തേവലക്കര∙ പ്രിയപ്പെട്ട പ്രിൻസ് തോമസിനും രണ്ടു മക്കൾക്കും കണ്ണീരോടെ യാത്രാമൊഴിയേകി നാട്.
ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മരിച്ച തേവലക്കര പടിഞ്ഞാറ്റേക്കര പൈപ്പ് ജംക്ഷനു സമീപം പ്രിൻസ് വില്ലയിൽ പ്രിൻസ്, മക്കളായ അതുൽ പ്രിൻസ്, അൽക്ക സാറ പ്രിൻസ് എന്നിവരുടെ സംസ്കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് പള്ളിയിൽ നടത്തി.ഡോ. ജോഷ്വ മാർ നിക്കോദീമോസ്, അലക്സിയോസ് മാർ യൗസേബിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.
ജോസഫ് മാർ ദിവന്നാസിയോസ് എന്നിവരും ഒട്ടേറെ വൈദികരും സഹകാർമികരായിരുന്നു.ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ മൂന്നു ആംബുലൻസുകളിലായി തൊടിയൂർ മാരാരിത്തോട്ടം കുട്ടപ്പൻ ജംക്ഷനിലെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രിൻസിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു.
തുടർന്ന് മിത്ര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിലാപയാത്രയായി പടിഞ്ഞാറ്റേക്കര മുളയ്ക്കൽ എൽപിഎസിൽ 11.15ന് എത്തിച്ചു പൊതുദർശനത്തിനു വച്ചു.
നൂറുകണക്കിനു പേർ അന്ത്യോപചാരം അർപ്പിച്ചു. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജെഎഫ്കെഎം വിഎച്ച്എസ്എസ് സ്കൂളിലെ സഹപാഠികൾ അതുൽ പ്രിൻസിനും തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ അൽക്കയ്ക്കു ക്ലാസ് ടീച്ചറും സ്കൂൾ അധികൃതരും പുഷ്പചക്രം അർപ്പിച്ചു.പ്രിൻസിന്റെ മാതാപിതാക്കാളായ തോമസ് ലൂക്കോസ്, മറിയാമ്മ, സഹോദരൻ പ്രവീൺ തോമസ് എന്നിവരും മറ്റു ബന്ധുക്കളും സ്കൂളിലെത്തിയിരുന്നു.
മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചപ്പോൾ പ്രിയപ്പെട്ടവന്റെയും മക്കളുടെയും ചേതനയറ്റ ശരീരം കണ്ട് ഭാര്യ ബിന്ധ്യ സൂസന്റെ നെഞ്ചു തകർന്നുള്ള നിലവിളി അന്ത്യോപചാരം അർപ്പിക്കാനെത്തിയവർക്കും ഹൃദയഭേദകമായി.ഭവനത്തിലെ ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നേതൃത്വം നൽകി.
ആയിരങ്ങളാണ് സ്കൂളിലും വീട്ടിലും പള്ളിയിലും എത്തിയത്.വൈകിട്ട് നാലോടെയാണ് സംസ്കാര ശുശ്രൂഷകൾ പൂർത്തിയായി.
അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ മൂത്ത മകൾ ഐശ്വര്യ മെർലിൻ പ്രിൻസ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എംഎൽഎമാരായ സുജിത്ത് വിജയൻ പിള്ള, കോവൂർ കുഞ്ഞുമോൻ, ഓർത്തോഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ, ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്കുമാർ, പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു.
ഒട്ടേറെ വൈദികരും വിവിധ സാംസ്കാരിക, സാമൂഹിക പ്രവർത്തകരും പ്രിന്സിനെയും മക്കളെയും അവസാനമായി കാണാൻ എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]