രാജകുമാരി∙ ഭൂപതിവ് നിയമ ഭേദഗതി പ്രകാരം ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ ക്രമവൽക്കരിച്ച് നൽകുന്നതിനുള്ള ഒന്നാമത്തെ ചട്ടം (ഒഎ) ഇൗ മാസം തന്നെ വിജ്ഞാപനം ചെയ്യുമെന്ന് റവന്യു മന്ത്രിയുടെ ഓഫിസ്. കഴിഞ്ഞ 27നാണ് ഭൂപതിവ് നിയമഭേദഗതിയുടെ ഒന്നാമത്തെ ചട്ടത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
തുടർന്ന് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ചട്ടത്തിന്റെ അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ മാത്രമേ നിയമഭേദഗതി പ്രാബല്യത്തിൽ വരൂ.
ഭൂപതിവ് നിയമഭേദഗതി 7–ാം വകുപ്പിലെ(ഉപവകുപ്പ്–1) ഒഎ ചട്ട പ്രകാരം നിയമം വിജ്ഞാപനം ചെയ്ത 2024 ജൂൺ 7വരെയുള്ള ചട്ടലംഘന നിർമാണങ്ങളാണ് ഫീസ് ഇൗടാക്കി ക്രമവൽക്കരിച്ച് നൽകുന്നത്.
തുടർന്നുള്ള ചട്ടലംഘന നിർമാണങ്ങൾ ക്രമവൽക്കരിക്കുന്നതിനും ഭൂപതിവ് ചട്ടമുൾപ്പെടെ 13 ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമി പതിവ് ആവശ്യത്തിനല്ലാതെ വിനിയോഗിക്കുന്നതിനും രണ്ടാമത്തെ ചട്ടം (ഒബി) കൂടി പ്രാബല്യത്തിൽ കാെണ്ട് വരണം.
ഇൗ ചട്ടവും മന്ത്രിസഭ പരിഗണിച്ച ശേഷം സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെ അന്തിമമായി വിജ്ഞാപനം ചെയ്യേണ്ടതുണ്ട്.
ആദ്യം തയാറാക്കിയ കരട് ചട്ടത്തിലെ നിർദേശങ്ങൾ പുറത്ത്
∙ഭൂപതിവ് നിയമഭേദഗതി ചട്ടത്തിന്റെ ആദ്യത്തെ കരട് റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ കർഷക സംഘടനകൾ പ്രതിഷേധം ശക്തമാക്കി. ഇപ്പോൾ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ചട്ടം തയാറാക്കും മുൻപ് റവന്യു, നിയമ വകുപ്പുകൾ തയാറാക്കിയ കരട് ചട്ടമാണ് ചില കർഷക സംഘടനകൾ പുറത്ത് വിട്ടത്.
റവന്യു വകുപ്പിൽ നിന്ന് തന്നെ ചോർന്നു കിട്ടിയ 14 പേജുകളുള്ള ഇൗ കരട് ചട്ടത്തിൽ നിന്നു ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് മന്ത്രിസഭ അംഗീകരിച്ച ചട്ടത്തിൽ ഉള്ളതെന്നാണ് ആക്ഷേപം.
നിലവിൽ പുറത്ത് വന്ന ചട്ടത്തിൽ 1500 ചതുരശ്രയടി വരെയുള്ള നിർമാണങ്ങൾ കോംപൗണ്ട് ഫീസ് ഇല്ലാതെ ക്രമവൽക്കരിക്കാമെന്ന നിർദേശമുണ്ട്. എന്നാൽ മന്ത്രിസഭ അംഗീകരിച്ച ചട്ടത്തിൽ 3000 ചതുരശ്രയടി വരെയുള്ള നിർമാണങ്ങളാണ് ഫീസില്ലാതെ ക്രമവൽക്കരിക്കാൻ നിർദേശമുള്ളത്.
ഇൗ നിർദേശവും ക്രമവൽക്കരണത്തിലുള്ള ഫീസുകളിൽ വ്യതിയാനം വരുത്തിയതും മാത്രമാണ് ഇപ്പോൾ സബ്ജക്ട് കമ്മിറ്റി പരിഗണിക്കുന്ന ചട്ടത്തിൽ ആദ്യത്തെ കരട് ചട്ടത്തിൽ നിന്നുള്ള വ്യത്യാസമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു.
സൗജന്യമായി 3000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങൾ ക്രമവൽക്കരിക്കുമെന്ന് പറയുമ്പോൾ തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. പട്ടയത്തിന്റെ പകർപ്പ്, കരമടച്ച രസീതിന്റെ പകർപ്പ്, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതിന്റെ രേഖകൾ തുടങ്ങിയ വിവിധ രേഖകൾ അപേക്ഷയോടാെപ്പം സമർപ്പിക്കണം.
ഇതിൽ ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷകൾ നിരസിക്കുമെന്ന് ആദ്യം തയാറാക്കിയ കരട് ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ റവന്യു വകുപ്പ് ഇപ്പോൾ ആവശ്യപ്പെടുന്ന പല രേഖകളും സംഘടിപ്പിക്കാൻ ഉടമകൾ നെട്ടോട്ടമോടേണ്ട അവസ്ഥയാണെന്ന് കർഷക സംഘടനകൾ പറയുന്നു.
പ്രതിഷേധം ശക്തം, പ്രതിരോധിക്കാൻ സിപിഎം
∙ പ്രതിപക്ഷത്തെ കൂടാതെ കർഷക സംഘടനകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും വിവിധ സാമുദായിക സംഘടനകളും ഭൂപതിവ് നിയമഭേദഗതി ചട്ടത്തിൽ എതിർപ്പുമായി രംഗത്തെത്തിയത് ഭരണപക്ഷത്തെ വെട്ടിലാക്കി.
സിപിഎമ്മിന്റെയും കേരള കോൺഗ്രസിന്റെ(എം) നേതൃത്വത്തിൽ ചട്ടരൂപീകരണം മലയോരത്തിനുള്ള ഓണസമ്മാനമെന്ന തരത്തിൽ പ്രചാരണം നടത്തുമ്പോഴാണ് ജില്ലയിൽ പാെതുരംഗത്ത് സജീവമായ ഭൂരിപക്ഷം സംഘടനകളും ഇതിനെ എതിർത്ത് രംഗത്തെത്തിയത്. ഭൂപതിവ് നിയമഭേദഗതി ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ വലിയ പ്രചാരണ പരിപാടികൾക്കാണ് ഇടതുപക്ഷം തയാറെടുക്കുന്നത്.
15ന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന അഭിവാദ്യ സദസ്സ് ഇതിന്റെ തുടക്കമാവും. സർക്കാരിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളെ കൂടി ചട്ടരൂപീകരണത്തിന് അനുകൂലമായി രംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]