തൃശൂർ ∙ ഓണക്കാലം നാടിനു കുമ്മാട്ടിക്കാലം കൂടിയാണ്. പർപ്പടകപ്പുല്ല് ദേഹത്തു കെട്ടി പൊയ്മുഖമണിഞ്ഞ്, മേളത്തിന്റെ താളത്തിനൊപ്പം വർണക്കാവടികളുടെ അകമ്പടിയോടെ എത്തുന്ന കുമ്മാട്ടികൾ ഓണക്കാലത്തു ദേശങ്ങൾ ചുറ്റിയടിക്കും.
ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ദേശക്കുമ്മാട്ടി സംഘങ്ങൾ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. വിവിധ മേളങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ കുമ്മാട്ടികൾ ഘോഷയാത്രയായി ദേശം ചുറ്റും.
പരമ്പരാഗത ദേശങ്ങൾക്കു പുറമേ വിവിധ സംഘടനകളും ക്ലബ്ബുകളും കുമ്മാട്ടി ഉത്സവങ്ങളിൽ സജീവമാണ്. ഇത്തവണയും ദേശങ്ങൾക്കൊപ്പം ഒട്ടേറെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പുത്തൻ കുമ്മാട്ടികൾ ഓണദിവസങ്ങളിലെത്തും.
തൃശൂർ കുമ്മാട്ടി ചരിത്രം
ഓണ നാളുകളിൽ നാട്ടുകാരോടു വിശേഷം ചോദിക്കാനെത്തുന്ന കുമ്മാട്ടികൾ തൃശൂരിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായിട്ടു വർഷങ്ങളായി.
ശരീരം മുഴുവൻ പർപ്പടകപ്പുല്ലു കെട്ടി, കഴുത്തിൽ പൂമാലയണിഞ്ഞ്, മരത്തടിയിൽ കൊത്തിയെടുത്ത പൊയ്മുഖവും ധരിച്ച്, വാദ്യമേളങ്ങൾക്കൊപ്പം ചുവടുവയ്ക്കുന്ന കുമ്മാട്ടികൾ നാടിന്റെ ആവേശമാണ്. ‘തള്ള’ മുഖമാണു കുമ്മാട്ടിയിലെ പ്രധാന വേഷം.
ആദ്യകാലത്തു കമുകിൻ പാളയിൽ തീർത്ത കുമ്മാട്ടി മുഖങ്ങളാണ് ഉപയോഗിച്ചിരുന്നത്.
കനം കുറവാണെങ്കിലും ഇവയ്ക്കധികം ആയുസ്സുണ്ടായിരുന്നില്ല. മരത്തടിയിൽ തീർത്ത കുമ്മാട്ടി മുഖങ്ങൾ വ്യാപകമാകും മുൻപു തകിടു രൂപങ്ങളും ഉപയോഗിച്ചിരുന്നു.
തടിയിൽ കൊത്തിയതാണെങ്കിലും ഇപ്പോഴത്തെ മുഖങ്ങൾക്കു ഭാരക്കൂടുതലാണ്. 4 കിലോയോളം ഭാരമുള്ള മുഖങ്ങൾ അണിഞ്ഞു 5 കിലോമീറ്ററിലധികം ചുവടുവച്ചു പോകാൻ കഴിയുന്നത്, ആവേശം കൊണ്ടു മാത്രമാണ്.
ആദ്യകാലത്ത് ഓണവില്ല് മാത്രമായിരുന്നു വാദ്യം. കാലം മാറിയതോടെ ഓണവില്ലിനു പുറമേ വാദ്യങ്ങളായി ചെണ്ട, ശിങ്കാരിമേളം, നാഗസ്വരം എന്നിവ ഉൾപ്പെടുത്തി.
