കോഴിക്കോട്∙ ഒരാഴ്ച നീണ്ടുനിന്ന മാവേലിക്കസ് ഓണാഘോഷങ്ങൾക്ക് ഇന്നു സമാപനം. വൈകിട്ട് ആറിന് ലുലുമാളിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റ് മീഡിയ അവാർഡുകളും നൽകും. മാനാഞ്ചിറ മൈതാനത്ത് ഒരുക്കിയ ദീപാലങ്കാരം കാണാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും കെടിഐഎൽ ചെയർമാൻ എസ്.കെ.സജീഷും ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് വി.വസീഫും ഇന്നലെ രാത്രി എത്തി.
മിന്നൽവള, ഓൾഡ് ഇൗസ് ഗോൾഡ്, നാടകം
കോഴിക്കോട്∙ അനുഗ്രഹീതമായ ശബ്ദം കൊണ്ട് തെന്നിന്ത്യയെ ഇളക്കിമറിക്കുന്ന ഗായകൻ സിദ് ശ്രീറാം ഓണാഘോഷ വേദിയിൽ പാട്ടു കൊണ്ട് ആസ്വാദക ഹൃദയം കവർന്നു.
നരിവേട്ടയിലെ മിന്നൽവളയും ഹൃദയപൂർവത്തിലെ വൻമതിയുമടക്കം ഹിറ്റ് മലയാളം പാട്ടുകൾ പാടി നിറഞ്ഞുനിൽക്കുന്ന ശ്രീരാം ആദ്യമായാണ് കോഴിക്കോട്ട് പാടാനെത്തുന്നത്. ടൗൺഹാളിലെ വേദിയിൽ പഴയ പാട്ടുകൾ പാടി ആസ്വാദക മനം നിറച്ച് ‘ഓൾഡ് ഈസ് ഗോൾഡ്’ സംഗീതപരിപാടി.
കലാസംസ്കാരിക സംയുക്ത വേദിയാണ് സംഗീതപരിപാടി വേദിയിലെത്തിച്ചത്.
പിന്നണി ഗായകൻ പി.കെ.സുനിൽകുമാർ അടക്കമുള്ള കോഴിക്കോട്ടുകാരായ 20 കലാകാരൻമാരാണ് വേദിയിലെത്തിയത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ മധുര ഗാനങ്ങൾ കോർത്തിണക്കിയാണ് സംഗീത നിശ അവതരിപ്പിച്ചത്.
തുടർന്ന് സുന്ദരൻ രാമനാട്ടുകര അവതരിപ്പിച്ച ഏകപാത്ര നാടകം പൊട്ടനും അരങ്ങേറി. മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകളുമായി ഇപ്റ്റ നാട്ടുതുടി സംഘവുമെത്തി.
മാനാഞ്ചിറയിലെ വേദിയിലാണു ശ്രീകൃഷ്ണദാസ് വല്ലാപ്പുന്നി നയിക്കുന്ന നാടൻപാട്ട് സംഘം പാട്ടോണം തീർത്തത്. തനതുപാട്ടുകൾ, നേരംപോക്ക്, അരവ്, താരാട്ട്, കൊയ്ത്ത്, അനുഷ്ഠാന പാട്ടുകൾ എന്നിവ അവതരിപ്പിച്ചു.
പാട്ടിലൂടെ ഉണർത്തി ജൊനീറ്റ ഗാന്ധി
∙ തിരുവോണ നാളിൽ കോഴിക്കോടിനെ ഇളക്കിമറിച്ച് മാവേലിക്കസ് വേദിയിൽ പിന്നണിഗായിക ജൊനീറ്റ ഗാന്ധി.
ഹിന്ദി, തമിഴ് ഭാഷകളിൽ താൻ ആലപിച്ച ഹിറ്റുഗാനങ്ങൾ പാടിയാണ് ജൊനീറ്റ നൃത്തച്ചുവടു വച്ചത്. വസീഗര, ചെല്ലമ്മ, ഓ മേരി സോണിയ, ജുംക്ക ജുംക്ക, ഇഷ്ക്ക് ഹമാരാ, ചുട്ടമല്ലി, അൻപേ വാ എൻ അൻപേ വാ, അറബിക് കുത്ത് തുടങ്ങിയ പാട്ടുകൾ സദസ്സിനെ ഇളക്കിമറിച്ചു.
‘പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ’ എന്ന മലയാളം പാട്ടു പാടി കയ്യടി വാങ്ങി.
തമിഴ് ഹിറ്റ് പാട്ടുകൾ പാടി പിന്നണി ഗായകൻ യോഗി ശേഖർ മാവേലിക്കസിന്റെ ബേപ്പൂരിലെ വേദിയെ കയ്യിലെടുത്തു. കോഴിക്കോട്ടുകാരായ സംഗീതജ്ഞരുടെ കൂട്ടായ്മയായ ദേവദൂതർ ബാൻഡും സംഗീതവിരുന്നൊരുക്കി കയ്യടി നേടി. തിരുവോണനാളിൽ കടപ്പുറത്ത് ഇറ്റാലിയൻ അക്രോബാറ്റിക്സും വാസ്തുവിദ്യയും ഒരുമിപ്പിച്ച ക്യൂബോ ഇറ്റലി ഷോ.
സംസ്ഥാന സർക്കാരിന്റെ മാവേലിക്കസ് 2025 വേദിയിലാണ് ഇറ്റാലിയൻ തിയറ്റർ സംഘമായ ക്യൂബോ ഇറ്റലി ദൃശ്യാനുഭവം ഒരുക്കിയത്. സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കൂടിച്ചേർന്ന ത്രിമാന പ്രദർശനമാണു നടത്തിയത്.
ക്രെയിനിൽ ഉയർത്തിയ ക്യൂബ് ആകൃതിയിലുളള രൂപത്തിനുള്ളിൽ അഭ്യാസ പ്രകടനവും വെർട്ടിക്കൽ ഡാൻസും കാണികൾക്ക് പുത്തൻ അനുഭവമായി.
നൃത്തവും സാഹസിക പ്രകടനങ്ങളും ക്യൂബിനുള്ളിൽ നിന്നുള്ള ചാട്ടവുമെല്ലാം വിസ്മയിപ്പിച്ചു. വർണവെളിച്ചത്തിലെ അഭ്യാസപ്രകടനങ്ങളും പശ്ചാത്തല സംഗീതത്തിനൊത്തുള്ള നൃത്തവും നിഴലുകളുടെ വിന്യാസവും ചേർന്ന അപൂർവ ദൃശ്യാനുഭവമമായി ഷോ മാറി.
മാവേലിക്കസ്: വേദിയിൽ ഇന്ന്
കോഴിക്കോട് കടപ്പുറം: ഷാൻ റഹ്മാൻ ഷോ
ലുലുമാൾ: ചിന്മയി നയിക്കുന്ന സംഗീത പരിപാടി
ബേപ്പൂർ കടപ്പുറം: അഭയ ഹിരൺമയി, നഞ്ചിയമ്മ സംഗീത പരിപാടി
ഇരിങ്ങൽ സർഗാലയ: കണ്ണൂർ ഷെരീഫും കൊല്ലം ഷാഫിയും നയിക്കുന്ന സംഗീത പരിപാടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]