തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലും പരിസരത്തും വാഹനം പാർക്ക് ചെയ്യാൻ എത്തുന്നവർ നട്ടം തിരിയും. പുതിയ കെട്ടിടങ്ങളും പദ്ധതികളും എത്തിയിട്ടും വാഹന പാർക്കിങ് ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്.
കോർപറേഷൻ വക മൾട്ടി പാർക്കിങ് കേന്ദ്രം വരുന്നുണ്ടെങ്കിലും അത് പാർക്കിങ് പ്രശ്നത്തിന് സമ്പൂർണ പരിഹാരമാകില്ല. സ്ഥലപരിമിതി കാരണം നോ പാർക്കിങ് മേഖലകളിലും മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന കവാടത്തിന് മുന്നിലൂടെയുള്ള റോഡിലുമൊക്കെ വാഹനം പാർക്ക് ചെയ്യേണ്ട
അവസ്ഥയിലാണ് ജനം.
രോഗികളും ജീവനക്കാരുമടക്കം ആശുപത്രിയിൽ ദിവസേന എത്തുന്നവരുടെ എണ്ണം 15000 ത്തോളം വരും. ഒട്ടേറെ ആളുകളും സ്വന്തം വാഹനങ്ങളിലാണ് എത്തുന്നത്.
ആംബുലൻസുകൾ, ജീവനക്കാരുടെ വാഹനങ്ങൾ തുടങ്ങി സ്ഥിരമായി എത്തുന്ന വാഹനങ്ങളും ഉണ്ട്. നിലവിലെ സ്ഥിതിയിൽ 1000 ബൈക്കുകൾക്ക് പോലും പാർക്ക് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്.
വൻകിട സ്വകാര്യ ആശുപത്രികളുടെ മാതൃകയിൽ പാർക്കിങ്ങിനായി മാത്രം പ്രത്യേക സ്ഥലം ഏറ്റെടുത്താൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയൂ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസേന ഒപിയിൽ മാത്രം 5000 രോഗികൾ എത്തുന്നുണ്ട്.
ഇപ്പോൾ വാഹന പാർക്കിങ് ആർസിസിയും മെഡിക്കൽ കോളജും കടന്ന് അതിനു പിൻവശത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലേക്കു നീളുകയാണ്. ഓരോ വിഭാഗത്തിനു സമീപവും അവിടെയുള്ള ജീവനക്കാർ പാർക്കിങ് സ്ഥലം കയ്യടക്കി വയ്ക്കുന്ന സ്ഥിതിയുണ്ട്.
ഇത്തരം ഇടങ്ങളിൽ ആശുപത്രിയിൽ ആദ്യമായി എത്തുന്നവർ വാഹനം പാർക്ക് ചെയ്താൽ സെക്യൂരിറ്റിക്കാർ ഓടി എത്തി ആട്ടി പായിക്കും.
പാർക്കിങ് സൗകര്യമില്ലെന്നു പറയുമ്പോഴും ജീവനക്കാർക്ക് താൽപര്യമുള്ളവർ എത്തിയാൽ പാർക്കിങ് സൗകര്യം ഒരുക്കി നൽകാറുണ്ടെന്നും ആക്ഷേപമുണ്ട്. ആശുപത്രി വികസന സമിതി, കോർപറേഷൻ, സർക്കാർ സംവിധാനങ്ങൾ എന്നിവ സഹകരിച്ച് പാർക്കിങ്ങിനായി സ്ഥലം കണ്ടെത്തണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും നൽകുന്ന നിർദേശം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]