വാഗമൺ ∙ ഓണാവധി ആഘോഷിക്കാൻ വാഗമണ്ണിലേക്ക് എത്തിയ വിനോദസഞ്ചാരികൾ ഗതാഗതക്കുരുക്കിനെത്തുടർന്ന് മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങിക്കിടന്നു. ഏലപ്പാറ – വാഗമൺ റോഡിൽ 2 കിലോമീറ്റർ ദൂരത്താണ് ഗതാഗതതടസ്സം നേരിട്ടത്. വാഹനങ്ങൾ മുന്നോട്ടോ പിന്നോട്ടോ എടുക്കാൻ കഴിയാത്തതായിരുന്നു അവസ്ഥ.
ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തിയ സഞ്ചാരികൾക്ക് ഗതാഗതതടസ്സം മൂലം എല്ലാ ടൂറിസം പോയിന്റുകളിലും എത്തി കാഴ്ചകൾ കാണുന്നതിന് കഴിഞ്ഞില്ലെന്ന് പരാതിയുയർന്നു.
ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയവരാണ് ഏറെ വലത്തത്. വാഹനങ്ങളിൽ ഇരുന്നു മടുത്ത സഞ്ചാരികളിൽ പലരും ഒടുവിൽ ഇറങ്ങി നടന്ന് ടൂറിസം കേന്ദ്രങ്ങളിൽ എത്തുകയായിരുന്നു.
സഞ്ചാരികളുടെ വാഹനങ്ങൾക്ക് പുറമേ ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി – സ്വകാര്യ ബസുകളും തിരക്കിൽപെട്ടു. ഏറെസമയം റോഡിൽ കുടുങ്ങിക്കിടന്ന സ്വകാര്യ ബസിലെ യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായി.
ഇവരെ ആശുപത്രിയിലേക്കു മാറ്റുന്നതു വൈകി. ദീർഘദൂര ബസ് സർവീസുകളും വഴിയിൽ കിടന്നു വൈകി.
ഗതാഗതതടസ്സം പതിവായ വാഗമണ്ണിൽ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്ന് വ്യക്തമായി അറിയാമായിരുന്നെങ്കിലും ഒരു വിധ മുൻകരുതലും ഉത്തരവാദിത്തപ്പെട്ടവർ സ്വീകരിച്ചില്ലെന്ന് പരാതി ഉയർന്നു. ജംക്ഷനിൽ വാഹനങ്ങൾ നിരനിരയായി കിടന്നത് കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു.
കൂടുതൽ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ
ഓണാവധിക്ക് മറയൂരിലേക്ക് കൂടുതലെത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ. മറയൂർ, കാന്തല്ലൂർ മേഖലയിൽ തദ്ദേശീയ സഞ്ചാരികളെയാണു പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഓണം ആഘോഷിക്കാനായി ഒട്ടേറെ സഞ്ചാരികൾ മേഖലയിലേക്ക് എത്തിയിരുന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂന്നാറിലേക്ക് വൺഡേ ട്രിപ് എത്തുന്നവരുടെ എണ്ണം കുറയുകയാണ്.
ഇതാണ് ഓണത്തിന് മറയൂരിനെയും ബാധിച്ചതെന്നാണ് റിസോർട്ടുടമകൾ പറയുന്നത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നും പോണ്ടിച്ചേരിയിലും നിന്നുമായാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. മറയൂരിലെയും കാന്തല്ലൂരിലെയും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളുമാണ് സഞ്ചാരികളുടെ ഇഷ്ടയിടങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]