മണർകാട് ∙ നോമ്പുനോറ്റെത്തിയ നാനാജാതി മതസ്ഥർക്കു ദർശനപുണ്യമേകി നടതുറന്നതോടെ കത്തീഡ്രലിലേക്കു തീർഥാടകപ്രവാഹം. ദേവാലയത്തിനുള്ളിലും പുറത്തും വലിയ തിരക്കാണ്.
ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനും ഒപ്പം തിരുശേഷിപ്പു വണങ്ങുന്നതിനുമുള്ള നിര നാടകശാലയ്ക്കു പുറത്തേക്കും നീണ്ടു. ദേവാലയത്തിൽ ഭജനമിരുന്നു പൂർണസമയവും എട്ടുനോമ്പ് ആചരിച്ച തീർഥാടകർ ഇന്ന് രാവിലെ കുർബാനയെത്തുടർന്നു മടങ്ങും.
നേർച്ചക്കഞ്ഞി വിതരണം ഇന്നലെ അർധരാത്രി സമാപിച്ചു.
പള്ളിക്കുളത്തിലെ പുണ്യജലം
മണർകാട് പള്ളിയുടെ പടിഞ്ഞാറും വടക്കും വശങ്ങളിലും കുളത്തിലും തിരക്കേറി. എട്ടുനോമ്പുകാലങ്ങളിൽ പടിക്കെട്ടുകൾ ഇറങ്ങിച്ചെന്നു കുളങ്ങളിൽ കുളിച്ചുകയറി ഈറനോടെ കൽക്കുരിശിൽ മുട്ടിന്മേൽ നീന്തി നേർച്ചകാഴ്ചകൾ അർപ്പിക്കുന്നത് സൗഖ്യദായകമാണെന്നാണ് വിശ്വാസം.
പുരാതനകാലം മുതലുള്ള കുളങ്ങളിലെ ജലം തീർഥജലമായി കുപ്പികളിലാക്കി ഭവനങ്ങളിൽ കൊണ്ടുപോകുന്നുമുണ്ട്. കുളത്തിൽ വിശ്വാസികൾ നാണയത്തുട്ടുകൾ നിക്ഷേപിക്കാറുമുണ്ട്.
ഇടമുറിയാത്ത പ്രാർഥന
പള്ളിയുടെ പടിഞ്ഞാറുവശത്തെ കൽക്കുരിശിനു മുൻപിൽ മെഴുകുതിരി കത്തിക്കുന്നതിനായി ഒരിക്കിയിരിക്കുന്നയിടവും പ്രാർഥനാ മുഖരിതമാണ്.
ഇവിടെ സദാസമയവും മെഴുകുതിരികൾ എരിയുന്നു. തിരികത്തിച്ച് കൂപ്പുകൈകളോടെ പ്രാർഥിക്കുന്നു.
നടതുറന്നതോടെ മദ്ബഹയിലെ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനും ഇവിടെ നിന്നാൽ സാധ്യമാണ്.
പരമ്പരാഗത കലാരൂപങ്ങൾ
പാരമ്പര്യകലാരൂപങ്ങളായ പരിചമുട്ടുകളി, മാർഗംകളി എന്നിവ ഇന്നലെ പള്ളിയുടെ നാടകശാലയിൽ അരങ്ങേറി. ഒരാഴ്ച മുൻപ് അരങ്ങേറ്റം നടത്തിയ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പരിചമുട്ടുകളി.
കത്തിച്ച നിലവിളക്കിനു ചുറ്റുമായി ക്രിസ്തീയ ചരിത്രം കോർത്തിണക്കിയ പാട്ടുകൾ ആലപിച്ചായിരുന്നു തുടക്കം. പിന്നീട് പാട്ടുകളുടെ ഈണത്തിന് ആവേശത്തോടെ ചുവടുവച്ചത് കാണികൾക്ക് ഹരമായി.
മാർഗംകളി കാണാനും ആളുകൾ ഏറെയുണ്ടായിരുന്നു .
മണർകാട് പള്ളിയിൽ ഇന്ന്
കരോട്ടെപള്ളിയിൽ കുർബാന – 6.00
താഴത്തെ പള്ളിയിൽ പ്രഭാതനമസ്കാരം, മൂന്നിന്മേൽ കുർബാന– മാത്യൂസ് മാർ അപ്രേം – 7.30
കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം–2.00
നേർച്ചവിളമ്പ്–3.00
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]