പനമരം∙ കർഷകരുടെ പ്രതീക്ഷകൾ തകർത്ത് കാർഷിക മേഖലയിൽ ഫംഗസ് അടക്കമുള്ള രോഗങ്ങൾ പടരുന്നു. നാലു മാസത്തിലേറെയായി തുടർച്ചയായി പെയ്ത മഴയും വെള്ളം കെട്ടി നിന്നതുമാണ് കാർഷിക വിളകൾക്ക് രോഗബാധ ഏറാനും വ്യാപകമായി നശിക്കാനും കാരണമെന്ന് പരമ്പരാഗത കർഷകർ പറയുന്നു.ഏറ്റവും ഒടുവിൽ കൃഷിയിറക്കിയ നെൽക്കൃഷിയെ പോലും രോഗം ബാധിച്ചു നശിച്ചു തുടങ്ങി. തുടർച്ചയായ ദിവസങ്ങളിൽ ശക്തമായ മഴ തുടർന്നതിനാൽ തന്നെ കീടനാശിനി പ്രയോഗിക്കാൻ കഴിയാത്തതാണ് പലയിടങ്ങളിലും രോഗം പടരാൻ കാരണമായത്.
നെൽക്കൃഷിയിറക്കിയ പല പാടശേഖരങ്ങളിലും വിതച്ചതിനൊപ്പം പറിച്ചുനട്ട
നെല്ലിനും രോഗം ബാധിച്ചിട്ടുണ്ട്. പല നെൽക്കൃഷിയിടങ്ങളിലും ഫംഗസ് മൂലമുള്ള ഇലപ്പുള്ളി രോഗങ്ങളും ചിലയിടങ്ങളിൽ പുഴുക്കേടും പടരുന്നുണ്ട്.പലയിടങ്ങളിലും നെൽച്ചെടികളുടെ ഇലകൾ മഞ്ഞളിപ്പു വന്ന് നശിക്കുന്നത് പടരുകയാണ്.
മഴ ഇനിയും തുടർന്നാൽ രോഗബാധ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനോടകം കുമിൾനാശിനികൾ പോലുള്ളവ പരീക്ഷിച്ചെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നു കർഷകർ പറയുന്നു.
ഫംഗസ് രോഗബാധയിൽ ജില്ലയിൽ ഇക്കുറിയാണ് വ്യാപകമായി ഇഞ്ചിക്കൃഷി നശിച്ചത്. നെല്ലിനും ഇഞ്ചിക്കൃഷിക്കും പുറമേ ദീർഘകാല വിളകളായ തെങ്ങ്, കമുക് എന്നിവയും മഞ്ഞളിപ്പും ഓല കരിച്ചിലും മഹാളി പോലുള്ള രോഗങ്ങളും മൂലം വ്യാപകമായി കൃഷിനാശം ഉണ്ടായിട്ടുണ്ട്. രോഗങ്ങൾ പടരുന്നത് വിളവുകളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.കൂടാതെ വെള്ളം കെട്ടി നിൽക്കുന്ന കൃഷിയിടങ്ങളിലെ ജാതി, കൊക്കോ, കാപ്പി, കുരുമുളക് അടക്കമുള്ള കൃഷികളും മറ്റു രോഗങ്ങൾക്ക് പുറമേ വേര് അഴുകിയുള്ള രോഗങ്ങളും ബാധിച്ച് നശിച്ചിട്ടുണ്ട്.
ചേന ഉൾപ്പെടെയുള്ള കിഴങ്ങുവിളകളും ഫംഗസ് രോഗം മൂലം നാശത്തിന്റെ വക്കിലാണ്. മഴക്കാലത്ത് റബർ മരങ്ങളിൽ ഉണ്ടാകാറുള്ള അകാല ഇല പൊഴിച്ചിലും ഇക്കുറി വ്യാപകമാണ്. തുടർച്ചയായ മഴ മൂലം അന്തരീക്ഷ ആർദ്രത കൂടിയതിനാലാണ് അകാല ഇല പൊഴിച്ചിൽ രോഗം വ്യാപിക്കാനിടയായത്.
ഇതോടെ റബർ ഉൽപാദനവും നേർ പകുതിയായി കുറഞ്ഞു. കുമിൾ ഫംഗസ് രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടി സ്വീകരിക്കാൻ കൃഷി വകുപ്പ് പോലുള്ളവ തയാറായില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും കാർഷിക മേഖലയെ പൂർണമായും കയ്യൊഴിയേണ്ടി വരുമെന്നും കർഷകർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]