കൊച്ചി∙ ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ നല്ലൊരു പങ്ക് പ്രവാസി മലയാളികളും വിളമ്പുന്നത് ഫ്രോസൻ ആയി എത്തി ചൂടാക്കിയെടുത്ത സദ്യ. പരിപ്പും പായസവും പാലടയും പപ്പടവുമെല്ലാം ഓവനിലേക്കൊന്നു കയറി ഇറങ്ങുമ്പോള്‍ ഒട്ടും ഫ്രഷ്നസ് നഷ്ടപ്പെടാതെ തൂശനിലകളിലേക്കു വിളമ്പാനാകുന്നു എന്ന പ്രത്യേകതയുണ്ട്.
2020നുശേഷം പ്രവാസികള്‍ പരിചയിച്ച ഫ്രോസൻ സദ്യ ഇന്നു കോടികളുടെ വിപണിയാണു തുറന്നു നല്‍കിയിരിക്കുന്നത്.
ഏതു പ്രതിസന്ധിയിലും ഓണം മറക്കാത്ത മലയാളികള്‍ക്കിടയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഫ്രോസൻ സദ്യകളുമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍നിന്നുള്ള വിവിധ ഭക്ഷണക്കമ്പനികള്‍ രാജ്യാന്തര വിപണിയിലേക്കു ചുവടു വച്ചത്. വിദേശത്തെ ജോലിത്തിരക്കുകള്‍ക്കിടയിലും ഓണത്തിന്റെ ആര്‍പ്പോ… ഈറോ… വിളികള്‍ ഉയരുന്നുണ്ടെങ്കില്‍ അവടെ സദ്യകള്‍ക്കു സാധ്യതകളുണ്ടെന്ന തിരിച്ചറിവാണു വഴിത്തിരിവായത്.
ഏതു തിരക്കിനിടയിലും പ്രവാസി മലയാളികളെ ഞൊടിയിടയില്‍ സദ്യ വിളമ്പാന്‍ സഹായിക്കുക, ഒപ്പം അതിന്റെ ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നതാണു കമ്പനികള്‍ പ്രയോഗിച്ച തന്ത്രം.
അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം വിപണിയായപ്പോള്‍ ഫ്രോസൻ സദ്യയെന്നതു കോടികളുടെ കച്ചവടമായി മാറി. ട്രംപിന്റെ തീരുവ ഉയര്‍ത്തലിനു മുന്നേ അമേരിക്കന്‍ മലയാളി കമ്പനികളുടെ ഫ്രീസറുകളില്‍ ഇടം പിടിച്ചതിനാല്‍ ഈ വര്‍ഷവും മലയാളിക്കു കൈപൊള്ളാതെ സദ്യയുണ്ണാന്‍ സാധിച്ചിട്ടുണ്ടെന്നാണു വിലയിരുത്തല്‍.
2020ല്‍ അഞ്ചുപേര്‍ക്കുള്ള ഫ്രോസൻ സദ്യയുമായി ആദ്യം വിദേശവിപണികളിലേക്കെത്തുന്നത് പാറയില്‍ ഫുഡ് പ്രോഡക്ട്സിന്റെ ഡെയ്ലി ഡിലൈറ്റ് സദ്യകളാണ്.
തുടര്‍ വര്‍ഷങ്ങളില്‍ ജാക്മിയും ടേസ്റ്റി നിബിള്സുമെല്ലാം വിപണിയിലേക്കെത്തി. ഏതു പുതിയ ബ്രാന്‍ഡ് വന്നാലും ഗുണമേന്മയുണ്ടെങ്കില്‍ സ്വീകരിക്കുമെന്നതാണു പ്രവാസി മലയാളിയെ നാട്ടിലെ മലയാളിയില്‍നിന്നു വ്യത്യസ്തമാക്കുന്നതെന്ന് കാനഡയില്‍ ഗ്രോസറി ബിസിനസ് നടത്തുന്ന മലയാളി ആസാദ് ജയന് പറയുന്നു.
