ന്യൂഡൽഹി ∙ കണ്ണടച്ചാൽ കള്ളൻമാർ വരുമെന്ന ഭീതി, മാലിന്യക്കൂമ്പാരങ്ങളിൽനിന്നുള്ള ദുർഗന്ധം, സുരക്ഷിതമല്ലാത്ത ഫ്ലാറ്റുകൾ: മദ്രാസി ക്യാംപിൽനിന്നു പുനരധിവസിപ്പിക്കപ്പെട്ടവർക്കു നരകമാണ് നരേല. കഴിഞ്ഞ ജൂണിലാണു ജങ്പുരയ്ക്കു സമീപം മദ്രാസി ക്യാംപിലെ 370 വീടുകൾ ഡിഡിഎ ഇടിച്ചുനിരത്തിയതും അവിടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളെ നരേലയിലേക്കു മാറ്റിയതും.
മദ്രാസി ക്യാംപിൽ കഴിഞ്ഞിരുന്ന 215 കുടുംബങ്ങളെയാണ് നരേല പോക്കറ്റ് 4, 5 എന്നിവിടങ്ങളിലെ ഒറ്റമുറി ഫ്ലാറ്റുകളിലേക്കു മാറ്റിയത്. ജങ്പുരയിലും പരിസരത്തും പല ജോലികളുമായി കഴിഞ്ഞിരുന്നവർക്കു മാറ്റം ദുരിതമായി.
കുട്ടികളുടെ പഠനം മുടങ്ങി. കഴിഞ്ഞ 2 മാസത്തിനിടെ 210 കുടുംബങ്ങളും ഇവിടത്തെ ഫ്ലാറ്റ് ഉപേക്ഷിച്ചു ജങ്പുരയിലേക്കു തിരിച്ചെത്തി.
കള്ളന്മാരെ പേടിച്ചാണു കൂടുതലാളുകളും നരേലയിലെ ഫ്ലാറ്റുകൾ ഉപേക്ഷിച്ചതെന്ന് ഇവിടെ താമസിക്കുന്ന ഉലകനാഥൻ (30) പറഞ്ഞു. 40ലേറെ സുഹൃത്തുക്കൾ തങ്ങളുടെ ഫ്ലാറ്റുകളുടെ താക്കോൽ അദ്ദേഹത്തെ ഏൽപിച്ചാണു പോയത്.
‘കഴിഞ്ഞ 2 മാസമായി ഭാര്യയ്ക്കും ജോലിയില്ല.
നരേലയിലെ ഓയിൽ കമ്പനിയിൽ ജോലിക്കു പോയെങ്കിലും 13 മണിക്കൂർ പണിയെടുത്താലും ഒരു കുടുംബത്തിനു ഒരുദിവസം തള്ളിനീക്കാനുള്ള കൂലി കിട്ടില്ല. എന്തുവില കൊടുത്തും തമിഴ് സ്കൂളിലെ കുട്ടികളുടെ പഠനം തുടരണം’– ഉലകനാഥൻ പറഞ്ഞു.
മാസം 250 രൂപ മാത്രം ഫീസുള്ള ഡിടിഇഎ സ്കൂളിൽ തമിഴിനൊപ്പം ഇംഗ്ലിഷും ഹിന്ദിയും പഠിപ്പിക്കുന്നുണ്ട്. നരേലയിൽ ജീവിതം സാധ്യമല്ലെന്നു മദ്രാസി ക്യാംപിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ട
കൃഷ്ണമൂർത്തിയും പറയുന്നു. ‘ഫ്ലാറ്റ് കിട്ടി താമസം തുടങ്ങുന്നതിനു മുൻപ് തന്നെ വീട്ടിലെ അലമാരയും ഫാനുകളും ഇലക്ട്രിക് വയറുകളും മോഷണം പോയി.
രാഷ്ട്രപതി ഭവനിലെ ശുചീകരണ വിഭാഗം ജീവനക്കാരനാണ്. രാവിലെ 7നു ജോലിക്കു കയറണം.
നരേലയിൽനിന്ന് ആ സമയത്തെത്താനാകില്ല. അതിനാൽ ആശ്രം ഭാഗത്തു ചെറിയൊരു വീട് വാടകയ്ക്കെടുത്തു’– കൃഷ്ണമൂർത്തി പറഞ്ഞു.
ജങ്പുരയിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വീരപ്പൻ കുമാറിനും നരേലയിൽ പുതിയൊരു ജീവിതം കണ്ടെത്താനായില്ല. താഴത്തെ നിലയിലാണു ഫ്ലാറ്റ് കിട്ടിയത്.
ആദ്യത്തെ മഴയ്ക്കു തന്നെ അകത്തേക്ക് അഴുക്കുവെള്ളം ഇരച്ചുകയറി. തമിഴ് സ്കൂളിൽ പഠിച്ചിരുന്ന മക്കളുടെ പഠനം മുടങ്ങുമെന്നായപ്പോൾ ഫ്ലാറ്റ് ഉപേക്ഷിച്ചു.
‘മകൻ 10–ാം ക്ലാസിലാണു പഠിക്കുന്നത്. അവരുടെ ജീവിതമെങ്കിലും മെച്ചപ്പെടണം’– വീരപ്പൻ പറഞ്ഞു.
‘അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഫ്ലാറ്റുകളിലേക്കു മാറ്റിയെന്നല്ലാതെ സർക്കാർ ഒരു സഹായവും നൽകിയില്ല.
തമിഴ് മീഡിയം സ്കൂളും തൊഴിലും ഉറപ്പാകുന്നതു വരെ നരേലയിലേക്കു പോകില്ല. ലോധി എസ്റ്റേറ്റിലെ ഡൽഹി തമിഴ് എജ്യുക്കേഷൻ അസോസിയേഷൻ(ഡിടിഇഎ) സ്കൂളിലേക്കു ബസ് സർവീസ് തുടങ്ങുമെന്ന വാക്കും സർക്കാർ പാലിച്ചില്ല’.
∙ മുരുകേശൻ (മദ്രാസി ക്യാംപ് അസോസിയേഷൻ പ്രസിഡന്റ്)
സഹിക്കണം, ദുർഗന്ധം; കുടിക്കണം, മലിനജലം
ഇതു മദ്രാസി ക്യാംപിൽനിന്നു കുടിയൊഴിക്കപ്പെട്ടവരുടെ മാത്രം ദുരവസ്ഥയല്ല.
കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 3 വർഷത്തിനിടെ വിവിധ ചേരികളിലെ 5,185 വീടുകൾ ഡിഡിഎ ഇടിച്ചുനിരത്തി. അതിൽ 3,043 കുടുംബങ്ങളെ അശോക് വിഹാർ, കൽക്കാജി, നരേല എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിലേക്കു മാറ്റി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അശോക് വിഹാറിലെ സ്വാഭിമാൻ ഫ്ലാറ്റിന്റെ പരിസരത്തേക്ക് അടുക്കുമ്പോൾ തന്നെ മൂക്കുപൊത്തണം.
കൽക്കാജിയിലും സ്ഥിതിയും വ്യത്യസ്തമല്ല. മാലിന്യം കലർന്ന വെള്ളമാണു പൈപ്പിലൂടെ വരുന്നത്.
മിക്കവർക്കും ത്വക്ക് രോഗങ്ങളും മറ്റു പകർച്ചവ്യാധികളും ബാധിച്ചെന്നും താമസക്കാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]