തെയ്യത്തിനു സമാനമായ കലാരൂപങ്ങൾ, പുരാണ കഥകൾ വിവരിക്കുന്ന നിശ്ചലദൃശ്യങ്ങൾ, കാവടികൾ എന്നിവയെല്ലാം ഇപ്പോൾ കുമ്മാട്ടിക്കൊപ്പമുണ്ട്.
ഭക്തരെ ആന്ദപ്പിക്കാനായി പരമശിവൻ അയച്ച ഭൂതഗണങ്ങളുടെ നൃത്തമായാണു കുമ്മാട്ടി ഉത്സവത്തെ വിശേഷിപ്പിക്കുന്നത്. കിരാതത്തിനു ശേഷം ഗണപതിയെ പ്രീതിപ്പെടുത്താനായി ശിവഭൂതഗണങ്ങൾ പലവിധ വേഷങ്ങളോടെ കെട്ടിയാടിയെന്നും പിന്നീടു ഗണപതിയും പങ്കുചേർന്നെന്നും ഇതു കുമ്മാട്ടിയെന്ന പേരിൽ ആചരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
പർപ്പടക പുല്ല് കിട്ടാനില്ല
കുമ്മാട്ടി നടത്തുന്നതിനായുള്ള ചെലവിനേക്കാൾ വലിയ തടസ്സം പർപ്പടകപ്പുല്ലിന്റെ ക്ഷാമമാണ്.
നാട്ടിലെവിടെയും പുല്ലു കിട്ടാനില്ലാതായി. ഒരു കുമ്മാട്ടി വേഷത്തിനായി അരച്ചാക്ക് പുല്ല് ആവശ്യമായി വരും.
പ്രത്യേക ഗന്ധമുള്ള പർപ്പടകപ്പുല്ല് തന്നെ ഉപയോഗിക്കുന്നതാണു രീതിയെങ്കിലും ചില ദേശങ്ങളിൽ പുല്ലിനു പകരം നിറമുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. പാലക്കാട് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നാണു സംഘാടകർ ഇപ്പോൾ പുല്ല് ശേഖരിക്കുന്നത്.
പുല്ല് ലഭ്യമല്ലാത്തതിനാൽ കുറച്ചു പേർക്കു മാത്രമേ വേഷമിടാൻ കഴിയൂ എന്ന വിഷമമാണു പല ദേശക്കാർക്കും.
കുമ്മാട്ടിയുടെ തറവാട്
തൃശൂരിൽ ഒട്ടേറെ ദേശക്കുമ്മാട്ടികളുണ്ട്. എന്നാൽ ഇതിൽ കിഴക്കുംപാട്ടുകര ദേശത്തിന്റെ കുമ്മാട്ടിക്കു വർഷങ്ങളുടെ പാരമ്പര്യമുണ്ട്.
‘കുമ്മാട്ടിയുടെ തറവാട്’ എന്ന വിളിപ്പേരും ഈ ദേശത്തിനു സ്വന്തം. വടക്കുംമുറി, തെക്കുംമുറി, പൃഥ്വി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണു കിഴക്കുംപാട്ടുകരയിൽ നിലവിൽ കുമ്മാട്ടി കെട്ടിയാടുന്നത്.തെക്കുംമുറിയിൽ തന്നെ 40 വർഷത്തിലേറെയായി കുമ്മാട്ടി വേഷം കെട്ടുന്നവരുണ്ട്.
കുമ്മാട്ടി ഒരുക്കങ്ങൾക്കും വാദ്യങ്ങൾക്കും ഉൾപ്പെടെ ലക്ഷങ്ങൾ ചെലവാകും. തൃശൂർ കോർപറേഷൻ സഹായ നിധിയെന്ന പേരിൽ ചെറിയ തുക നൽകാറുണ്ട്.
ദേശത്തെ വീടുകളിൽ നടത്തുന്ന പിരിവിലൂടെയാണു ചെലവിനുള്ള പണം ഭൂരിഭാഗം സംഘങ്ങളും കണ്ടെത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]