ആലപ്പുഴ∙ ഓട നിർമാണത്തിനായി വെട്ടിപ്പൊളിച്ച ബീച്ച് റോഡ് ചെളിക്കുളമായി; യാത്രക്കാർ ദുരിതത്തിൽ.
മാളികമുക്ക് മുതൽ വിജയ പാർക് വരെയുള്ള ഭാഗത്ത് കൂടിയുള്ള യാത്രയാണ് ദുഷ്കരമായിരിക്കുന്നത്. വളരെ പ്രയാസപ്പെട്ടാണ് ഈ ഭാഗത്ത് കൂടി യാത്രക്കാർ കടന്നു പോകുന്നത്. ഒറ്റ മഴയിൽ തന്നെ ചെളിക്കുളമായി മാറുന്ന റോഡിൽ കാൽനടയാത്രക്കാർ തെന്നി വീഴുന്നത് പതിവായിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽപെടുന്നുണ്ട്.
ഓട നിർമിക്കാൻ റോഡിന്റെ പടിഞ്ഞാറു വശം വെട്ടിപ്പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ മഴ പെയ്യുന്നതോടെ റോഡിലേക്ക് ഒഴുകിയെത്തുന്നതാണ് റോഡ് കുളമാകാനുള്ള കാരണം.
മഴ പെയ്യുമ്പോൾ ബൈപാസിൽ നിന്നുള്ള വെള്ളവും ഇതേ റോഡിലേക്ക് തന്നെയാണ് ഒഴുകിയെത്തുന്നത്.കുട്ടികൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിന് ആളുകൾ വരുന്ന വിജയ പാർക്കിന്റെ പ്രധാന കവാടത്തിലും വെള്ളക്കെട്ടാണ്.
ചെളിയിലൂടെ നടന്നു വേണം പാർക്കിലേക്ക് പ്രവേശിക്കാൻ. ബൈപാസ് നിർമാണത്തിന്റെ ഗർഡറുകൾ ഇറക്കി വച്ചിരിക്കുന്നതിനാൽ പാർക്കിലേക്ക് പ്രവേശിക്കാൻ വേറെ വഴിയില്ല.
ആകെയുള്ള ഈ വഴിയിലാണെങ്കിൽ വെള്ളക്കെട്ടും. ഇതോടെ പാർക്കിലെത്തുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതായി ഡിടിപിസി അധികൃതർ പറഞ്ഞു.
ഓണാവധി, സിപിഐ സംസ്ഥാന സമ്മേളനം, ബീച്ചിൽ നടക്കുന്ന കാർണിവൽ എന്നിവയിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് വരും ദിവസങ്ങളിൽ ബീച്ചിലെത്തുക.
എത്രയും വേഗം ഓടയുടെ നിർമാണം പൂർത്തിയാക്കി ബീച്ച് റോഡിലെ യാത്രാ ദുരിതത്തിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]