തുറവൂർ ∙ ഉയരപ്പാതയിലെ ഗതാഗതക്കുരുക്കിന് ഉത്രാട നാളിൽ അൽപം ശമനമുണ്ടായി.
അവധി ദിവസമായതിനാൽ വലിയ വാഹനക്കുരുക്ക് ദേശീയ പാത 66 ൽ ഉണ്ടായില്ല. അരൂർ ക്ഷേത്രം കവല മുതൽ പള്ളിക്കവല വരെ റോഡിന്റെ ഇരുഭാഗത്തും ഇടയ്ക്ക് അൽപ നേരം നീളുന്ന ഗതാഗത തടസ്സങ്ങളുണ്ടായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ, അർധരാത്രി വരെ നീണ്ട ഗതാഗത പ്രതിസന്ധികളുണ്ടായില്ല.പൊലീസും ഉയരപ്പാത നിർമാണക്കമ്പനിയും ട്രാഫിക് നിയന്ത്രണങ്ങൾക്കായി നിരത്തിലിറങ്ങിയതിനാൽ യാത്രാദുരിതത്തിന് പരിഹാരമായി.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട്, കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങൾ തുറവൂർ –കുമ്പളങ്ങി റോഡ് വഴിയും കൊച്ചിയിൽ നിന്നു ചേർത്തല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴിയും തിരിച്ചു വിടുകയായിരുന്നു. എന്നാൽ ഇരു റോഡുകളും തകർന്നതോടെ വാഹനങ്ങൾ ദേശീയപാതയിലൂടെ പോകുന്നത് ഗതാഗതക്കുരുക്കിന് കാരണമായി.
7 മാസം മുൻപ് ഇരു റോഡുകൾക്കും ദേശീയപാത അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് 8.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ടെൻഡർ നടപടി പൂർത്തിയായില്ല.
അടിയന്തര നടപടി വേണം:കെ.സി.വേണുഗോപാൽ
ആലപ്പുഴ∙ ദേശീയപാതയിൽ അരൂർ -തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ ജംക്ഷൻ മുതൽ തുറവൂർ വരെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി.വേണുഗോപാൽ എംപി.
ഇക്കാര്യമാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ചെയർമാനു കത്ത് നൽകിയ എംപി പ്രശ്നത്തിൽ ഇടപെടണമെന്നു കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി.
ഓണത്തിരക്ക് കൂടിയായതോടെ അരൂർ ക്ഷേത്രം, ബൈപാസ് കവല മുതൽ അരൂക്കുറ്റി, ചന്തിരൂർ എന്നിവിടങ്ങളിലെത്താൻ രണ്ടു മണിക്കൂറോളം സമയമാണെടുക്കുന്നത്. അഞ്ചാമത്തെ റീച്ചായ അരൂർ ക്ഷേത്രം കവല മുതൽ അരൂർ ബൈപാസ് കവല വരെ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്.
നാലുവരിപ്പാതയിൽ ഇരുവശങ്ങളിലും റോഡിന്റെ വീതി കുറഞ്ഞതാണു ഗതാഗതക്കുരുക്കിനു കാരണം. ഇവിടത്തെ ഗുരുതര സാഹചര്യം പരിഗണിച്ച് സമാന്തര റോഡുകളിൽ കൂടി ഗതാഗതം പരമാവധി തിരിച്ചുവിട്ട് യാത്രാദുരിതം പരിഹരിക്കണമെന്നു കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും എംപി ആവശ്യപ്പെട്ടു.
പരീക്ഷണാർഥം പുതിയൊരു വഴി
തുറവൂർ∙ ഉയരപ്പാതയിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ പൊലീസ് പരീക്ഷണാർഥം പുതിയൊരു വഴി തുറന്നു.
അരൂർ ക്ഷേത്രം കവലയിൽ മേൽപാലത്തിനു താഴെ ഗതാഗതം നിരോധിച്ചിരുന്ന ഭാഗത്തെ ബീമുകൾ നീക്കി അരൂക്കുറ്റി ഭാഗത്തു നിന്നും ദേശീയ പാത 66 ലേക്ക് വരുന്ന വാഹനങ്ങൾക്ക് തോപ്പുംപടി, എറണാകുളം റൂട്ടിലേക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് ഗതാഗതം പരിഷ്കരിച്ചത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഹരീഷ് ജെയിൻ, അരൂർ എസ്എച്ച്ഒ:കെ.ജി.പ്രതാപ് ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അരൂർ ക്ഷേത്രം കവലയിൽ പുതിയ ഗതാഗത പരിഷ്കാരം കൊണ്ടു വന്നത്. ഓണക്കാലത്ത് ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതം ഒഴിവാക്കാൻ വിവിധ രാഷ്ട്രീയ കക്ഷികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ ഗതാഗത സൗകര്യം യാഥാർഥ്യമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]