടുകാണിയിൽനിന്ന് അതിർത്തിവരെയുള്ള 7 കിലോമീറ്റർ റോഡിനായി ഫണ്ട് അനുവദിച്ചതായി ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചെങ്കിലും തുടർ നടപടികൾ വൈകുകയാണ്. 7 കിലോമീറ്റർ ദൂരം റോഡ് തകർന്ന് വലിയ കുഴികളായി മാറിയിരിക്കുകയാണ്.
എല്ലാ ദിവസവും ഈ റോഡിൽ ഒരു ചരക്കുലോറിയെങ്കിലും ആക്സിൽ പൊട്ടി കിടക്കുന്നത് കാണാം.
താമരശ്ശേരി ചുരം റോഡിലൂടെയുള്ള യാത്ര അനിശ്ചിതത്വത്തിലാകുമ്പോഴെല്ലാം കർണാടകയിൽ നിന്നു കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതം നടക്കുന്നത് ഇതു വഴിയാണ്. റോഡ് നന്നാക്കുന്നതിനായി വാഹനങ്ങളിൽനിന്നു ടോളും പിരിക്കുന്നുണ്ട്.
നാടുകാണിയിൽ നിന്നുള്ള 7 കിലോമീറ്റർ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായി മാറി. റോഡ് മോശമായതിനാൽ കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]