ഫ്രോസൻ ഉല്പന്നങ്ങളുടെ വിപണി പതിവിലും ഇരട്ടിച്ചതായി അദ്ദേഹം വിലയിരുത്തുന്നു.
ഒപ്പം സദ്യയുടെ വില്പനയും വര്‍ധിച്ചിട്ടുണ്ട്. യുകെയില്‍ ഈ വര്‍ഷം ഫ്രോസൻ വിപണി ഇരട്ടിയിലേറെ വര്‍ധിച്ചതായി ഗ്രോസറി ബിസിനസില്‍ കഴിഞ്ഞ 20 വര്‍ഷമായി സജീവമായുള്ള കോട്ടയം സ്വദേശിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വ്യവസായിയുമായ തോമസ് സോബി സണ്ണി വിലയിരുത്തുന്നു.
2024ല്‍ പാറയില്‍ ഫുഡ്സ് മാത്രം 50,000 സദ്യ കിറ്റുകള്‍ വിദേശത്തെത്തിച്ചിട്ടുണ്ടെന്നാണു ലഭ്യമാകുന്ന കണക്ക്.
ഈ വര്‍ഷം ജാക്മി യുകെ, യുഎസ്, ഓസ്ട്രേലിയ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങളിലേക്ക് ഏതാണ്ട് ഇത്ര തന്നെ സദ്യ കപ്പല്‍ കയറ്റിയപ്പോള്‍ ഡെയ്ലി ഡിലൈറ്റിനു വില്പന ഇരട്ടിയിലേറെയാണ് ഉണ്ടായിട്ടുള്ളത്. ഇവര്‍ക്കു പുറമേ അജ്മി ഫ്ലോര്‍സ് ഇന്ത്യ, ബ്ലീക്കോ ഇംപോര്‍ട്സ് ആന്‍ഡ് എക്സ്പോര്‍ട്സ് തുടങ്ങിയവരും കളത്തിലിറങ്ങിയിട്ടുണ്ട്.
ഫ്രോസൻ സദ്യയ്ക്കു പിന്നാലെ റിട്രോട്ട് സാങ്കേതിക വിദ്യയില്‍ പായ്ക്കു ചെയ്ത സദ്യകളും ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്.
എന്നാല്‍ മലയാളിയുടെ പതിവു സംശയക്കണ്ണുകളില്‍ കുരുങ്ങുന്നതിനാല്‍ ഇവ വിപണി പിടിക്കാന്‍ സമയമെടുക്കുന്നുണ്ട്. ഇറ്റെറി മലബാറിക്കസാണ് ഈ വര്‍ഷം റിട്രോട്ട് സദ്യ വിദേശവിപണികളിലെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇപ്പോൾ വിപണിയിലേക്കു പ്രവേശനം നടത്തിയിരിക്കുന്നത്.
ടേസ്റ്റി നിബിള്സാണ് റിട്രോട്ട് ഓണസദ്യയുമായി വിപണി പ്രവേശം നടത്തിയിരിക്കുന്ന മറ്റൊരു കമ്പനി. പുതിയ റിട്രോട്ട് സാങ്കേതിക വിദ്യകള്‍ക്കു വരും വര്‍ഷങ്ങളില്‍ ഓണ വിപണിയില്‍ സാധ്യത ഉയര്‍ത്തുമെന്നാണു കരുതുന്നതെന്നു തോമസ് സോബി സണ്ണി വിലയിരുത്തുന്നു.
ഫ്രോസൻ ഉല്പന്നങ്ങളെ പോലെ സൂക്ഷിച്ചു വയ്ക്കാനുള്ള ചെലവ് ഇല്ല എന്നതാണ് ഇതിന്റെ സാധ്യത ഉയര്‍ത്തുന്നത് – അദ്ദേഹം പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]