ദില്ലി: അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എഇഎൽ) സ്ഥിരീകരിക്കാത്തതും അപകീർത്തികരമായതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്. ലേഖനങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ദില്ലി ജില്ലാ കോടതി ഉത്തരവിട്ടത്.
പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, ആയസ്കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗൺ ഫൗണ്ടേഷൻ, ഡ്രീംസ്കേപ്പ് നെറ്റ്വർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബർ ഒൻപതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. ദാനി എന്റർപ്രൈസസ് ലിമിറ്റഡിൻ്റെ പ്രശസ്തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.
അഭിഭാഷകൻ വിജയ് അഗർവാളാണ് അദാനി കമ്പനിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21-ൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രശസ്തിക്കുള്ള അവകാശത്തെ ചവിട്ടിമെതിക്കുന്ന രീതിയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉപയോഗിക്കാൻ കഴിയില്ലെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അടുത്ത വാദം കേൾക്കുന്നത് വരെ, അദാനി കമ്പനിയുടെ പ്രശസ്തി കളങ്കപ്പെടുത്തുന്ന സ്ഥിരീകരിക്കാത്ത അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്. 1 മുതൽ 10 വരെയുള്ള പ്രതികളോട് അഞ്ച് ദിവസത്തിനുള്ളിൽ എല്ലാ ലേഖനങ്ങളിലെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലെയും അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പ്രതികൾ ഇത് ചെയ്യാത്ത പക്ഷം 36 മണിക്കൂറിനുള്ളിൽ ഇവ നീക്കാനോ, മറച്ചുവെക്കാനോ ഗൂഗിൾ, യൂട്യൂബ്, എക്സ് തുടങ്ങിയ കമ്പനികൾക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]