എടത്വ ∙ തലവടി ആനപ്രമ്പാൽ തെക്കേക്കരയിൽ ഒരു കുടം വെള്ളം വേണമെങ്കിൽ മണിക്കൂറുകൾ കുഴിയിൽ കുത്തിയിരിക്കണം. അതു ലഭിക്കുന്നതാകട്ടെ ആഴ്ചയിൽ രണ്ടു ദിവസം മാത്രം.
കുന്തിരിക്കൽ തെക്കുംതല വീടിനു സമീപത്തെ പൊതു ടാപ്പ് സ്ഥിതിചെയ്യുന്നതു തന്നെ റോഡിൽ നിന്നും ഒന്നരയടിയോളം താഴ്ചയുള്ള കുഴിയിലാണ്. ഒട്ടേറെ വീടുകൾ ഒന്നിച്ചു സ്ഥിതിചെയ്യുന്ന പുളിക്കത്ര പ്രദേശത്തെ ഉൾപ്പെടെ നൂറുകണക്കിനു വീട്ടുകാർ ഇവിടെ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ടാപ്പ് ഇട്ടാൽ വെള്ളം ലഭിക്കാത്തതിനാൽ ടാപ്പ് ഊരി മാറ്റിയ ശേഷമാണ് വെള്ളം ശേഖരിക്കുന്നത്.
മൂന്നോ നാലോ കുടം വെള്ളം ശേഖരിച്ചു കഴിഞ്ഞാൽ പിന്നെ വെള്ളം ലഭിക്കില്ല.
പിന്നീട് മണിക്കൂറുകൾ കാത്തു നിൽക്കണം. ഈ ടാപ്പിൽ നിന്നുള്ള വെള്ളം ലഭിക്കാതെ വന്നപ്പോൾ പാരേത്തോടു നിന്നും 500 മീറ്ററിലേറെ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ വലിച്ച് രണ്ട് പൊതു ടാപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. പൈപ്പ് സ്ഥാപിച്ചിട്ട് 6 വർഷം പിന്നിട്ടു.
ഇന്നു വരെ അതിലൂടെ ഒരു തുള്ളി വെള്ളം ലഭിച്ചിട്ടില്ല. ഇതിനു മുൻപുള്ള പൈപ്പ് കാലഹരണപ്പെട്ടതോടെയാണ് പുതിയ പൈപ്പ് ലൈൻ വലിച്ചത്.
ലക്ഷങ്ങൾ പാഴായതല്ലാതെ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.
ഇതിലും ദുരിത പൂർണമായ അവസ്ഥയാണ് പാരേത്തോടു നിന്നും ഒരു കിലോമീറ്റർ തെക്കു മാറി തോട്ടടി പ്രദേശത്തുകാരുടേത്. ഇവിടെ പൈപ്പ് ലൈനിൽ കൂടിയുള്ള വെള്ളം എത്തിയിട്ട് മൂന്നര പതിറ്റാണ്ടു കഴിഞ്ഞു . 1979 ൽ സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് ഇവിടെയുള്ളത്.
പത്തിലേറെ പൊതു ടാപ്പുകളും ഉണ്ടായിരുന്നു. ഇപ്പോൾ പൈപ്പും ഇല്ല പൊതു ടാപ്പും ഇല്ല.
പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുള പലതവണ പരാതി നൽകി.
മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയും ചെയ്തു.
പഞ്ചായത്തിനെതിരെ അവർ നടപടി സ്വീകരിച്ചു എന്നിട്ടും ഇന്നും ശുദ്ധജലം എത്തുന്നില്ല. തലവടി തെക്കേക്കരയിൽ പുതിയ പൈപ്പ് ലൈൻ വലിക്കുകയും വെള്ളക്കിണറിൽ സ്ഥാപിച്ചിട്ടുള്ള ഉപരിതല ടാങ്കിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യുകയും ചെയ്താൽ മാത്രമേ തെക്കേക്കരയിൽ കുറച്ചു സ്ഥലത്തെങ്കിലും വെള്ളം എത്തൂ.
അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]