കാഞ്ഞിരപ്പള്ളി ∙ ഷീബ ബാബു പഞ്ചായത്തിൽ മാത്രമല്ല വീട്ടിലും സാക്ഷരത പ്രേരകാണ്. നൂറിലേറെ ആളുകളെ തന്റെ പ്രേരക് ജോലിയിലൂടെ പത്താം ക്ലാസിന്റെ പടി കടത്തിവിട്ട
ഷീബ അതേ പ്രവർത്തനം വീട്ടിലും നടത്തി. ഷീബയുടെ പിന്തുണയോടെ ഭർത്താവും മക്കളും ബിരുദാനന്തര ബിരുദങ്ങൾ വാരിക്കൂട്ടി. പാറത്തോട് പഞ്ചായത്തിലെ നോഡൽ സാക്ഷരതാ പ്രേരകാണ് ഷീബ.
3 മക്കളും ഭർത്താവും ഉൾപ്പെടുന്ന ഷീബയുടെ കുടുംബത്തിൽ ഒന്നും രണ്ടുമല്ല, ആകെ 7 ബിരുദാനന്തര ബിരുദമാണുള്ളത്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ഉണ്ടായിരുന്ന കല്ലുവേലിൽ നവഗ്രഹയിൽ കെ.എസ്.ബാബുവിന്റെ ജീവിതപങ്കാളിയായി തമ്പലക്കാട് കൂറുമുള്ളിൽ കുടുംബാംഗം ഷീബ എത്തിയത് 1995ലാണ്. ജനിച്ച് ഒരു വയസ്സു കഴിഞ്ഞപ്പോൾ പോളിയോ ബാധിച്ചു വലതുകൈയ്ക്കും ഇടതുകാലിനും തളർച്ച ബാധിച്ച ബാബുവിന്റെ ജീവിതത്തിലേക്കു ഷീബ എത്തിയതോടെ ജീവിതം കൂടുതൽ കരുത്തുറ്റതായി.
ഷീബയുടെ പ്രേരണയിലും സഹായത്തിലും പിഎസ്സി പരീക്ഷയ്ക്കു തയാറെടുത്ത ബാബു 1997ൽ ഗ്രാമവികസന വകുപ്പിൽ ജോലി നേടി. ബികോം ബിരുദധാരിയായ ഷീബ 2003ൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ സാക്ഷരതാ പ്രേരക് ആയി.
ബിഎസ്സി വിജയിച്ച മൂത്തമകൾ ദേവലക്ഷ്മിയെയും ബികോം വിജയിച്ച രണ്ടാമത്തെ മകൾ രാധികയെയും പിഎസ്സി പരീക്ഷാ പരിശീലനത്തിനു ചേർത്തു.
പരിശീലനത്തിനൊപ്പം വീട്ടിലിരുന്ന് ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ സർവകലാശാലയുടെ എംഎ കോഴ്സിനും ചേർത്തു. ഒപ്പം ബാബുവും എംഎ പഠനത്തിനു ചേർന്നു.
അച്ഛനും മക്കൾക്കും പഠിക്കാനുള്ള നോട്ട് തയാറാക്കി നൽകിയും പഠിപ്പിച്ചും പ്രോത്സാഹിപ്പിച്ചും ഷീബ രാത്രി ഉറക്കമിളച്ച് ഇവർക്കു കൂട്ടിരുന്നു. അച്ഛനും മക്കളും ഒരുമിച്ച് ഒരു ക്ലാസ് മുറിയിലിരുന്ന് പരീക്ഷയെഴുതി.
2022ൽ സോഷ്യോളജിയിലും 2025ൽ പൊളിറ്റിക്സിലും ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ സർവകലാശാലയിൽനിന്നു മൂവരും എംഎ നേടി.
ഗ്രാമവികസന വകുപ്പിൽനിന്നു സീനിയർ സൂപ്രണ്ടായി വിരമിച്ച ശേഷം 58 –ാം വയസ്സിൽ പൊളിറ്റിക്സിൽ എംഎ എടുത്ത ബാബു ഗാന്ധിയൻ സ്റ്റഡീസിലും എംഎ എടുക്കാനുള്ള ശ്രമത്തിലാണ്.ദേവലക്ഷ്മി, പാലാ മുൻസിഫ് കോടതിയിൽ ക്ലാർക്കായും രാധിക പാലാ സപ്ലൈകോയിൽ എഎസ്എം ആയും ജോലി ചെയ്യുന്നു.
രാധിക എൽഡിസി റാങ്ക് ലിസ്റ്റിൽ 71–ാം സ്ഥാനത്തുണ്ട്. ഇളയമകൻ സൂര്യപ്രതാപ് സൈബർ സെക്യൂരിറ്റി എൻജിനീയറിങ്ങിനു രണ്ടാം വർഷം പഠിക്കുന്നു. ദേവലക്ഷ്മിയുടെ ഭർത്താവ് ഗോകുൽ കൃഷ്ണൻ മലയാലപ്പുഴ എസ്എൻഡിപി യുപി സ്കൂളിലെ അധ്യാപകനാണ്. ‘വിദ്യകൊണ്ടു പ്രബുദ്ധരാകുക’ എന്ന ഗുരുസന്ദേശമാണു തങ്ങൾക്കു പ്രേരണയെന്നു ബാബുവും ഷീബയും പറയുന്നു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]