പാലക്കാട് ∙ വിരിഞ്ഞു നിൽക്കുന്ന പൂക്കളും പൂത്തു തളിർത്ത സസ്യങ്ങളും പച്ചക്കറിത്തോട്ടവുമാണു നൂറണി ഗവ.എൽപി സ്കൂളിലെത്തുന്നവരെ സ്വാഗതം ചെയ്യുക. ഹരിതഭംഗിയൊരുക്കി സ്കൂളിനൊന്നാകെ തണലൊരുക്കുന്നതു റിട്ട.അധ്യാപകൻ വി.ഹമീദാണ്.
അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഒരു സ്കൂളിനെ മാതൃകാ വിദ്യാലയമാക്കി മാറ്റിയെടുക്കുക, വിരമിച്ച ശേഷവും സ്വന്തം സ്കൂളിന്റെ പുരോഗതിക്കായി തന്റെ സമ്പത്തും ആരോഗ്യവും സമയവും ചെലവഴിക്കുക.
17 വർഷത്തോളമായി അപൂർവമായ ഈ കർമപഥത്തിലാണു സംസ്ഥാന അധ്യാപക അവാർഡ് ജേതാവു കൂടിയായ ഹമീദ് മാഷ്.
പേര, നെല്ലി, ചാമ്പ, നാരകം, മുരിങ്ങ, പ്ലാവ്, വാഴ തുടങ്ങിയ സസ്യസമ്പത്താണു സ്കൂളിനെ വേറിട്ടതാക്കുന്നത്. ഇവിടെ നിന്നു വിളഞ്ഞു കിട്ടുന്ന ജൈവ പച്ചക്കറിയാണ് കുട്ടികളുടെ ഉച്ചയൂണിനെ വിഭവസമൃദ്ധമാക്കുന്നത്.
പച്ചക്കറിക്കൃഷിയുടെയും സസ്യസമ്പത്തിന്റെയും പരിപാലനത്തിന് ഹമീദിനു കൂട്ടായി കുട്ടികളും അധ്യാപകരുമുണ്ട്.
അറബിക് അധ്യാപകനായിരുന്ന ഹമീദിനു 2007 ലാണ് മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. 34 വർഷത്തെ അധ്യാപക ജീവിതം 2008 മാർച്ചിൽ അവസാനിച്ചെങ്കിലും സേവന സന്നദ്ധനായി മാഷ് തന്റെ ‘സ്കൂളിൽപോക്ക്’ ഇപ്പോഴും തുടരുന്നു.
സസ്യങ്ങൾ മാത്രമല്ല അലങ്കാര മത്സ്യങ്ങളും പക്ഷികളും ഉൾപ്പെടുന്ന പ്രകൃതിയുടെ വർണക്കൂടാരം കൂടിയായി സ്കൂളിനെ ഹമീദ് മാഷ് മാറ്റിയെടുത്തു.
മേപ്പറമ്പ് സ്വദേശിയായ ഹമീദ് ദിവസവും രാവിലെ 6നു നൂറണി സ്കൂളിലെത്തും. ഗേറ്റും ക്ലാസ് മുറികളും തുറക്കും.
പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നനയ്ക്കും. കള പറിക്കും, വാഴയ്ക്കു തടമെടുക്കും.
7.45 ആവുമ്പോൾ വീട്ടിലേക്കു മടങ്ങും. പേരക്കുട്ടികളെ സ്കൂളിൽ വിടും. 9.10നു വീണ്ടും ഇവിടെയെത്തും.
12.30 വരെ തുടരും. വൈകിട്ട് അഞ്ചിന് വീണ്ടും സ്കൂളിലെത്തിയാൽ പിന്നെ മടങ്ങുന്നതു ആറരയ്ക്ക്.
അധ്യയന ദിവസമെന്നോ അവധി ദിവസമെന്നോ ഭേദമില്ലാതെ മാഷ് പതിവ് തുടരുന്നു. പ്രധാനാധ്യാപകരും അധ്യാപകരും പലരും വന്നു മടങ്ങിയെങ്കിലും മാഷിന്റെ ജീവിതചര്യയ്ക്കു മാറ്റമില്ല. സ്കൂൾ വികസന സമിതി അംഗമായി ചുമതലയുള്ള ഹമീദ് മാഷിന്റെ നേതൃത്വത്തിലാണ് എസ്എസ്കെ സ്റ്റാഴ്സ് ‘വർണക്കൂടാരം’ പദ്ധതി പ്രീ-പ്രൈമറി തലത്തിൽ നടപ്പാക്കിയത്.
ഓരോ ചുമതല ഏറ്റെടുക്കുമ്പോഴും പൂർണ പിന്തുണയുമായി പ്രധാനാധ്യാപിക ഡി.ജയശ്രീ അടങ്ങുന്ന അധ്യാപകരും പിടിഎയും തനിക്കൊപ്പമുണ്ടെന്നും അതു തന്റെ പ്രവർത്തനങ്ങൾക്ക് ആവേശവും ഊർജവും പകരുമെന്നും മാഷ് പറയുന്നു. ജില്ലാ പഞ്ചായത്ത് ഹരിശ്രീ വിദ്യാഭ്യാസ സമിതിയംഗം, വിദ്യാഭ്യാസ വികസന സമിതിയംഗം, ഭാഷാധ്യാപക ഏകോപനസമിതി ജില്ലാ ചെയർമാൻ, സംയുക്ത അധ്യാപക സമിതി ജില്ലാ വൈസ് ചെയർമാൻ എന്നിങ്ങനെയുള്ള സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]