കൊരട്ടി ∙ അവധിക്കു നാട്ടിലേക്കു പോകുമ്പോഴെല്ലാം ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പിടിയിൽ.
എൻ.ശങ്കർ ആണു പിടിയിലായത്. പരാതിയെ തുടർന്നു കുറേ നാളായി ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നു വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയപാതയിൽ ചിറങ്ങരയിൽ ഇദ്ദേഹം സഞ്ചരിച്ച കാറിൽ നിന്ന് 50,640 രൂപയും 7 കുപ്പി മദ്യവും ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടി. എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് എൻ.ശങ്കർ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അറസ്റ്റെന്നും അധികൃതർ അറിയിച്ചു. കൈക്കൂലിപ്പണം പിടികൂടിയതു സംബന്ധിച്ചു സംസ്ഥാന ഡയറക്ടറേറ്റിനും സംസ്ഥാന സർക്കാരിനും റിപ്പോർട്ട് നൽകും.
നടപടികൾ പൂർത്തിയാക്കി കോടതിയിലും ചാർജ് ഷീറ്റ് നൽകും.
ഈ മാസം രണ്ടിന് ‘ഓപ്പറേഷൻ സേഫ് സിപ്’ എന്ന പേരിൽ എക്സൈസ് സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ചു വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്നും ചില എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. വിജിലൻസ് ഇൻസ്പെക്ടർ ജയേഷ് ബാലൻ, എഎസ്ഐ സെൽവകുമാർ, സിപിഒമാരായ സൈജു സോമൻ, കെ.ബി.ബിബിഷ്, സിബിൻ, രതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. (കൈക്കൂലി സംബന്ധിച്ച വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ 8592900900 എന്ന നമ്പറിലോ 9447789100 എന്ന വാട്സാപ് നമ്പറിലോ വിജിലൻസിനെ അറിയിക്കാം).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]